'കങ്കണ വിളമ്പുന്ന വിഢിത്തങ്ങള്‍ ന്യായീകരിക്കലല്ല എന്റെ പണി; അത് സംഘികളുടെ ബാധ്യത': തുറന്നടിച്ച് മഹുവ മൊയിത്ര
ന്യൂഡല്‍ഹി: നടി കങ്കണ റണാവത്ത് വിളമ്പുന്ന വിഢിത്തങ്ങള്‍ ന്യായീകരിക്കല്‍ തന്റെ പണി അല്ലെന്ന് മഹുവ മൊയിത്ര. അതിന് സംഘികളുണ്ടെന്നും അതവരുടെ ബാധ്യതയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചു. ശരിയായ രീതിയില്‍ ചിന്തിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി സംസാരിക്കാനാണ് തന്നെ തെരഞ്ഞെടുത്തതെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
'എല്ലാ വിഢിത്തങ്ങള്‍ക്കും വേണ്ടി ഞാന്‍ നില്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. ശരിയായ രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. വിഢിത്തങ്ങളെ പിന്തുണക്കാന്‍ സംഘികളുണ്ട്. കങ്കണയെ പോലുള്ളവര്‍ക്ക് അവരുടെ ആളുകളുണ്ട് പ്രതിരോധിക്കാന്‍'- മഹുവ പറഞ്ഞു. കൊമേഡിയന്‍ വീര്‍ ദാസിനെ പിന്തുണച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചാനലുകളുടെ ചോദ്യം.
കൊമേഡിയന്‍ വീര്‍ ദാസിന്റെ 'രണ്ടു തരം ഇന്ത്യ' പരാമര്‍ശം വിവാദമായപ്പോള്‍ വീര്‍ ദാസിനെ പിന്തുണച്ച് മഹുവ രംഗത്തെത്തിയിരുന്നു. ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസ് വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ നടത്തിയ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടി ഇന്ത്യയെ അപമാനിക്കുന്നതാണെന്ന പരാതിയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. 'ഞാന്‍ രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നത്' എന്ന തലക്കെട്ടിലായിരുന്നു പരിപാടിയുടെ വീഡിയോ പ്രചരിച്ചത്. കൊവിഡ്, ബലാത്സംഗ കേസുകള്‍, കൊമേഡിയന്മാര്‍ക്കെതിരെയുള്ള കേസുകളും നടപടികളും, കര്‍ഷക സമരം എന്നിവയൊക്കെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. രാജ്യത്തെ അപമാനിച്ച് പണം കണ്ടെത്തുകയാണ് വീര്‍ ദാസെന്നായിരുന്നു സംഘ്പരിവാര്‍ വൃത്തങ്ങള്‍ പ്രധാനമായും ആരോപിച്ചത്.
അതേസമയം, തന്റെ ഉദ്ദേശം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പ്രതികരിച്ചു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് വ്യക്തമാക്കിയിരുന്നു.
കങ്കണയുടെ, '1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' എന്ന പരാമര്‍ശമായിരുന്നു അടുത്തിടെ വിവാദമായത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."