കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്താന്‍ കോടതിയുടെ വധശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാന്‍ അനുമതി
ന്യൂഡല്‍ഹി: ചാരക്കുറ്റം ചുമത്തി പാകിസ്ഥാന്‍ ജയിലിലടച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാം. സൈനിക കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തടസമായിരുന്ന നിയമം പാകിസ്താന്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്തു.
പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റായി പ്രവര്‍ത്തിച്ച് ബലൂചിസ്ഥാനില്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റുചെയ്തത്. ജാദവിന് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചിരുന്നു.
2017 ലാണ് ചാരവൃത്തി ആരോപിച്ച് മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തു. നിയമപരമായ എല്ലാ അവകാശവും ഉറപ്പാക്കണമെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനുള്ള അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ കുല്‍ഭൂഷണ്‍ അപ്പീല്‍ നല്‍കാന്‍ വിസമ്മതിച്ചു എന്നായിരുന്നു പാക് അവകാശവാദം.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക് സര്‍ക്കാര്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് നല്‍കിയിരുന്നു. ഉപാധികളില്ലാതെ സ്വതന്ത്രമായി കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാന്‍ അവസരം നല്‍കണമെന്നും കേസ് രേഖകള്‍ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."