കെ റെയിൽ വിരുദ്ധ സമരം അതിജീവനത്തിന്
ഇസ്മായിൽ ഏറാമല
വികസനം ഭൂമിയിലല്ലാതെ പിന്നെ തെങ്ങിന്റെ മണ്ടയിൽ കൊണ്ടുവരാൻ കഴിയുമോ എന്ന് ചോദിക്കുകയും വികസനാവശ്യത്തിന് ജനങ്ങൾ കുറച്ചൊക്കെ സഹിക്കേണ്ടിവരുമെന്നും പറഞ്ഞ എളമരം കരീം എന്ന വ്യവസായ മന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ. എച്ച്.എം.ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നദ്ദേഹം നടത്തിയ ഒരു പരാമർശം ഇങ്ങനെയായിരുന്നു, വികസന വിരോധികളെ പേപ്പട്ടിയെപ്പോലെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന്. സമാനമായ സമീപനവും നിലപാടുമാണ് ഇപ്പോഴും സി.പി.എമ്മിനുള്ളതെന്ന് വ്യക്തമാക്കുന്നതാണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ. ജനങ്ങളുടെ പ്രതിഷേധത്തിനും ആശങ്കയ്ക്കും യാതൊരു വിലയും ഇടതുപക്ഷ സർക്കാർ കൽപ്പിക്കുന്നില്ല . കാസർകോട് മുതൽ തിരുവനന്തപുരം വരെ 529 കിലോമീറ്ററിൽ പുതിയൊരു സ്റ്റാൻഡേർഡ് ഗേജ് ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുന്ന പദ്ധതിയാണ് കെ റെയിൽ അഥവാ സിൽവർ ലൈൻ പ്രൊജക്ട്. കാസർകോട് നിന്നും തിരുവനന്തപുരത്തെത്താൻ നാല് മണിക്കൂർ മതിയെന്നതാണ് ഇതിന്റെ നേട്ടമായി സർക്കാർ പറയുന്നത്. എന്നാൽ ഈ പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെക്കുറിച്ച് ഒരു ആകുലതയും സർക്കാരിനില്ല.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശൂർ, കൊച്ചി എയർപോർട്ട്, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം എന്നീ പതിനൊന്ന് സ്റ്റേഷനുകൾ മാത്രമായിരിക്കും ഈ കോറിഡോറിലുണ്ടാവുക. ഇതിന്റെ സാങ്കേതിക വിദ്യ നൽകുന്നത് ജപ്പാൻ ഇന്റർനാഷണൽ കോപറേറ്റീവ് ഏജൻസി (JAICA) എന്ന കമ്പനിയാണ്. 2027ൽ പൂർത്തീകരണം ലക്ഷ്യമിടുന്ന ഈ പദ്ധതിക്കുള്ള അടങ്കൽ തുക ഏകദേശം 63,941 കോടി രൂപയാണ് കണക്കാക്കുന്നത്. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വച്ചുകൊണ്ട് ഇത്രയും വലിയൊരു ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തുകയെന്നത് അസാധ്യമാണ്. അതിനാൽ തന്നെ പദ്ധതിയുടെ ഭൂരിഭാഗം വിഹിതവും വിദേശത്തുനിന്ന് വായ്പയായി കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ തന്നെ കേരളം കടക്കെണിയിൽ കുരുങ്ങിനിൽക്കുകയാണെന്ന സാമാന്യ തിരിച്ചറിവില്ലാതെയാണ് ഈ നീക്കങ്ങളൊക്കെയും. പൊതുകടം 3.2ലക്ഷം കോടി രൂപയായിരിക്കുന്നു. ഈ ബാധ്യതയൊക്കെയും ജനങ്ങളുടെ തലയിലേക്കാണ് ഭാരമായി വന്നുപതിക്കുകയെന്ന് ആർക്കാണറിയാത്തത്.
നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ കടബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന് കടബാധ്യത പൂർണമായും കേരളം തന്നെ വഹിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ദീർഘവീക്ഷണമില്ലാതെ എടുത്തുചാടി എടുക്കുന്ന ഇത്തരം തീരുമാനങ്ങളും നടപടികളും സംസ്ഥാനത്തെ ജനങ്ങളെ ദുരിതക്കയത്തിലെത്തിക്കും. പദ്ധതി വിഹിതത്തിന്റെ 52.7ശതമാനത്തിന് സമാനമായ തുക 33,700 കോടി രൂപ വിദേശ വായ്പയായി സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ തിരിച്ചടവ് എങ്ങനെ എന്നുള്ളതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ പിറക്കാൻ പോകുന്ന കുഞ്ഞിനുമേൽ പോലും കടബാധ്യതയാക്കിയാണ് ഇടതു സർക്കാർ കെ റെയിൽ പദ്ധതി നടപ്പാക്കാൻ പോകുന്നത്.
ദിനേന ഇരുപതിനായിരം പേർ യാത്ര ചെയ്താൽ മാത്രമേ പദ്ധതി ലാഭകരമാവുകയുള്ളൂ എന്നാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ഭീമമായ ടിക്കറ്റ് നിരക്കിൽ ഇത്രയധികം യാത്രക്കാർ ഈ സൗകര്യത്തെ ഉപയോഗപ്പെടുത്തുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെ വരുമ്പോൾ വൻനഷ്ടത്തിലാവും ഈ പദ്ധതി. കൊച്ചി മെട്രോ പോലും പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. സമാനമായ അനുഭവമാണ് കെ റെയിലിനും വന്നുചേരുന്നതെങ്കിൽ സംസ്ഥാനത്തിന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും അത്. കടമെടുത്ത പണം തിരിച്ചടക്കാൻ കഴിയാതെ വരികയും സാമ്പത്തികനില അതീവ പരുങ്ങലിലാവുകയും ചെയ്യും. ഇതൊന്നും മുന്നിൽ കാണാതെയാണ് മറ്റ് ചില താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് ഈ പദ്ധതിക്ക് വേണ്ടി കേരള സർക്കാർ വാശി പിടിക്കുന്നത്.
