HOME
DETAILS
MAL
അനുപമയുടെ വിഷയത്തില്‍ വീഴ്ച വരുത്തിയ എല്ലാവരും വിചാരണ ചെയ്യപ്പെടണമെന്ന് കെ.കെ രമ
backup
November 23 2021 | 14:11 PM
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയ എല്ലാവരും വിചാരണ ചെയ്യപ്പെടണമെന്ന് കെ.കെ രമ എം.എല്‍.എ. അനുപമയുടെ കുഞ്ഞിനെ തിരികെ കിട്ടിയതുകൊണ്ട് മാത്രം ബഹുജന പ്രതിരോധം അവസാനിപ്പിക്കാനാകില്ല,സംഭവത്തില്‍ വീഴ്ച വരുത്തിയ മുഴുവന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിചാരണ ചെയ്യപ്പെടണമെന്നും കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒടുവിൽ കുഞ്ഞു അനുപമയുടേതെന്നു തെളിഞ്ഞിരിക്കുന്നു.
ഈ വിജയം അനുപമയുടേത് മാത്രമല്ല. ആയിരത്താണ്ടുകൾ കൊണ്ട് മനുഷ്യകുലം ആർജിച്ച നീതി ബോധത്തിന്റെയും ഭരണഘടനാദത്തമായ പൗരാവകാശങ്ങളുടെയും വിജയമാണ്. പ്രതിഭാധനരായ മനുഷ്യർ ചർച്ച ചെയ്തും ചിന്തിച്ചും രൂപപ്പെടുത്തിയ നിയമസംഹിതകളെ ഭരണമുന്നണിയിലെയും അധികാര സ്ഥാപനങ്ങളിലെയും സ്വാധീനവും പാർട്ടി വാഴ്ചയും കൊണ്ട് കുഴിച്ചുമൂടാനെന്ന അഹന്തയുടെ മസ്തകത്തിനേറ്റ അടിയാണ്.
അധികാരം കണ്ണടച്ചാൽ അണയില്ല , ഗതികെട്ട മനുഷ്യർ പോർനിലങ്ങളിൽ ജ്വലിപ്പിച്ച് നിർത്തിയ അഗ്നിനാളങ്ങൾ.
അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടിയതു കൊണ്ട് മാത്രം അവസാനിപ്പിക്കാനാവില്ല, ഈ വിഷയത്തിലെ ബഹുജന പ്രതിരോധം. കാരണം അങ്ങേയറ്റം നീതിയുക്തവും സത്യസന്ധവും കരുണാപൂർവ്വവും നിർവഹിക്കപ്പെടേണ്ട ശിശു സംരക്ഷണവും ദത്ത് നൽകലും പോലുള്ള പ്രവൃത്തികൾ സ്വജന പക്ഷപാതത്തിന്റെ പേരിൽ മണ്ണിലിട്ട് ചവിട്ടിയരച്ച മുഴുവൻ രാഷ്ട്രീയ / ഉദ്യോഗസ്ഥ പ്രമാണിമാരും വിചാരണ ചെയ്യപ്പെടണം.
അനുപമയുടെ സ്വകാര്യ ജീവിതത്തെ അവഹേളിച്ചും സീരിയൽ കഥകളെ വെല്ലുന്ന അതി വൈകാരികതയിൽ കുഞ്ഞിനെ കസ്ററഡിയിൽ വച്ച ദമ്പതിമാരുടെ കഥ പറഞ്ഞും ഈ സംഘടിത കുറ്റകൃത്യത്തിന് സാധൂകരണം ചമച്ച , പ്രമുഖരുടെ എണ്ണം ഒട്ടും ചെറുതല്ല, കേരളത്തിൽ. ഈ മനുഷ്യത്വ വിരുദ്ധതയിൽ അവർ കൂടി ഭാഗഭാക്കാണ്.
അധികാര പ്രമത്തതയുടെ ദുർഭൂതത്തിന് മുന്നിൽ നീതിബോധം നേടിയ ഈ വിജയത്തിന് എല്ലാ വിധ ഹൃദയാഭിവാദ്യങ്ങളും.
കെ.കെ.രമ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."