ജയം നൽകുന്ന സമരസാധ്യതകൾ
കെ.ഇ ഇസ്മായിൽ
കർഷകസമരം വിജയിച്ചതിലൂടെ മോദിയുടെ പെരുംനുണകളാണ് പൊളിഞ്ഞിരിക്കുന്നത്. ഞാനാണ് ശരി, എനിക്ക് തെറ്റ് പറ്റുകയില്ല, അതിനാൽ എന്റെ എല്ലാ നയങ്ങളും തീരുമാനങ്ങളും ജനങ്ങൾ മനസിലേറ്റും എന്നതായിരുന്നു മോദിയുടെ കാഴ്ചപ്പാട്. ഇതിനെതിരായി നിലപാടുകൾ സ്വീകരിക്കുന്നവരെയെല്ലാം ദേശദ്രോഹികളുടെ പട്ടികയിൽപ്പെടുത്താനാണ് മോദി ശ്രമിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലും പ്രധാനമന്ത്രിയായി അധികാരനടത്തിപ്പ് ചെയ്തുവരുമ്പോഴും ഈ നിലപാട് തന്നെയായിരുന്നു മോദിയുടേത്. ഉറച്ചതും ഏകാധിപത്യപരവുമായ നിലപാടുകളിൽ നിന്നാണ് മോദിക്ക് പിന്നോട്ട് നടക്കേണ്ടിവന്നത്. ഇൗ പിന്നോട്ട് നടത്തം ഇന്ത്യൻ ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിന് കരുത്ത് പകരുന്നതാണ്. കരുത്ത് നൽകിയത് മോദിയല്ല. പകരം, ഒരു വർഷമായി രാജ്യത്ത് പ്രക്ഷോഭം നയിക്കുന്ന കർഷകസമൂഹമാണ്.
നിരവധിയായ ത്യാഗങ്ങൾ സഹിച്ചുകൊണ്ടുള്ള സമരമായിരുന്നു കർഷകരുടേത്. അവരിൽ അടിച്ചേൽപ്പിച്ച കാർഷിക പരിഷ്‌കരണ നിയമം പിൻവലിച്ച് ജനാധിപത്യ രാജ്യത്തിലെ ഏറ്റവും വലിയ ഏകാധിപതി രാജ്യത്തെ അഭിസംബോധന ചെയ്തത് എന്തുകൊണ്ടും സന്തോഷകരമായ ഒരനുഭവമാണ്. അഭിസംബോധനയിൽ അദ്ദേഹം കർഷകരോട് മാപ്പ് ചോദിക്കുകയും ചെയ്തിരിക്കുന്നു. കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിക്കുമ്പോഴും ക്ഷമാപണം നടത്തുമ്പോഴും മോദിയുടെ മുഖത്തിന് മോഡിയില്ലായിരുന്നു. തന്റെ ശരികളെ തെറ്റെന്ന് ഉറക്കെ സ്ഥാപിക്കുന്നതിനുള്ള ജനശക്തി രാജ്യത്ത് ശക്തമായിരിക്കുന്നുവെന്ന ഭീതി ആ മുഖത്തുണ്ടായിരുന്നു. വേണമെങ്കിൽ കേന്ദ്ര കൃഷിവകുപ്പ് മന്ത്രിക്ക് ഈ തീരുമാനം അറിയിക്കാമായിരുന്നു. അതിനുപകരം പ്രധാനമന്ത്രി തന്നെ രംഗത്തുവന്നത് കർഷകസമരം ഏൽപ്പിച്ച രാഷ്ട്രീയാഘാതമായിരിക്കാം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടികൾ മാത്രമല്ല, മോദിയെയും സംഘത്തെയും ഈ തീരുമാനത്തിൽ എത്തിച്ചത്. സമീപ സമയങ്ങളിൽ മോദിയടക്കം പങ്കെടുക്കുന്ന പൊതുപരിപാടികളിലെ ജനപങ്കാളിത്തക്കുറവും കാരണമായിട്ടുണ്ട്. മോദിയുടെ നാളിതുവരെയുള്ള രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ പ്രകടമായി വ്യക്തമാകുന്ന ഒന്നുണ്ട്, അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് തിരിച്ചടിയേറ്റാൽ അവസരം ലഭ്യമാകുമ്പോൾ കൂടുതൽ കരുത്തോടെ ആ തീരുമാനം നടപ്പാക്കുമെന്നത്.എന്നാൽ, ഈ വിഷയത്തിൽ അത് സാധ്യമാണെന്ന് തോന്നുന്നില്ല.
മോദിയുടെ എല്ലാ സ്വഭാവങ്ങളും കൃത്യമായി മനസിലാക്കി തന്നെയാണ് സമരനേതാക്കൾ പ്രതികരിച്ചിരുന്നത് എന്നത് ഇതിന്റെ തെളിവാണ്. തീരുമാനം നിയമപരമായി നടപ്പിലാക്കുന്നതുവരെ സമരം തുടരുമെന്ന തീരുമാനമാണ് കർഷകനേതാക്കളുടേത്.
