താലൂക്ക് ആശുപത്രിയുടെ വികസനം: മന്ത്രിയുമായി ഇന്ന് ചര്‍ച്ച
പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിയുടെയും നിര്‍മാണം പൂര്‍ത്തിയായ മാതൃ ശിശു ആശുപത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ഇന്നു തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ ചേംബറിലാണു യോഗം.
ആശുപത്രിയുടെ സമഗ്ര വികസനത്തിനു ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി മെട്രോമാന്‍ ഇ. ശ്രീധരനുമായി അദ്ദേഹത്തിന്റെ വിട്ടില്‍ വെച്ചു ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം അഞ്ചിനു ഡിഎംആര്‍സി പ്രതിനിധികള്‍ ആശുപത്രി സന്ദര്‍ശിക്കും.
ഇതിന്റെ മുന്നോടിയായാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നത്.
പൊന്നാനി താലൂക്കാശുപത്രിയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയാറാക്കുക .
ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ഡിജിറ്റല്‍ എക്‌സറേ സംവിധാനം വൈകിട്ട് ആറു വരെ പ്രവര്‍ത്തിപ്പിക്കാനും നേരത്തേ നടന്ന എച്ച് എന്‍ സി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതെല്ലാം ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാവും. നിലവില്‍ ഉച്ചവരെ മാത്രമാണ് എക്‌സറേ ലാബ് പ്രവര്‍ത്തിക്കുന്നത് .പുതിയ ഒരു സ്റ്റാഫിനെക്കൂടി നിയമിച്ച് ലാബിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും തീരുമാനമായി. ഇതും യോഗത്തില്‍ അംഗീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."