ലക്ഷണങ്ങള്‍ കാണിക്കുന്ന കൊവിഡ്-19ന് കൊവാക്‌സിന്‍ 50 ശതമാനം ഫലപ്രദം
ന്യൂഡല്‍ഹി: ലക്ഷണങ്ങള്‍ കാണിക്കുന്ന കൊവിഡിന് കൊവാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന കൊവിഡിന് 50 ശതമാനം ഫലപ്രദമെന്നാണ് പഠനത്തില്‍ പറയുന്നത്.
രണ്ടു ഡോസ് വാക്‌സിനെടുത്താലാണ് 50 ശതമാനം ഫലപ്രാപ്തിയുണ്ടാകുകയെന്നും പഠനം വ്യക്തമാക്കുന്നു. ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്.
കൊവിഡ് പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടത്തെയാണ് പഠനം സൂചിപ്പിക്കുന്നതെന്ന് എയിംസിലെ മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ മനീഷ് സൊനേജ പറഞ്ഞു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പോലുള്ള പ്രതിരോധ നടപടികള്‍ തുടരുമ്പോള്‍ തന്നെ കൊവിഡ് നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പ്രതിരോധ വാക്‌സിനുകളെന്ന് ഈ കണ്ടെത്തലുകള്‍ തെളിയിക്കുന്നുവെന്നും മനീഷിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹി എയിംസില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 15 മുതല്‍ രോഗലക്ഷണങ്ങളുള്ള 2,714 ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു.
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാംതരംഗത്തിന്റെ കാലത്താണ് ആരോഗ്യപ്രവര്‍ത്തകരില്‍ പഠനം നടത്തിയത്. പഠനകാലത്ത് ഡെല്‍റ്റ വേരിയന്റ് കേസുകളായിരുന്നു ഇന്ത്യയില്‍ കൂടുതല്‍. രോഗമുള്ളവരില്‍ 80 ശതമാനം പേരിലും ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചിരുന്നത്.
എയിംസിലെ സി19 വാക്‌സിനേഷന്‍ സെന്റര്‍ ഈ വര്‍ഷം ജനുവരി 16 മുതല്‍ 23,000 ജീവനക്കാര്‍ക്ക് കൊവാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."