ഏക സിവിൽ കോഡ് ആവശ്യം ഉപേക്ഷിക്കണം
ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് സംഘ്പരിവാറിനും ബി.ജെ.പിക്കും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പല രാഷ്ട്രങ്ങളും വൈവിധ്യങ്ങളെ അംഗീകരിക്കുകയും സിവിൽ നിയമങ്ങളിലെ വ്യത്യസ്തതകളെ വിവേചനമായി കാണാൻ പാടില്ലെന്ന നിലപാടിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് പഴകിപ്പുളിച്ച ഏക സിവിൽ കോഡ് മുദ്രാവാക്യം ഓരോ തെരഞ്ഞെടുപ്പു വേളകളിലും സംഘ്പരിവാർ പയറ്റുന്നത്. വ്യത്യസ്തതകളെ ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ കരുത്തായി ലോകം വിലയിരുത്തുമ്പോഴും ഏക സിവിൽ കോഡിൽ പിടിച്ച് കേന്ദ്രസർക്കാരും സംഘ്പരിവാറും ഇപ്പോഴും തൂങ്ങിയാടുകയാണ്. ഇന്ത്യ പോലുള്ള വിവിധ മതവിശ്വാസികളും സംസ്കാരവും ആചാരനുഷ്ഠാനങ്ങളുമുള്ള രാജ്യത്ത് ഏക വ്യക്തിനിയമം ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുമെന്ന് കരുതിയാണ് ഭരണഘടനാശിൽപികൾ വ്യത്യസ്ത മതവിഭാഗങ്ങൾക്ക് അവരുടെ മതവിശ്വാസത്തിനനുസരിച്ച വ്യക്തിനിയമങ്ങൾ പിന്തുടരാമെന്ന് ഭരണഘടനയിൽ എഴുതിച്ചേർത്തത്. വിവാഹകാര്യത്തിൽ മാത്രം ഊന്നുന്നതല്ല ഭരണഘടന വിഭാവനം ചെയ്യുന്ന ഓരോ മതവിഭാഗത്തിനുമുള്ള വ്യക്തിനിയമങ്ങൾ. എല്ലാവർക്കും ബാധകമാകുന്ന വ്യക്തിനിയമം നടപ്പായാൽ ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ കെട്ടുറപ്പിനെയായിരിക്കും അത് ബാധിക്കുക.
ഒരു രാജ്യം, ഒരൊറ്റ ജനത എന്ന നമ്മുടെ പൈതൃകത്തെ പരിപോഷിപ്പിക്കുന്നതല്ല ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ഒരു രാജ്യം ഒരു നിയമം എന്ന മുദ്രാവാക്യം. ഏക സിവിൽ കോഡ് നൈതികമല്ല. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരാണത്. പൗരന്മാർക്ക് ഏത് മതം അനുസരിച്ചും ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്.
കഴിഞ്ഞദിവസം ചേർന്ന മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ 27ാമത് പൊതുസെഷൻ അംഗീകരിച്ച പ്രമേയത്തിലും ഈ വസ്തുത ഊന്നിപ്പറയുന്നുണ്ട്. ഏക സിവിൽ കോഡ് നേരിട്ടോ പരോക്ഷമായോ പൂർണമായോ ഭാഗികമായോ നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കരുതെന്നും അത് അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞദിവസം ചേർന്ന ബോർഡ് യോഗം സർക്കാരിനെ ഓർമപ്പെടുത്തിയിരിക്കുകയാണ്. ഒരു സമൂഹത്തെയോ സമുദായത്തെയോ ബാധിക്കുന്ന സിവിൽ നിയമത്തിൽ മാറ്റംവരുത്തണമെങ്കിൽ ആ സമുദായത്തിൽ നിന്നുള്ള പണ്ഡിതന്മാരാണ് ആവശ്യപ്പെടേണ്ടത്. മതചര്യകളെയും മതഗ്രന്ഥങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും വ്യാഖ്യാനിക്കേണ്ടത് സർക്കാരോ കോടതികളോ അല്ല. ആ മതവിഭാഗങ്ങളിലെ പണ്ഡിതരാണ്.
ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും ഒരൊറ്റ വ്യക്തിനിയമം എന്നാണ് ഏക സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്ക്കെല്ലാം ഏകീകൃതമായ ഒരു നിയമം കൊണ്ടുവന്നാൽ ബഹുസ്വര സമൂഹമായ ഇന്ത്യയിൽ അത് സംഘർഷമുണ്ടാക്കുമെന്നതിൽ സംശയമില്ല. വിഘടനവാദത്തിലേക്കും വിധ്വംസക പ്രവർത്തനത്തിലേക്കുമായിരിക്കും അത് ചെന്നെത്തുക. ഈ അപകടം ഭരണഘടനയുടെ മുഖ്യ ശിൽപിയായ ബി.ആർ അംബേദ്കർ മുൻകൂട്ടി കണ്ടതുകൊണ്ടാണ് ഭരണഘടനയിൽ വിവിധ മതവിഭാഗങ്ങൾക്ക് വ്യത്യസ്ത സിവിൽ നിയമങ്ങൾ ചേർക്കാൻ അദ്ദേഹം മുൻകൈയെടുത്തത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം പടിവാതിൽക്കലിൽ എത്തിനിൽക്കുന്ന ഈ വേളയിൽ വിവിധ മത വിഭാഗങ്ങൾ വ്യത്യസ്ത മതാചാരങ്ങൾ പുലർത്തിപ്പോരുന്നതുകൊണ്ട് പ്രത്യേകിച്ചൊരു സാമൂഹിക പ്രതിസന്ധിയും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരമായ കാര്യങ്ങൾ വ്യത്യസ്തമാണ്. മുസ്‌ലിം വ്യക്തിനിയമം ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്നത് വിശുദ്ധ ഖുർആന്റെ അടിസ്ഥാനത്തിലാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 44ന്റെ ലക്ഷ്യങ്ങൾ, ചൂഷണം ചെയ്യപ്പെടുന്ന വിഭാഗത്തെ അതിൽനിന്ന് രക്ഷിക്കാനും വ്യത്യസ്ത സംസ്ക്കാരങ്ങളെ പരിപോഷിപ്പിക്കാനും ഉള്ളതാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഇന്ത്യയിൽ ഏക സിവിൽ കോഡ് വാദം ഉയർന്നുവന്നെങ്കിലും പ്രായോഗികമാകില്ലെന്ന് കണ്ടാണ് അവർ നടപ്പാക്കാൻ മുതിരാതിരുന്നത്. കുറ്റകൃത്യം, തെളിവുകൾ തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത നിയമമാവാമെന്നും എന്നാൽ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും വ്യക്തിനിയമം ഇതിന് പുറത്തുനിൽക്കണമെന്നുമായിരുന്നു ബ്രിട്ടീഷുകാരുടെ നിർദേശം.
2017ൽ നിയമ കമ്മിഷനും ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകിയതാണ്. ഏക സിവിൽ കോഡ് ഭരണഘടനയുടെ അന്തഃസത്തയെ തകിടം മറിക്കുമെന്നാണ് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള നിയമ കമ്മിഷൻ പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയത്. 2016 ജൂണിലാണ് കേന്ദ്ര നിയമമന്ത്രാലയം ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ നിയമ കമ്മിഷനെ നിയോഗിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സർക്കാർ വിവിധ ജാതി, മതവിഭാഗങ്ങൾ ജീവിക്കുന്ന രാജ്യത്ത് അവരുടെയെല്ലാം വ്യക്തിനിയമങ്ങളെ ഏകീകരിക്കുന്നതിനു വേണ്ടിയുള്ള നിയമ കമ്മിഷനെ നിയമിക്കുന്നത്. 2016ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു ബി.ജെ.പി സർക്കാർ ഈ കുതന്ത്രം പ്രയോഗിച്ചതെങ്കിലും കമ്മിഷൻ റിപ്പോർട്ട് ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കേറ്റ തിരിച്ചടിയായി. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുകയെന്നത് അത്യാവശ്യമോ അഭികാമ്യമോ അല്ലെന്ന് നിയമ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുകയുണ്ടായി.
ഭരണഘടനാപരമായ സംരക്ഷണം ലഭിക്കുന്നതാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന മതാനുഷ്ഠാനങ്ങളും ആചാരങ്ങളും. ഇതിൽ വല്ല പാകപ്പിഴവുകളും ഉണ്ടെങ്കിൽ അതത് സമൂഹങ്ങൾക്ക് പരിഹരിക്കാവുന്നതേയുള്ളൂ. രാജ്യത്ത് ബഹുസ്വര സമൂഹവും ബഹുമതങ്ങളും നിലനിൽക്കുന്നിടത്തോളം കാലം ഏക സിവിൽ കോഡ് പ്രായോഗികമാവില്ല.
സംഘ്പരിവാർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയാവശ്യം എന്നതിലപ്പുറം ഏക സിവിൽ കോഡ് എന്നത് അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയമൊന്നുമല്ല. ദേശീയ നിയമ കമ്മിഷൻ ഏകീകൃത സിവിൽ നിയമം എന്ന സംഘ്പരിവാർ അജൻഡ തള്ളിക്കളഞ്ഞ സ്ഥിതിക്ക് ഇനിയും പൊതുസമൂഹത്തിന് മുമ്പിൽ വിളമ്പുന്നതിൽ എന്തർഥമാണുള്ളത്. മതവിശ്വാസവും വ്യക്തിനിയമവും മൗലികാവകാശമായി ഭരണഘടന ഉറപ്പുനൽകുന്നിടത്തോളം ഒരു സർക്കാരിനും അത് ലംഘിച്ചു മുമ്പോട്ടുപോകാനാവില്ല. ഭരണഘടനയുടെ 44-ാം അനുച്ഛേദം എത്രതവണ ദുർവ്യാഖ്യാനിച്ചാലും ഏക സിവിൽ നിയമമെന്ന സംഘ്പരിവാർ സ്വപ്നം ഇന്ത്യയിൽ പുലരാൻ പോകുന്നില്ല. അതിനാൽ ഇനിയെങ്കിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന വ്യർഥമായ മുദ്രാവാക്യം സർക്കാരും സംഘ്പരിവാറും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."