കർഷകസമരം ; നയിച്ചും ജയിച്ചും ഇവർ മൂന്നുപേർ
ന്യൂഡൽഹി
ഡൽഹി അതിർത്തികളിലെ കർഷകസമരത്തെ പഞ്ചാബ്, ഹരിയാന, യു.പി എന്നീ സംസ്ഥാനങ്ങളിലെ കർഷകരുടെ ജീവന്മരണ പോരാട്ടമാക്കി വളർത്തിയത് പ്രധാനമായും മൂന്ന് നേതാക്കളാണ്.
പഞ്ചാബിൽ നിന്നുള്ള ഭാരതീയ കിസാൻ യൂനിയൻ നേതാവ് ബൽബീർ സിങ് രാജേവാൾ, ഭാരതീയ കിസാൻ യൂനിയന്റെ ഹരിയാനയിൽ നിന്നുള്ള നേതാവ് ഗുർനാംസിങ് ചറൂനി, യു.പിയിൽ നിന്നുള്ള ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് എന്നിവരാണവർ. ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും കർഷകരെ എത്തിച്ച് സമരം സജീവമാക്കി നിർത്തുന്നതിൽ ഇവർ വഹിച്ച പങ്കാണ് കർഷകസമരത്തിന്റെ ചരിത്ര വിജയത്തിന് അടിസ്ഥാനമായത്.
പഞ്ചാബിൽ നിന്നുള്ള എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഭഗത് പുരാൻ സിങ് ജനിച്ച രാജേവാൾ രോഹ്‌നു ഗ്രാമത്തിലാണ് ബൽബീർ സിങ്ങിന്റെ ജനനം. കാർഷിക നിയമങ്ങളുടെ ആദ്യരൂപമായ മൂന്നു ഓർഡിനൻസുകൾക്കെതിരേ പഞ്ചാബിൽ സമരം തുടങ്ങിയപ്പോൾ മുന്നിൽനിന്നതും ഗ്രാമങ്ങൾ കയറിയിറങ്ങി കർഷകരെ സമരത്തിനായി സജ്ജമാക്കിയതും 79കാരനായ രാജേവാളായിരുന്നു.
ഡൽഹിയിലെ റഖബ് ഗഞ്ച് ഗുരുദ്വാരയിൽ നടന്നൊരു യോഗത്തിലാണ് കർഷക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. അതിന് നേതൃത്വം നൽകിയത് രാജേവാളാണ്. രാജേവാളിനൊപ്പം അന്നത്തെ യോഗത്തിൽ പങ്കെടുത്തത് വളരെക്കുറച്ച് കർഷക നേതാക്കളാണ്. അതിലൊരാളായിരുന്നു ഗുർനാംസിങ് ചറൂനി. സമരത്തെ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ വെല്ലുവിളികളെ അതിജീവിച്ച് സജീവമാക്കിയത് ഗുർനാംസിങ് ചറൂനിയുടെ മിടുക്കാണ്. സർക്കാരിന്റെ എതിർപ്പുകൾ അവഗണിച്ച് 70 പിന്നിട്ട ചറൂനി ഹരിയാനയിലെ ഗ്രാമങ്ങളിൽ സഞ്ചരിച്ച് കർഷകരെ സംഘടിപ്പിക്കുകയും സമരം സജീവമാക്കുകയും ചെയ്തു.
കർഷകർക്ക് ജലപീരങ്കിയും ലാത്തിച്ചാർജും അടക്കമുള്ള കനത്ത പ്രയാസങ്ങൾ നേരിടേണ്ടിവന്നത് ഹരിയാനയിലാണ്. പഞ്ചാബിലും ഹരിയാനയിലും മാത്രം നടന്നിരുന്ന കർഷകസമരം ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഹിന്ദി ഹൃദയഭൂമിയിലേക്ക് കൊണ്ടുവന്നതാണ് രാകേഷ് ടിക്കായത്തിന്റെ മിടുക്ക്. സിൻഗുവിലും തിക്‌റിയിലും മാത്രമായിരുന്ന സമരത്തെ യു.
പിയിലെ ഗാസിപൂരിലും ശക്തമാക്കിയ ടിക്കായത്ത്, മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച് യു.പിയിലെ ബി.ജെ.പി വോട്ടുബാങ്കിൽ വരെ വിള്ളൽവീഴ്ത്തി. ഒരു വേള ഗാസിപൂരിലെ സമരം ഒഴിപ്പിക്കാൻ യു.പി സർക്കാർ നോട്ടിസ് നൽകുകയും പൊലിസിനെ വിന്യസിക്കുകയും ചെയ്തു.
എന്നാൽ, അന്ന് രാത്രി കാമറകൾക്ക് മുന്നിൽ ടിക്കായത്ത് പൊഴിച്ച കണ്ണീരിൽ യു.പിയിലെ കർഷകർ ഇളകിമറിഞ്ഞു. ആ ഒറ്റ രാത്രി കൊണ്ട് ടിക്കായത്ത് രക്ഷിച്ചത് കർഷകസമരത്തെ മൊത്തത്തിലായിരുന്നു. ഗാസിപൂർ പ്രതിസന്ധിയാകട്ടെ രാകേഷിനെ രാജ്യമറിയുന്ന നേതാവാക്കി മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."