ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസനയവും
ഒന്നരമില്യൻ സ്‌കൂളുകളും ഇരുനൂറ്റി അൻപത് മില്യൻ വിദ്യാർഥികളും എട്ടര മില്യൻ അധ്യാപകരുമുള്ള ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ സംവിധാനത്തിന്റെ ഘടനാപരവും അക്കാദമികപരവു മായ പരിഷ്‌കാര നിർദേശങ്ങളടങ്ങിയ ഒരു നയരേഖയാണ് മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷം രാജ്യം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം (2020). അത് നടപ്പാക്കാനുള്ള പ്രവർത്തന പരിപാടികൾ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചുവരികയാണ്. പാഠ്യപദ്ധതി പരിഷ്‌കരണമാണ് ഈ നയരേഖ അനുസരിച്ചു നടപ്പാക്കേണ്ട പ്രധാന അക്കാദമിക പരിഷ്‌കാരം. പ്രൈമറി മുതൽ പ്ലസ് ടു വരെ സമഗ്രമായ പരിഷ്‌കരണത്തിന് മുന്നോടിയായി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2021 രൂപീകരിക്കാനായി ഡോ. കസ്തൂരി രംഗൻ ചെയർമാനായി പന്ത്രണ്ട് അംഗ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ഒന്നര ദശാബ്ദങ്ങൾക്കപ്പുറം 2005ലാണ് അവസാനമായി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ് ) രൂപപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ അവരുടെ പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുകയായിരുന്നു. എന്നാൽ ഇപ്രാവശ്യം സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സമർപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്താണത്രെ ദേശീയ ചട്ടക്കൂടുണ്ടാക്കുന്നത്. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു രീതി പിന്തുടരുന്നതുകൊണ്ടാണ് ഒട്ടേറെ വിവാദ നിർദേശങ്ങൾ കടന്ന് കൂടിയിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രൂപത്തിൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മാറുമോ എന്ന ആശങ്കയുയരുന്നത്.
എൻ.സി.എഫ് 2005ന്റെ സമീപനം ആ കാലയളവിൽ പാഠ്യപദ്ധതി നേരിട്ട പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള ഉൾകാഴ്ച്ച നൽകിയ സമഗ്ര രേഖയായിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതികൾ പുനരാവിഷ്‌കരിച്ചത്. കേരളത്തെ സംബന്ധിച്ചിടത്തോളം 1990കളിൽ ആരംഭിച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും സൈദ്ധാന്തികവും തത്ത്വശാസ്ത്രപരവും പഠന തന്ത്രപരവുമായ കാഴ്ചപ്പാടുകൾ എൻ.സി.എഫ് 2005 ഏതാണ്ട് സ്വീകരിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന അപകടകരമായ നിർദേശങ്ങൾ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഏറ്റുപിടിച്ചാൽ അത് ഏകശിലാത്മക സംസ്‌കാരത്തിലേക്ക് നടന്നടുക്കാൻ സംഘ്പരിവാറിന് എളുപ്പവഴിയൊരുക്കും.
1976 ലെ നാൽപത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഫെഡറൽ സംവിധാനത്തിലൂടെ മുന്നോട്ടുപോകുന്ന രാജ്യത്തിന് ഇത് അനിവാര്യമായിരുന്നു. എന്നാൽ, ഈ ഫെഡറൽ സ്വഭാവത്തെ തകർക്കുന്ന നിർദേശങ്ങൾ ദേശീയ വിദ്യാഭ്യാസനയം പറയുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനങ്ങൾ വിദ്യാഭ്യാസരംഗത്തു മുന്നേറിയപ്പോൾ ഒഡിഷയും മധ്യപ്രദേശുമൊക്കെ വളരെ പിന്നിലുമാണ്. ഈ അസന്തുലിതാവസ്ഥ കണക്കിലെടുത്തേ ഒരു നയം ആവിഷ്‌കരിക്കാവൂ. കേന്ദ്ര വിദ്യാഭ്യാസത്തിന്റെ നിർദേശങ്ങളിൽ അതാത് സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസമേഖലയിൽ മികവ് നേടാൻ വേണ്ട പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകണം. ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വമനുസരിച്ചു ഇത് ഉറപ്പുവരുത്തൽ കേന്ദ്ര ബാധ്യതയാണ്. എല്ലാം കേന്ദ്രീകരിക്കുന്ന നിർദേശങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റമായേ കാണാനൊക്കൂ. എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ദേശീയതലത്തിലുള്ള പാഠപുസ്തകം, അമിതമായ സംസ്‌കൃതവൽക്കരണം, നാഷണൽ അസസ്മെൻ്റ് സെന്റർ ഫോർ സ്‌കൂൾ എജുക്കേഷൻ, നാഷണൽ ടെസ്റ്റിങ് ഏജൻസി തുടങ്ങി നിരവധി പുതിയ സംവിധാനങ്ങൾ സ്ഥാപിച്ചും പാഠ്യപദ്ധതി രൂപരേഖകളും മാർഗരേഖകളും അടിച്ചേൽപിച്ചും കൺകറന്റ് ലിസ്റ്റിനെ ഇല്ലാതെയാക്കാനുള്ള ശ്രമം ഇതിലടങ്ങിയിട്ടുണ്ട്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം പൂർണമായും കാവിവൽക്കരിച്ചു കഴിഞ്ഞു. ഇത് രാജ്യം മൊത്തത്തിൽ വ്യാപിപ്പിക്കാനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസനയത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. പാഠപുസ്തകങ്ങളിൽ വർഗീയ അജൻഡ നടപ്പാക്കുന്നു എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പുതിയ ആരോപണം ഒന്നുമല്ല. എന്നൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഈ ആരോപണം അവർ നേരിട്ടിട്ടുണ്ട്. ഇപ്പോൾ അധികാരത്തിലുള്ളതുകൊണ്ട് തന്നെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും പാഠപുസ്തകങ്ങളിലും അവർ കടന്നു കയറാം. അവയിലേക്ക് വഴി തുറക്കുന്ന പല കാര്യങ്ങളും ഈ നയത്തിലുണ്ട്. അവയിലൊന്ന് സംസ്‌കൃതഭാഷയെ അമിതമായി മഹത്വവൽക്കരിക്കലാണ്. സംസ്‌കൃതം അളവറ്റ വിജ്ഞാനത്തിന്റെ സ്രോതസാണെന്നും അത് എല്ലാഘട്ടങ്ങളിലും പഠിക്കാൻ അവസരം ഒരുക്കുമെന്നും നയം പറയുന്നു. എന്നാൽ പല ഭാഷകളെയും പറയുന്നിടത്ത് അറബി, ഉർദു ഭാഷകളെ പറ്റി ഒരിടത്തും പരാമർശിക്കുന്നില്ല. ആർ.എസ്.എസ് താൽപര്യമനുസരിച്ച് ഹിന്ദുത്വ സംസ്‌കൃതിയുടെ മൂല്യങ്ങൾ ചെറിയ ക്ലാസ് തൊട്ട് പരിശീലിപ്പിച്ചെടുക്കൽ ഒരു ലക്ഷ്യമാണ്. കാച്ച് ദം യങ് എന്ന തത്ത്വം ഹിറ്റ്‌ലർ പ്രയോഗിച്ചു വിജയിച്ചതാണ്. ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ ധാർമ്മിക മൂല്യപഠനം വേണമെന്ന നയത്തിലെ നിർദേശം അത് ഹിന്ദുത്വ ആശയ പഠനം ആകുമോയെന്ന് ആശങ്കയുണ്ട്. കരിക്കുലം, കോ- കരിക്കുലം, എക്‌സ്ട്രാ കരിക്കുലം എന്നീ തലങ്ങളെ ഒഴിവാക്കി എല്ലാം കരിക്കുലമായി പരിഗണിക്കാനാണ് നിർദേശം. യോഗ, ജ്യോതിഷം ഒക്കെ കരിക്കുലമായി മാറുമ്പോൾ ശാസ്ത്രവും ഗണിതവും ഭാഷകളുമൊക്കെ എന്താകുമെന്ന ചോദ്യം പ്രസക്തമാണ്. മതനിരപേക്ഷ, ജനാധിപത്യ കാഴ്ചപ്പാടിൽ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതിക്കാണ് ഊന്നൽ. വെറും ശാസ്ത്രവും സാങ്കേതികവിദ്യയും പഠിപ്പിക്കുന്ന വിദ്യാഭ്യാസം മാത്രമല്ല ശാസ്ത്രീയ വിദ്യാഭ്യാസം. നിലവിലുള്ള ജ്ഞാനരൂപങ്ങളെ ശാസ്ത്രീയമായും യുക്തിസഹമായും അവതരിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതി കൂടിയാണ്.
