പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുനൈറ്റഡിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒറ്റ ഗോളിനു ഹള്‍ സിറ്റിയേയും കീഴടക്കി.
റഹിം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോള്‍ മികവിലാണ് സിറ്റി വിജയം സ്വന്തമാക്കിയത്. കളി തുടങ്ങി ഏഴാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയ സ്റ്റെര്‍ലിങ് 90ാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി. 18ാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോയും സിറ്റിക്കായി വല ചലിപ്പിച്ചു.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പകരക്കാരന്‍ റാഷ്‌ഫോര്‍ഡ് കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ നേടിയ ഗോളില്‍ വിജയം സ്വന്തമാക്കി രക്ഷപ്പെടുകയായിരുന്നു.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത്. ചെല്‍സി രണ്ടാമതും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
രണ്ടാം ജയം; റയല്‍ ഒന്നാമത്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സെല്‍റ്റ വിഗോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ കീഴടക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 60ാം മിനുട്ടില്‍ ആല്‍വരോ മൊറാറ്റ റയലിനു ലീഡൊരുക്കി. എന്നാല്‍ ഏഴു മിനുട്ട് പിന്നിട്ടപ്പോള്‍ സെല്‍റ്റ സമനില പിടിച്ചു. കളി തീരാന്‍ ഒന്‍പത് മിനുട്ടുകള്‍ ബാക്കി നില്‍ക്കെ മധ്യനിര താരം ടോണി ക്രൂസ് നേടിയ ഗോള്‍ റയലിനു വിജയമൊരുക്കുകയായിരുന്നു.
അതേസമയം നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില പിണഞ്ഞു. ഡിപോര്‍ട്ടീവോ ലെഗനെസാണ് അത്‌ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്.
യുവന്റസിനു രണ്ടാം ജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയപ്പോള്‍ നാപോളി രണ്ടാം മത്സരത്തില്‍ വിജയം കണ്ടു.
യുവന്റസ് മറുപടിയില്ലാത്ത ഒറ്റ ഗോളിനു ലാസിയോയെ കിഴടക്കി.
66ാം മിനുട്ടില്‍ സമി ഖദീര നേടിയ ഗോളിലാണ് ഓള്‍ഡ് ലേഡിയുടെ വിജയം. രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് എ.സി മിലാനെ വീഴ്ത്തിയാണ് നാപോളി സീസണിലെ ആദ്യ സീരി എ വിജയം കുറിച്ചത്.
ആദ്യ മത്സരത്തില്‍ നാപോളിക്ക് സമനില പിണഞ്ഞിരുന്നു. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് നാപോളിയുടെ വിജയം. പോയിന്റ് പട്ടികയില്‍ യുവന്റസ് ഒന്നാം സ്ഥാനത്തും നാപോളി രണ്ടാമതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."