ദത്ത് വിവാദം: ഗുരുതര വീഴ്ചകളുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും വീഴ്ചപറ്റി
തിരുവനന്തപുരം: അമ്മയറിയാതെയുള്ള ദത്തു വിവാദത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമസമിതിയുടേയും ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചകളെന്ന് വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശു വികസന ഡയറക്ടര്‍ ടി.വി അനുപമയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ്ജിന് കൈമാറി.
കുട്ടിയുടെ മാതാവ് അനുപമ പരാതിയുമായി എത്തിയശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിനുവേണ്ടി മാതാവ് അനുപമ അവകാശവാദം ഉന്നയിച്ചിട്ടും അവഗണിച്ചു. ദത്ത് നടപടികള്‍ തുടര്‍ന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍. സുനന്ദ, ഇവര്‍ക്കെല്ലാം സംഭവത്തില്‍ വീഴ്ച പറ്റിയതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
അതേ സമയം കുഞ്ഞിനെ അനുപമയ്ക്ക് ഇന്നു കൈമാറിയേക്കും. കുഞ്ഞ് അനുപമയുടേത് തന്നെയെന്നു വനിതാ ശിശുവികസന വകുപ്പും സി.ഡബ്ല്യു.സിയും രാവിലെ കുടുംബകോടതിയെ അറിയിക്കും. ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയില്‍ സമര്‍പ്പിക്കും. കുഞ്ഞിനെ ദത്ത് നല്‍കാന്‍ അനുമതി നല്‍കിയതു സിഡബ്ല്യുസി ആണ്. ഇതിനുള്ള ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുന്നതോടെ ദത്ത് നടപടികള്‍ പൂര്‍ണമായും റദ്ദാകും.
ശിശുക്ഷേമസമിതി രജിസ്റ്ററിലെ ഒരു ഭാഗം മായ്ച്ചുകളഞ്ഞതായാണ് വനിതാ ശിശു വികസന ഡയറക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല. പൊലിസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാതാവ് അനുപമയുടെ പരാതി ലഭിച്ചിട്ടും സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി. ഏപ്രിലില്‍ തന്നെ അജിത്തും അനുപമയും പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ആന്ധ്ര ദമ്പതികള്‍ക്ക് കുട്ടിയെ ദത്ത് നല്‍കിയത്. എല്ലാ വിഭാഗങ്ങളില്‍ നിന്നും തെളിവെടുത്തശേഷമാണ് ശിശുവികസന ഡയറക്ടര്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നല്‍കിയിട്ടും ജയചന്ദ്രനും കൂട്ടാളികള്‍ക്കും അന്വേഷണം നടത്താന്‍ പോലും പേരൂര്‍ക്കട പൊലിസ് തയ്യാറായിരുന്നില്ലെന്ന് അനുമപ ആരോപിച്ചിരുന്നു.
കുഞ്ഞ് അനുപമയുടേതെന്നു തെളിയിക്കുന്ന ഡി.എന്‍.എ പരിശോധനഫലവും കോടതിയില്‍ ഹാജരാക്കും. കുഞ്ഞിനെ കൈമാറുന്നതിനെ കോടതിയും എതിര്‍ക്കാന്‍ സാധ്യതയില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു തന്നെ അനുപമയ്ക്കു കുഞ്ഞിനെ കൈമാറാനാണ് സി.ഡബ്ല്യു.സിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."