സമര വിജയം ഇന്ത്യൻ ജനാധ്യപത്യത്തിന് ഏറെ ദീർഘായുസാണ് നൽകപ്പെട്ടിരിക്കുന്നത്. ലോകം കണ്ടതിൽവച്ചു ഏറ്റവും വലിയ സമീപകാല പ്രക്ഷോഭം എന്ന പേരാണ് ഈ സമരത്തിന് ചേരുക. ഈ സമരം രാജ്യത്തിന് നൽകുന്ന പാഠങ്ങൾ അനവധിയാണ്. മോദിയും സംഘവും പാഠം പഠിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി പഠിക്കേണ്ടത് രാജ്യത്തെ പ്രതിപക്ഷപ്രസ്ഥാനങ്ങളാണ്. പ്രത്യേകിച്ച് മുഖ്യധാരാപ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി. മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിച്ച് ജനകീയ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാൽ വരുംകാലത്ത് ഹിന്ദുത്വരാഷ്ട്രീയം പ്രതിസന്ധിയിലാവുകതന്നെ ചെയ്യും. തീവ്രഹിന്ദുത്വത്തിന് അതിവേഗത കൈവരുന്ന വടക്കേ ഇന്ത്യയിലാണ് ഈ സമരത്തിന്റെ വിജയമെന്നത് ഏറെ പ്രാധാന്യം നൽകുന്നതാണ്. ഇന്ത്യൻ ഇടതുപക്ഷത്തിനും കർഷകത്തൊഴിലാളി അവകാശപോരാട്ടങ്ങളിൽ നിർണായകമായ പങ്കാളിത്തമാണ് നിലനിൽക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും വളവുകളിൽ അകപ്പെട്ടു പോകാതെ ആശയ അടിത്തറയുടെ നേരിൽ അണിചേർന്നതാണ് ഈ സമരത്തിന്റെ വിജയ നിദാനമായത്. ദേശീയ മാധ്യമങ്ങൾ തമസ്‌കരിച്ചിട്ടും സമരം മുന്നോട്ട് പോയത് ഇതൊരു സർഗാത്മക സമരം എന്നതുകൊണ്ട് കൂടിയാണ്. ഡൽഹി പോലെ അധികാരകേന്ദ്രയിടത്തിൽ നിരവധി പ്രകോപനങ്ങൾ ഉണ്ടായിട്ടും വലിയ അക്രമങ്ങളിലേക്ക് സമരം വഴിതെറ്റിപ്പോയിരുന്നില്ല. വേണമെങ്കിൽ സമരത്തിനൊപ്പം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാമായിരുന്നു. പാടത്ത് പണിയെടുത്ത് കൊണ്ട് തന്നെയാണ് ആ സമൂഹം പെരുവെയിലത്തും കൊടുംതണുപ്പിലും കൊടിയേന്തിയത്.
നോട്ട് നിരോധനത്തിന്റെ കെടുതികൾ, കൊവിഡ് കാലത്തെ ജീവിത പ്രതിസന്ധികൾ, ഇന്ധനവില വർധനവിന്റെ ബുദ്ധിമുട്ടുകൾ, തൊഴിലാളി വർഗത്തെ ഇല്ലാതാക്കുന്ന നയസമീപനങ്ങൽ, പൗരത്വനിയമമടക്കമുള്ള പൗരപ്രശ്‌നങ്ങൾ രാജ്യത്ത് നിലനിൽക്കുകയാണ്. ഈ പ്രശ്‌നങ്ങളിൽ കൂടി രാഷ്ട്രീയബോധമുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവരാനും ശക്തി പ്രാപിക്കാനുമുള്ള കരുത്താണ് ഈ കർഷകസമര വിജയം ഇന്ത്യൻ ജനാധിപത്യത്തിന് നൽകിയിരിക്കുന്നത്.
കർഷക സമരം വിജയിക്കുമ്പോഴും പ്രധാനപ്പെട്ട ചില സംഗതികൾ ഓർത്തിരിക്കേണ്ടതുണ്ട്. അതിൽ പ്രധാനം രാജ്യത്തിന്റെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളാണ്, രാജ്യം നേടിയ സ്വാതന്ത്ര്യത്തെ തിരസ്‌കരിച്ചുള്ള ചരിത്രബോധം തീർക്കാനാണ് സംഘ്പരിവാർ രാഷ്ട്രീയം പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കില്ലാത്ത സംഘ്പരിവാർ പ്രസ്ഥാനം മോദിയുടെ ദേശീയ അധികാരത്തിന് ശേഷമാണ് ഇന്ത്യ നിർമിക്കപ്പെട്ടതെന്ന ആശയമാണ് പ്രചരിപ്പിക്കുന്നത്. രാഷ്ട്രപിതാവിനെ പോലും ഇതിന്റെ പേരിൽ അവർ നിരന്തരം വിമർശിക്കുന്നു. ഇതിനാൽ രാജ്യത്ത് കാർഷിക തൊഴിലാളി വർഗസമരം മാത്രമല്ല ഉയർന്നുവരേണ്ടത്. രാജ്യത്തിന്റെ ചരിത്രം വീണ്ടെടുക്കുന്ന വലിയ പ്രക്ഷോഭം കൂടി ഉയർന്നുവരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."