ഇന്ത്യ - ചൈന ബന്ധത്തിൽ വിള്ളൽ വീഴുന്നുവോ?
ഹിന്ദി-ചീനി ഭായി-ഭായി എന്ന മുദ്രാവാക്യം മുഴങ്ങിത്തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെ കാലമായി. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നമ്മുടെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ചൈനീസ് സർവാധിപതി മാവോ സേതുങ്ങും 1954 ഒക്‌ടോബർ 19നു കൂടിക്കാഴ്ച നടന്നിടത്തുനിന്നാണ് അതാദ്യം കേട്ടത്. അത് കഴിഞ്ഞ് ചൈനീസ് പ്രധാനമന്ത്രി ചുഎൻലായി ഇന്ത്യാ സന്ദർശനത്തിനു വന്നപ്പോഴും ആ മുദ്രാവാക്യം പഞ്ചശീൽ എന്ന ഉടമ്പടിയിലേക്ക് വരെ നീട്ടിയെറിഞ്ഞു. എന്നാൽ, 1962ൽ ഒരു പ്രകോപനവുമില്ലാതെ ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറി. കാശ്മിരിനു തൊട്ടുകിടക്കുന്ന 38,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അക്‌സായി ചിൻ പ്രദേശം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു അവരുടെ കടന്നു കയറ്റം, കഷ്ടിച്ച് പതിനായിരംപേർ അധിവസിക്കുന്ന പ്രദേശമാണെങ്കിലും മഞ്ഞണിഞ്ഞു നിൽക്കുന്ന ഇവിടെ നടന്ന പോരാട്ടത്തിൽ ഇരുപക്ഷത്തും ആൾനാശം ഏറെ സംഭവിക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് അക്‌സായിചിൻ നഷ്ടപ്പെട്ടു എന്ന വാർത്ത വന്നപ്പോൾ നമ്മുടെ രാഷ്ട്രീയകക്ഷികളെല്ലാം തന്നെയും സജീവമായി രംഗത്ത് വരികയുണ്ടായി. മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ഖാഇദേമില്ലത്ത് എം. മുഹമ്മദ് ഇസ്മാഈൽ സാഹിബ് 'പുത്രദാനം' തന്നെ നടത്തി. പാർലമെന്റംഗം എന്ന നിലയിലുള്ള തന്റെ ശമ്പളത്തിൽ നിന്നു മാസംതോറും ഒരു തുക രാജ്യരക്ഷാഫണ്ടിലേക്ക് നൽകുന്നതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിനു എഴുതിയ കത്തിലാണ് 1962 നവംബർ 16നു തമിഴ്‌നാട്ടുകാരനായ ആ കേരള എം.പി തന്റെ ഏക മകൻ മുഹമ്മദ് മിയാഖാനെ പ്രധാനമന്ത്രിക്ക് യുക്തമെന്നു തോന്നുന്ന ഏത് ഉത്തരവാദിത്വത്തിലും നിയോഗിക്കാമെന്നു അറിയിച്ചത്. മുസ്‌ലിം ലീഗിന്റെ കേരള ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച രാജ്യസഭാംഗമായ ബി.വി അബ്ദുല്ലക്കോയയാകട്ടെ മകൻ ലെഫ്. കേണൽ കെ. മായൻ മണിപ്പൂർ അതിർത്തിയിൽ ചൈനക്കെതിരേ എം.ഇ.ജി റജിമെന്റിൽ പങ്കെടുത്ത ചരിത്രത്തിന്റെ ഉടമയുമായി. അക്കൂട്ടത്തിൽ വിവാദമായ ഒരു പ്രസ്താവനയും ഉണ്ടായി. കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റേതായിരുന്നു അത്. ചൈന അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്തിനുവേണ്ടിയുള്ള പോരാട്ടം എന്നായിരുന്നു നമ്പൂതിരിപ്പാടിന്റെ വിശകലനം.
ഇന്നു നാം 21-ാം നൂറ്റാണ്ടിലേക്ക് കടന്നിരിക്കേ പഞ്ചശീൽ എന്ന ഉടമ്പടിയുടെ കാര്യമൊക്കെ ചൈന മറന്നുപോയി. അരനൂറ്റാണ്ട് കഴിഞ്ഞശേഷവും അവർ പഴയ അവകാശവാദം പൊടിതട്ടി എടുത്തിരിക്കുന്നു. ഇടക്കിടെ നിയന്ത്രണരേഖകൾ കടന്നു വെടിപൊട്ടിക്കുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തോളം മീറ്റർ ഉയരത്തിൽ മണ്ണിൽ പുതച്ചുകിടക്കുന്ന അക്‌സായി വെണ്ണക്കൽ മരുഭൂമി എന്നാണറിയപ്പെടുന്നത്.
