സാക്കിയാ ജഫ്രി കേസ് 'ഗുജറാത്ത് വംശഹത്യക്കായി മൊബൈൽ ഫോണുകൾ ഉപയോഗിച്ചു' കോൾ രേഖ പരിശോധിക്കാൻ അന്വേഷണ സംഘം തയാറായില്ലെന്ന് വാദമുയർത്തി കപിൽ സിബൽ
സുപ്രിംകോടതിയിൽ
ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യക്കായി മൊബൈൽ ഫോണുകൾ വ്യാപകമായി ഉപയോഗിച്ചുവെന്നും എന്നാൽ ആരുടെയും ഫോണുകൾ പിടിച്ചെടുക്കാനോ കോൾ രേഖ പരിശോധിക്കാനോ പ്രത്യേക അന്വേഷണ സംഘം തയാറായില്ലെന്നും കപിൽ സിബൽ സുപ്രിംകോടതിയിൽ.
ഗുജറാത്ത് വംശഹത്യയിലെ ഗൂഢാലോചന കേസിൽ നരേന്ദ്രമോദിയടക്കമുള്ള ഉന്നതർക്ക് ശുദ്ധിപത്രം നൽകിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ചോദ്യം ചെയ്ത് സാക്കിയാ ജഫ്രി സമർപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ, സിറ്റിസൺ ട്രൈബ്യൂണൽ, വിമൻസ് പാർലമെന്ററി കമ്മിറ്റി എന്നിവരുടെ റിപ്പോർട്ടുകളിലെ ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിബൽ പ്രധാനമായും വാദം ഉന്നയിച്ചത്. വ്യാപകമായ വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടും പൊലിസ് നടപടിയെടുത്തില്ല.
അതേക്കുറിച്ച് അന്വേഷണമൊന്നും ഉണ്ടായില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. ഫത്തേപൂർ പള്ളിയിൽ നിന്ന് വെടിവച്ചുവെന്ന് പത്രങ്ങളുടെ ഒന്നാം പേജിൽ തന്നെ വ്യജവാർത്ത വന്നു. ഗുജറാത്തിൽ വിന്യസിച്ച സൈന്യത്തിന്റെ കമാൻഡർ ജനറൽ സമീറുദ്ദീൻ ഷായുടെ മൊഴി രേഖപ്പെടുത്തിയില്ല. ഗോധ്രയിലെ തീവണ്ടി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ കലാപം പടർത്താൻ ഉപയോഗിതായും സിബൽ വാദിച്ചു,
എന്തുകൊണ്ടാണ് അധികൃതർ സ്വകാര്യ വ്യക്തികളെ ഫോട്ടോയെടുക്കാൻ സമ്മതിച്ചതെന്ന് അന്വേഷിക്കാതിരുന്നത്. സംഭവത്തിൽ വിപുലമായ ഗൂഢാലോചന നടന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് ഉന്നതർക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതെന്നും സിബൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്നും വാദം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."