വാഗൺ കൂട്ടക്കൊലക്ക് ഒരു നൂറ്റാണ്ട് ; പ്രാണവായു പോലും നിഷേധിച്ച ഭീകരത
ഐ.പി അബു പുതുപ്പള്ളി
തിരൂർ
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അതിദാരുണ സംഭവങ്ങളിലൊന്നായ വാഗൺ കൂട്ടക്കൊലക്ക് ഒരു നൂറ്റാണ്ട്. 1921 നവംബർ 19നാണ് എഴുപതോളം പേർ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട സംഭവം നടക്കുന്നത്. മലബാർ സമരം ജ്വലിച്ചുനിൽക്കുന്ന സാഹചര്യത്തിൽ പിടിക്കപ്പെട്ടവരെ താമസിപ്പിക്കാൻ മലബാറിലെ ജയിലുകളിൽ ഇടമില്ലാതെ വന്നു.
ഈ അവസരത്തിലാണ് 97 മുസ്ലിംകളെയും മൂന്ന് ഹൈന്ദവരെയും ചരക്കുവാഗണിൽ കുത്തിനിറച്ച് തിരൂരിൽനിന്ന് 180 കിലോമീറ്റർ ദൂരമുള്ള കോയമ്പത്തൂരിലെ പോത്തനൂരിലേക്ക് ട്രെയിൻ പാഞ്ഞത്. ആദ്യം കന്നുകാലികളെ കയറ്റുന്ന ട്രെയിനിലാണ് കൊണ്ടുപോകാൻ തീരുമാനിച്ചതെങ്കിലും സുരക്ഷിതമല്ലെന്ന് തോന്നിയതോടെ ചരക്കുവാഗൺ തിരഞ്ഞെടുക്കുകയായിരുന്നു.
സമരപോരാളികളെ പുറമെനിന്ന് കാണുന്നത് തടയാനും ചരക്കുവാഗൺ സഹായകമായി.
മദ്രാസ് ആൻഡ് സൗത്ത് മറാട്ടയുടെ എം.എസ്.എൽ.സി.വി 1711 വാഗണിലാണ് സായുധ പട്ടാളക്കാരോട് പോരാടിയതിന്റെ പേരിൽ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും സാധരണക്കാരെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. പാണ്ടിക്കാട് ചന്ത കൈയേറി, പുലാമന്തോൾ പാലം പൊളിച്ചു എന്നിവയായിരുന്നു ആരോപിതകുറ്റം.
19നു രാവിലെ നാലുപേരെ വീതം കൂട്ടമാക്കി മലപ്പുറത്ത് എത്തിച്ച് വൈകീട്ടോടെ തിരൂർ റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട വാഗണിൽ കുത്തിനിറച്ചു.
സ്റ്റേഷൻ വിട്ടപ്പോൾ തന്നെ തടവുകാർക്ക് ദാഹിച്ചു, പ്രാണവായു കിട്ടാതെ മരണവെപ്രാളം കാണിക്കുകയും ചെയ്തു. 15 മിനുറ്റ് ഷൊർണൂരിലും ഒലവക്കോടും നിറുത്തിയെങ്കിലും തടവുകാരുടെ രോദനം പൊലിസുകാർ ചെവികൊണ്ടില്ല.
20നു പുലർച്ചെ വാഗൺ കോയമ്പത്തൂർ എത്തിയപ്പോഴേക്കും 64 പേർ മൃതിയടഞ്ഞു. ആണിവീണ നേരിയ പഴുതിലൂടെ ജീവവായു ലഭിച്ചവരിൽ എട്ടുപേർ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന്റെ മുമ്പ് മരണം പ്രാപിച്ചു.
പട്ടാളനിയമം നിലവിലുള്ളതിനാൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മറവുചെയ്യാൻ എത്തിയിരുന്നില്ല. തിരൂരിലെ പൗരപ്രമുഖൻ കൈനിക്കര മമ്മി ഹാജി കലക്ടറുമായി സംസാരിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ മറവുചെയ്തത്.
കൊല്ലപ്പെട്ടവരെ തിരൂർ കോരങ്ങത്ത്, കോട്ട് എന്നീ ജുമുഅത്ത് പള്ളികളുടെ ഖബർസ്ഥാനിലും ഹൈന്ദവപോരാളികളെ മുത്തൂർ ശ്മശാനത്തിലുമാണ് മറവ് ചെയ്തത്. ജാലിയൻ വാലാബാഗിനു സമാനമായ കൂട്ടക്കുരുതിയാണ് വാഗൺ കൂട്ടക്കൊലയുമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."