ഇവിടെ മോദി സർക്കാർ നടത്തുന്ന ഭരണപരിഷ്‌കാരങ്ങളും അവർ ശ്രദ്ധിക്കുന്നു. ജമ്മുകാശ്മിർ പുനഃസംഘടന കൂടി പൂർത്തിയാക്കി ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ, ആ പ്രദേശമാകെ തങ്ങളുടേതാണെന്നു പുതിയ വാദമാണ് ചൈന എടുത്തുപയറ്റുന്നത്. പഴയ നോർത്ത് ഈസ്റ്റ് ഫ്രോൺടിയർ ഏജൻസി എന്ന നേഫ പ്രദേശം 1987ൽ അരുണാചൽ എന്ന സംസ്ഥാനമായി ഇന്ത്യ പ്രഖ്യാപിച്ചതിൽ അവർക്കു എതിർപ്പുണ്ടായിരുന്നു. ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അരുണാചൽ സന്ദർശിക്കുന്നതിൽ പോലും എതിർപ്പ് രേഖപ്പെടുത്തുകയുണ്ടായി. ടിബറ്റിന്റെ മോചനത്തിനുവേണ്ടി പോരാടി സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങിയ ബുദ്ധമതക്കാരുടെ ആത്മീയാചാര്യനായ ദലൈലാമയ്ക്ക് രാജ്യം അഭയം നൽകിയത് ഇന്ത്യക്കെതിരായ ഹാലിളക്കത്തിനു കാരണമാക്കിയവരാണവർ.
140 കോടി ജനങ്ങളുള്ള രാഷ്ട്രമാണ് ചൈന, രണ്ടുകോടി വ്യത്യാസത്തിൽ ഇന്ത്യ തൊട്ടു പിന്നാലെ ഉണ്ടെങ്കിലും. ചൈനയുടെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള ഇന്ത്യയുമായി സമ്പദ് വ്യവസ്ഥയിൽ പതിന്മടങ്ങ് മുന്നിലാണ് ചൈന. കമ്യൂണിസത്തിൽ തുടങ്ങി മാർക്‌സിസത്തിലൂടെ മാവോയിസത്തിലേക്ക് ഊളിയിട്ടു കയറിയ ചൈനീസ് സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാമ്രാജ്യത്വ അധീശത്വത്തിനും അവർ ശ്രമിക്കുകയാണ്. ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യയടക്കം പലനാടുകളിലേക്ക് പ്രവഹിച്ചെത്തിയെങ്കിലും അവക്കൊന്നിനും തന്നെ എവിടെയും ഒരു ഗ്യാരണ്ടിയും ഇല്ല. ടിക്‌ടോക്ക്, ക്ലബ് ഫാക്ടർ, കാം സ്‌കാനർ തുടങ്ങി അറുപതോളം ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഇന്ത്യപോലും നിർബന്ധിതമായി.
സാമ്രാജ്യക്കൊതിപൂണ്ടു നിൽക്കുന്ന ചൈന ഇന്ത്യയെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ തലങ്ങും വിലങ്ങും നടത്തുകയാണ്. അതിന്റെയൊക്കെ ഭാഗമൊന്നോണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോകത്തിലേറ്റവും അംഗങ്ങളുള്ള രാഷ്ട്രീയപ്പാർട്ടി തങ്ങളുടേതാണെന്ന അവകാശവാദത്തിൽ അടുത്ത വർഷം നടക്കുന്ന ഇരുപതാം പാർട്ടി കോൺഗ്രസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത വർഷം കാലാവധി പൂർത്തിയാക്കുന്ന പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ആജീവനാന്ത അധ്യക്ഷനായി അവരോധിക്കാനാണ് നീക്കം. രാഷ്ട്രപതിയും സർവസൈന്യാധിപനും പാർട്ടി സെക്രട്ടറിയും. 2013 മുതൽ രാഷ്ട്രത്തലവന്റെ പദവി അലങ്കരിക്കുന്ന ഈ 68കാരനു തന്നെ പരമാവധി രണ്ടു ടേം എന്ന ചട്ടം ഭേദഗതി വരുത്തിക്കൊണ്ടാണ് പരമാധികാര ആധിപത്യം നൽകുന്നത്. ഈ ശാക്തീകരണം അടുത്തവർഷം പാർട്ടിയുടെ ശതാബ്ദി ആഘോഷം നടക്കുമ്പോഴേക്കും പൂർത്തീകരിക്കാനുള്ള യജ്ഞമാണ് ചൈനയിൽ നടക്കുന്നത്.
