ഗോവയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകി കോൺഗ്രസ്
പനാജി
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് മുൻതൂക്കം. ഈ മാസം അവസാനത്തോടെ പട്ടിക പുറത്തിറങ്ങും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാമുഖ്യം നൽകുന്ന പട്ടികയായിരിക്കുമെന്ന് ഗോവ പി.സി.സി അധ്യക്ഷൻ ഗിരിഷ് ചോഡൻകർ പറഞ്ഞു. പരാജയപ്പെട്ട മുൻ എം.എൽ.എമാർ, മറ്റു പാർട്ടികളിൽ ചേർന്ന് തിരികെയെത്തിയവർ എന്നിവർക്ക് സീറ്റുണ്ടാകില്ല.
സ്ഥാനാർഥി പട്ടിക എ.ഐ.സി.സിയുടെ പരിഗണനയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പട്ടികയിലെ 70 മുതൽ 80 ശതമാനം പേരും യുവാക്കളും പുതുമുഖങ്ങളുമാകും. അടുത്ത ഫെബ്രുവരിയിലാണ് ഗോവയിൽ തെരഞ്ഞെടുപ്പ്. ബ്ലോക്ക് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017ലെ തെരഞ്ഞെടുപ്പിൽ ഗോവയിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റ് നേടിയിരുന്നു. 40 അംഗ നിയമസഭയിൽ 17 സീറ്റാണ് കോൺഗ്രസ് നേടിയത്. എന്നാൽ, 13 സീറ്റ് നേടിയ ബി.ജെ.പി മറ്റു ചെറുകക്ഷികളെ കൂട്ടുപിടിച്ച് അധികാരം പിടിക്കുകയായിരുന്നു. ഇത്തവണ മറ്റു കക്ഷികളുമായി തെരഞ്ഞെടുപ്പിന് മുൻപ് സഖ്യം ഉണ്ടാക്കുമോയെന്ന ചോദ്യത്തിന് കോൺഗ്രസ് പി.സി.സി അധ്യക്ഷൻ മറുപടി നൽകിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."