ഇന്ത്യൻ പാരമ്പര്യത്തെ പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇന്ത്യൻ പാരമ്പര്യം പഠിപ്പിക്കുന്നതിന് ആരും എതിരല്ല. എന്നാൽ, അതിന്റെ പേരിൽ എല്ലാവിധ അന്ധ വിശ്വാസ ങ്ങളും പഠിപ്പിക്കുന്നത് ശാസ്ത്രീയമല്ല. ഈ അശാസ്ത്രീയമായ നിലപാടുകളാണ് സംഘ്പരിവാർ ഭരണകൂടം ഇപ്പോൾ നടപ്പാക്കുന്നത്. പശുവിന്റെ ചാണകം ഉപയോഗിച്ചുള്ള ചികിത്സ കൊവിഡ് പ്രതിരോധത്തിന് അനുയോജ്യമാണെന്ന് പ്രചരിപ്പിച്ചത് ഇവരാണ്.
1986 ലെ ദേശീയ വിദ്യാഭ്യാസനയം ജനാധിപത്യം, മതേതരത്വം, ദേശീയോദ്ഗ്രഥനം എന്നിവക്കായി പ്രത്യേക അധ്യായം തന്നെ നീക്കിവച്ചു. എന്നാൽ പുതിയ നയത്തിൽ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പരാമർശിക്കുന്നേയില്ല. ഭാരതവിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ നവോത്ഥാനം, മത-സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങൾ, ദേശീയ സ്വാതന്ത്ര്യ സമരം, ഗാന്ധിയൻ ആശയങ്ങൾ എന്നിവയൊന്നുമല്ല നയം മുന്നോട്ടുവയ്ക്കുന്നത്. അവിടെയൊക്കെ ഉയർത്തിക്കാട്ടുന്നത് ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സംഘ്പരിവാർ ആശയമാണ്. കല, സാഹിത്യം, സംസ്‌കാരം എന്നിവ സമ്പുഷ്ടമായ മധ്യകാലം പൂർണമായും മറച്ചുവച്ചിരിക്കുന്നു. ജൈന, ബുദ്ധ വിദ്യാഭ്യാസരീതികളുംസ്ഥാപനങ്ങളുമൊക്കെ ബ്രാഹ്മണിക്കൽ വിജ്ഞാനമായാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത പല പുരാതന അറിവുകളും മറ്റും യഥാർഥ ശാസ്ത്രമാക്കി പാഠ്യപദ്ധതിയിൽ തിരുകിക്കയറ്റാനാണ് പാഠ്യപദ്ധതി ചട്ടക്കൂട് സംസ്ഥാനങ്ങൾ സമർപ്പിച്ചതിന് ശേഷം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.
പഠിതാക്കളുടെ ജീവിത പരിസരത്തിൽനിന്ന് തന്നെ പഠനവും ആരംഭിക്കണമെന്ന് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005നിർദേശിക്കുന്നു. കാരണം വിദ്യാഭ്യാസം എന്നത് സാമൂഹ്യമായ ഒരു പ്രക്രിയയാണ്. പഠിതാവും ചുറ്റുപാടുകളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് ജ്ഞാനം നിർമിക്കപ്പെടുന്നത്. ക്ലാസ് മുറികളെ ജീവിത സാഹചര്യങ്ങളുമായി ഇഴചേർക്കേണ്ടത് ജീവിതത്തിന് ഉപയുക്തമായ ജ്ഞാന നിർമാണത്തിന് അത്യാവശ്യമാണ്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറംതള്ളപ്പെട്ടവർ, ദലിതർ, അടിച്ചമർത്തപ്പെട്ടവർ തുടങ്ങിയവരുടെയും ജ്ഞാന നിർമിതിയിലൂടെയും ശാക്തീകരണത്തിലൂടെയും ആണ് ഒരു വിദ്യാഭ്യാസ പദ്ധതി ലക്ഷ്യംനേടുന്നത്. ഇതിന് ആവശ്യമായ ഒരു ചട്ടക്കൂടാണ് നിർമിക്കേണ്ടത്. നൂറ്റാണ്ടുകളിലൂടെ ഇന്ത്യൻ സമൂഹം നേടിയെടുത്ത ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭാവിതലമുറയെ പ്രാപ്തമാക്കാൻ അതിന് കഴിയണം. വെറുപ്പും അസഹിഷ്ണുതയുംകൊണ്ട് നടക്കുന്ന സമൂഹത്തെയല്ല പരമതസ്‌നേഹവും മനുഷ്യത്വത്തിന്റെ ഉദാത്തതയും നെഞ്ചേറ്റുന്ന ഒരു വിശ്വപൗരനെ സൃഷ്ടിക്കാൻ ഉതകുന്ന പാഠ്യപദ്ധതിയാണിന്നിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."