വയലും പുഴയും വീടും കുന്നും ആരാധനാലയങ്ങളും അങ്ങാടികളും സ്‌കൂളുകളുമെല്ലാം ഈ അതിവേഗ റെയിൽ പാതക്ക് വേണ്ടി നികത്താനും ഇടിച്ചുനിരപ്പാക്കാനും ഒരുങ്ങുന്ന സർക്കാർ ഒരു സമഗ്ര പാരിസ്ഥിതിക ആഘാത പഠനം പോലുമില്ലാതെയാണ് ഈ കൈയേറ്റത്തിന് മുതിരുന്നത്. കെ റെയിൽ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നായി 1126 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുമെന്നാണറിയുന്നത്. കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലേക്ക് തള്ളിയിടപ്പെടുന്ന കുടുംബങ്ങളെ കുറിച്ച് സർക്കാർ ആലോചിക്കുന്നുമില്ല. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ തങ്ങളുടെ പ്രയാസങ്ങൾ ബോധിപ്പിക്കാനായി കയറി ഇറങ്ങാത്ത ഇടങ്ങളില്ല. മുഖ്യമന്ത്രിക്ക് തന്നെ നിരവധി തവണ നിവേദനങ്ങൾ നൽകി. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരങ്ങൾ വിവിധ സ്ഥലങ്ങളിൽ അനിശ്ചിത കാലമായി തുടരുകയാണ്, സെക്രട്ടേറിയറ്റിനു മുമ്പിലും സമരം നടക്കുന്നു. എന്നിട്ടൊന്നും യാതൊരു പുനരാലോചനയും നടത്താൻ സർക്കാർ തയാറാവുന്നില്ല. ഈ പദ്ധതിയിൽനിന്നു പിന്മാറാൻ മടിക്കുന്നതിനുള്ള പ്രധാന കാരണം വികസന താൽപ്പര്യമല്ല, പദ്ധതി നടപ്പാക്കുമ്പോൾ ലാവ്‌ലിൻ മാതൃകയിൽ നടത്താൻ കഴിയുന്ന അഴിമതിയും ലഭിക്കാൻ പോകുന്ന കമ്മിഷൻ തുകയും ഓർത്തിട്ടാണെന്ന് വ്യക്തം.
കേരളത്തിന്റെ ആവാസവ്യവസ്ഥയെ തകർത്ത് നാടിനെ കീറിമുറിക്കുന്ന കെ റെയിൽ സിൽവർലൈൻ ലക്ഷക്കണക്കിന് മനുഷ്യരെ ദുരിതത്തിലാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും മറ്റ് വിദഗ്ധരും പറയുന്നു. അതിവേഗ റെയിൽപാത കടന്നുപോകുന്നിടത്തെല്ലാം മുപ്പത് മീറ്റർ വീതിയിലും 8 മീറ്റർ ഉയരത്തിലും കോൺക്രീറ്റ് മതിലുകൾ നിർമിക്കുമെന്നാണ് അറിയുന്നത്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ ഇത്തരത്തിലൊരു പദ്ധതി വഴി സൃഷ്ടിക്കപ്പെടുന്ന ജീവിതപ്രതിസന്ധി മുഖവിലയ്ക്കെടുക്കാതിരിക്കുന്നത് ജനാധിപത്യ രാജ്യത്തെ ഭരണകർത്താക്കൾക്ക് ചേർന്നതല്ല.ഇന്നത്തേത് നാടുവാഴിത്ത കാലമല്ലെന്ന് അവരെ ഓർമപ്പെടുത്തേണ്ടിവരുന്നത് വോട്ട് രേഖപ്പെടുത്തി അധികാരത്തിലെത്തിച്ചവരുടെ ദുര്യോഗമായി വേണം കാണാൻ. ഭരണകൂടത്തെ തിരുത്താൻ കഴിയുന്നവിധം ജനകീയസമരങ്ങൾ ഉയർന്നുവരുമ്പോൾ മാത്രമേ ഏത് രാജ്യത്തും പൗരന്മാർക്ക് അന്തസ്സാർന്നതും സുരക്ഷിതവുമായ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ. കെ റെയിലിനെതിരേ ഉയരുന്ന ചെറുതും വലുതുമായ സമരങ്ങൾ അത്തരത്തിലുള്ള അതിജീവനത്തിനുള്ള ഒരു പോരാട്ടമാണ്.
അധികാരം തലക്കുപിടിച്ചാൽ ചുറ്റുമുള്ള നിസ്സഹായരായ മനുഷ്യരുടെ വിലാപം കേൾക്കാൻ ഭരണകർത്താക്കൾക്ക് കഴിയില്ലെന്ന് നന്ദിഗ്രാമും സിങ്കൂറും പഠിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാളിൽ സി.പി.എമ്മിന്റെ അടിവേരറുക്കാൻ അത് കാരണമായിട്ടുണ്ടെങ്കിൽ കേരളത്തിലും അതാവർത്തിക്കാതിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."