ഖത്തറിൽ തൊഴിൽ പരിഷക്കരണം പ്രായോഗികമായില്ലെന്ന ആംനസ്റ്റി ആരോപണം തള്ളി ഖത്തർ
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചുവെങ്കിലും അത് പ്രവര്‍ത്തി പഥത്തില്‍ വന്നില്ലെന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ആരോപണം ഖത്തര്‍ തള്ളി. റിയാലിറ്റി ചെക്ക് 2021: എ ഇയര്‍ ടു 2022 വേള്‍ഡ് കപ്പ് എന്ന റിപോര്‍ട്ടിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഖത്തറിനെതിരേ ആരോപണമുന്നയിച്ചത്.
ജോലി മാറുന്നതിനുള്ള തടസ്സങ്ങള്‍ 2020 സപ്തംബറില്‍ നീക്കം ചെയ്ത ശേഷം 242,870 പേര്‍ വിജയകരമായി പുതിയ തൊഴിലുടമയുടെ കീഴിയേല്ക്കു മാറിയതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. നാല് ലക്ഷത്തോളം തൊഴിലാളികള്‍ക്കാണ് മിനിമം വേതന നിമയത്തിന്റെ പ്രയോജനം ലഭിച്ചത്. ഇക്കാര്യങ്ങളൊന്നും ആംനസ്റ്റി റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
2018ല്‍ എക്‌സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ എടുത്ത് കളഞ്ഞതിന് ശേഷം ആയിരക്കണക്കിന് ജീവനക്കാരാണ് തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടുകയും തിരിച്ചുവരികയും ചെയ്തത്. വേതന സംരക്ഷ നിയമത്തിലൂടെ അര്‍ഹരായ 96 ശതമാനം തൊഴിലാളികളും ശമ്പളവുമായി ബന്ധപ്പെട്ട ചൂഷണത്തില്‍ നിന്ന് മുക്തരായി. വിവിധ രാജ്യങ്ങളില്‍ ആരംഭിച്ച വിസാ സെന്ററുകള്‍ തൊഴില്‍ തട്ടിപ്പ് ഒരു പരിധി വരെ ഇല്ലാതാക്കി.
നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നടപടിയാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. 2021 ആദ്യ പകുതിയില്‍ 35,280 പരിശോധനകള്‍ നടത്തി. നിയമലംഘനം നടത്തിയ കമ്പനികള്‍ക്കെതിരേ 13,724 നടപടികള്‍ സ്വീകരിച്ചു.
ഖത്തറിലെ തൊഴില്‍ പരിഷ്‌കരണ നടപടികള്‍ ക്രമാനുഗതമായി നടപ്പില്‍ വന്നുകൊണ്ടിരിക്കുന്നതാണെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പരസ്പര ചര്‍ച്ചയിലൂടെയും ഇടപെടലുകളിലൂടെയും മാത്രമേ ഇത് വിജയിപ്പിക്കാന്‍ സാധിക്കൂ. ആംനസ്റ്റിയുടെ വിമര്‍ശനം അവഗണിച്ച്, തൊഴില്‍ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മൂന്നോട്ട് പോവുമെന്നും ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."