പ്ലസ് വണ്‍: മലബാറില്‍ ഫുള്‍ എപ്ലസ് നേടിയവര്‍ ഇപ്പോഴും പുറത്ത്
ടി. മുംതാസ്
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നും രണ്ടും ജനറല്‍ അലോട്ട്മെന്റും സപ്ലിമെന്ററി അലോട്ട്മെന്റും ട്രാന്‍സ്ഫറും കഴിഞ്ഞിട്ടും മലബാറില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഇപ്പോഴും പുറത്തുന്നു നില്‍ക്കുന്നതായി സര്‍വേ. മലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 568 കുട്ടികളില്‍ 407 കുട്ടികള്‍ക്ക് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം കിട്ടിയില്ല. ഇതില്‍ 58 കുട്ടികള്‍ എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് നേടിയവരാണ്. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കാണിത്. യഥാര്‍ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നും മൂവ്മെന്റ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷിച്ചവര്‍ക്കെല്ലാം നീന്തല്‍ സര്‍ട്ടിഫിക്കറ്റില്‍ ബോണസ് മാര്‍ക്ക് നല്‍കിയതും അപേക്ഷകരുടെ ആവശ്യത്തിന് അനുസരിച്ച് ബാച്ചുകള്‍ അനുവദിക്കുന്നതിലെ അശാസ്ത്രീയതയുമാണ് ഇത്തരത്തില്‍ മിടുക്കരായ കുട്ടികള്‍ സീറ്റ് ലഭിക്കാതെ പുറത്തിരിക്കാന്‍ കാരണം.
അതേസമയം മലബാറില്‍തന്നെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും പലസ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടിക്കുന്നുണ്ട്. പ്രവേശനം കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയായതിനാല്‍ സമീപത്തെ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും സീറ്റ് ലഭിക്കാതെ പുറത്തിരിക്കേണ്ട അവസ്ഥയാണ് വിദ്യാര്‍ഥികള്‍ക്ക്. പത്തിലധികം സീറ്റുകള്‍ വരെ ഒഴിഞ്ഞുകിടക്കുന്ന സ്‌കൂളുകളുകള്‍ മലബാറില്‍ തന്നെയുണ്ട്. ഈ സീറ്റുകളിലേക്ക് രണ്ടാമത് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞിട്ടേയുള്ളു. ഇന്നുമുതല്‍ പ്രവേശനം നടക്കും. ചില മാനേജ്മെന്റ് സ്‌കൂളുകള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ക്ക് പണം ആവശ്യപ്പെടുന്നതായും രക്ഷിതാക്കള്‍ പറയുന്നു. ഈ അലോട്ട് മെന്റ് കഴിഞ്ഞതിന് ശേഷമാവും സീറ്റ് അപര്യാപ്തത തിട്ടപ്പെടുത്തി അധിക ബാച്ചുകള്‍ അനുവദിക്കുക. 15 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. സ്‌കൂളുകള്‍ കണ്ടെത്തി ബാച്ചുകള്‍ അനുവദിച്ച് പ്രവേശനം നടത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസത്തെ അധ്യായനമെങ്കിലും നഷ്ടപ്പെടും.
അധിക ബാച്ചുകള്‍ എവിടെയെല്ലാമാണ് ആവശ്യമുള്ളതെന്ന കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയില്‍ ഉണ്ടായിട്ടും അധിക ബാച്ചുകള്‍ അനുവദിക്കാന്‍ വൈകുന്നതും വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല യൂനിവേഴ്സിറ്റി പ്രവേശന നടപടികള്‍ പോലെ മൂന്ന് കേന്ദ്രീകൃത അലോട്ട്മെന്റിന് ശേഷം സ്‌കൂളുകള്‍ക്ക് സ്പോര്‍ട്ട് അഡ്മിഷന് അനുമതി നല്‍കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ ഒരു പരി?ധി വരെ
പരിഹരിക്കാനാവുമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."