1921 ജൂലൈയിലായിരുന്നല്ലൊ ശാങ്ഹായിൽ ഷെൻ ദുഷിയോ ചെയർമാനായി പാർട്ടി രൂപവൽക്കരിക്കപ്പെട്ടത്. അദ്ദേഹത്തെസ്ഥാനഭ്രഷ്ടനാക്കിയശേഷം 1945ലെ പാർട്ടി പ്ലീനത്തിൽ മാവോ സേതുങ്ങിനെ സർവാധിപതിയായി അവരോധിച്ച ചരിത്രമാണ് ചൈനക്കുള്ളത്. മാവോയുടെ നിര്യാണത്തെതുടർന്നു അധികാരമേറിയ ഡെംഗ് സിയാവോപിങ്ങ് ആയിരക്കണക്കിനാളുകളുടെ മരണം നടന്ന ടിയാനൻമെൻ സ്‌ക്വയർ സാക്ഷിയാക്കിയാണ് ഭരണച്ചെങ്കോൽ ഏറ്റത്. ആ ഭരണത്തുടർച്ച സർവാധിപത്യമായി വളർത്താനുള്ള ശ്രമത്തിൽ ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും അവർ ഇപ്പോൾ തുടരുന്നു. 1962ൽ അക്‌സായി ചിനിൽ കടന്നുകയറിയ ചൈന കൂടിയാലോചനായുഗം എന്നു പറഞ്ഞു നാളുകൾ താണ്ടിക്കൊണ്ടിരുന്നതിനിടയിൽ ഡോക്ക്‌ലമിൽ 73 ദിവസത്തോളം ഇന്ത്യൻ സേനയുമായി മുഖത്തോട് മുഖം നോക്കി ആയുധസജ്ജമായി നിൽക്കുകയുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്രമോദി വെട്ടിത്തുറന്നു ഒന്നും പറയുന്നില്ല എങ്കിലും ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്നു അതിർത്തി പ്രദേശം സഞ്ചരിച്ച രാജ്യരക്ഷാമന്ത്രി രാജ്‌നാഥ്‌സിങ്ങ് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം കിഴക്കൻലഡാക്കിൽനിന്നു സൈനികരെ പിൻവലിക്കുകന്നതിൽ ചൈന വിമുഖത കാണിക്കുകയാണെന്നു വിദേശമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. 3488 കിലോമീറ്റർ നീളംവരുന്ന നിയന്ത്രണരേഖയിൽ അവർ റോഡുകളും തുരങ്കങ്ങളും നിർമിക്കുന്നുവെന്നു സായുധസേനയുടെ കിഴക്കൻ മേഖലാ കമാൻഡർ ലെഫ്. ജന. മനോജ് പാണ്ഡെയും അരുണാചലിൽ നിന്നുള്ള ബി.ജെ.പി എം.പിയായ തപിൽ ഗാവോയും കേന്ദ്രസർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
സൈനിക കമാൻഡർമാർ പതിമൂന്ന് തവണ നടത്തിയ ചർച്ചകളും ഫലം കണ്ടിട്ടില്ല. പതിനാലാമത്തെ സംഭാഷണം അടുത്തു തന്നെ നടക്കാനിടയുണ്ടെന്ന റിപ്പോർട്ടുണ്ട്. ഈ ശാക്തീകരണം ഇന്ത്യക്കെതിരായ മറ്റൊരു ബലപ്രയോഗത്തോടെ തുടങ്ങാമോ എന്നാണ് നോട്ടം. ജനകീയ വിമോചന മുന്നണി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഭടന്മാരെ ഇപ്പോൾ അതിർത്തിയിലേക്ക് വിന്യസിക്കുക എന്നതാണ് ചൈനീസ് രീതി. പഴയ ഭായി ഭായി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നാൽ മാത്രം നമ്മുടെ അതിർത്തികൾ ഭദ്രമാവില്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."