കെ റെയിൽ: എം.പിമാരുടെ പിന്തുണതേടി മുഖ്യമന്ത്രി
ആശങ്കയകറ്റണമെന്ന് എം.പിമാർ
തിരുവനന്തപുരം
കെ റെയിൽ പദ്ധതിക്ക് കേരളത്തിൽനിന്നുള്ള എം.പിമാരുടെ പിന്തുണതേടി മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എം.പിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിന്തുണ തേടിയത്.
കേരളത്തിന്റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർ ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന പങ്കു വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
പദ്ധതി സംബന്ധിച്ച ആശങ്കകൾ അകറ്റണമെന്ന് കോൺഗ്രസ് എം.പിമാർ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിന് ധൃതി പിടിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതിനുപകരം പ്രക്ഷോഭം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷും ടി.എൻ പ്രതാപനും ആവശ്യപ്പെട്ടു. ആരൊക്കെ എതിർത്താലും പദ്ധതി നടപ്പാക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടപ്പോൾ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ജോൺ ബ്രിട്ടാസ് അല്ലെന്നും കോൺഗ്രസ് എം.പിമാർ തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."