പാലക്കാട് ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിയെ കണ്ടെത്താനാവാതെ പൊലിസ്,രേഖാചിത്രം തയ്യാറാക്കി
പാലക്കാട്: മമ്പറത്ത് ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലിസ്. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തൃശൂര്‍ റേയ്ഞ്ച് ഡിഐജി എ. അക്ബറും യോഗത്തില്‍ പങ്കെടുത്തു. സംഭവം നടന്ന് രണ്ടുദിവസം പിന്നിടുമ്പോള്‍ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നത്.
കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാം സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പെരുവമ്പ് എന്ന സ്ഥലത്ത് വരെ ആക്രമിസംഘം സഞ്ചരിച്ചു എന്ന് കരുതുന്ന കാര്‍ എത്തിയിരുന്നു. ശേഷം കൃത്യം നടന്ന മമ്പറത്ത് ഏഴുമണിയോടെ എത്തിയെന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കാര്‍ തത്തംമംഗലം വഴി വന്നതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അങ്ങനെയാണെങ്കില്‍ അത് കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാകാമെന്നും പൊലീസ് കരുതുന്നുണ്ട്.
പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍നിന്ന് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ നാല് വാളുകള്‍ കണ്ടെടുത്തിരുന്നു. കണ്ണനൂരില്‍നിന്ന് കുഴല്‍മന്ദം ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലെ കലുങ്കിന് താഴെ ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞ നിലയിലായിരുന്നു വാളുകള്‍. കണ്ടെടുത്ത വാളുകളില്‍ രക്തപ്പാടുകളുണ്ട്. വാളുകള്‍ കണ്ടെത്തിയ സ്ഥലത്തും വെളുത്ത കാറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."