ജനാധിപത്യം ശിരസ്സുയർത്തിയ നെടുംപാതയിലെ പ്രക്ഷോഭം
ദാമോദർ പ്രസാദ്
ട്വിറ്റർ പോരാട്ടമായിരുന്നില്ല കർഷകരുടേത്. ദേശീയ നെടുംപാതകളായിരുന്നു കർഷക സമരത്തിന്റ രംഗവേദി. മണ്ണിൽ അധ്വാനിക്കുന്ന കർഷകരുടെ അസാമാന്യ സ്റ്റാമിന മനസിലാക്കാനുള്ള വിവേകം പോലും കേന്ദ്ര സർക്കാരിനുണ്ടായിരുന്നില്ല. കോർപറേറ്റ് മാധ്യമങ്ങളുടെ ചീയർ വിളിയിൽ അഭിരമിച്ചു പോവുകയും പാർലമെന്ററി ഭൂരിപക്ഷത്തിന്റെ അഹന്തയിൽ അമിതവിശ്വാസം പുലർത്തുകയും ചെയ്ത കേന്ദ്ര സർക്കാർ യാഥാർഥ്യത്തെ തിരിച്ചറിയാൻ ഏറെ സമയമെടുത്തു. ഓർമയില്ലേ, ഏതൊക്കെ തരത്തിലാണ് പ്രക്ഷോഭത്തെ പൈശാചികവൽക്കരിക്കാൻ ശ്രമിച്ചത്. ആന്ദോളൻ ജീവികൾ എന്നാണ് കാർഷിക നിയമങ്ങൾക്കെതിരേ പ്രക്ഷോഭം നയിച്ച കർഷകരെ പ്രധാനമന്ത്രി അവമതിച്ചത്. അതേ പ്രധാനമന്ത്രിക്ക് തന്നെ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടു കൈകൂപ്പി രാഷ്ട്രത്തോട് മാപ്പ് അപേക്ഷിക്കേണ്ടി വന്നു. പ്രധാനമന്ത്രിയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് മാസങ്ങൾ പിന്നിട്ട ഹിന്ദുസ്ഥാനിലെ കർഷകരുടെ പ്രക്ഷോഭം ഇപ്പോഴും അവർ പിൻവലിക്കാതെ തുടരുന്നത്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ നിയമം യഥാവണ്ണം പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നമാണ്. ത്യാഗനിർഭരമായ ഈ കർഷക പ്രക്ഷോഭം സമകാലിക ഇന്ത്യാ ചരിത്രത്തിൽ അവിസ്മരണീയവും ഏറ്റവും ബൃഹത്തായതുമായ പ്രതിരോധ പ്രസ്ഥാനമാണ്.
ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ കക്ഷികൾ സമരത്തിന്റെ ഗുണഭോക്താക്കളാകാൻ പരിശ്രമങ്ങൾ നടത്തുന്നതിനുപകരം ഈ പ്രക്ഷോഭത്തിൽനിന്ന് ചില മൗലിക പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. കർഷകർ നയിച്ച സമരവും പൗരത്വഭേദഗതിക്കെതിരേ ഷഹീൻബാഗിൽ നടന്ന പ്രക്ഷോഭവും അതീജീവന സമരങ്ങളാണ്. ഈ അതിജീവന സമരങ്ങളെ പ്രക്ഷോഭ പൊതുമ (Protest Commons) എന്നാണ് വിളിക്കേണ്ടത്. കാരണം ഈ സമരങ്ങളുടെ പരിസമാപ്തി എന്നത് ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുത്തതുകൊണ്ടു മാത്രം തീരുന്നതല്ല. അങ്ങനെയായിരുന്നെങ്കിൽ സന്ധിസംഭാഷങ്ങളിലൂടെ ഒത്തുതീർപ്പുകളിൽ എത്തിച്ചേരേണ്ടതായിരുന്നു. പ്രക്ഷോഭ പൊതുമ ജനാധിപത്യത്തെ ദൃഢീകരിക്കുകയും അതിന്റെ ആഴം വർധിപ്പിക്കുകയും ചെയ്യുന്നു. അത് പുതിയ മൂല്യ മണ്ഡലം സൃഷ്ടിക്കുന്നു. കർഷക സമരത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ചത് അന്വർഥമാണ്. കൊളോണിയൽ അടിമത്വത്തിൽ നിന്നുള്ള സ്വാതന്ത്യ്രം എന്നത് ബൃഹത്‌പൊതുമയായാണ് (Greater Commons) ജനത ഉൾക്കൊണ്ടത്. സമാനമായി നവലിബറൽ കാർഷിക പരിഷ്‌ക്കാരങ്ങൾക്കെതിരേ നടന്ന ഈ ജനാധിപത്യ സമരം ബഹുതലസ്പർശിയായിരുന്നു. അത് ജനാവലിയെ പ്രക്ഷോഭസജ്ജമാക്കി എന്നു മാത്രമല്ല സമീപകാലത്തെ അനുഭവതലത്തിലൊന്നുമില്ലാത്ത കളക്റ്റിവിറ്റിയെ വിഭാവനം ചെയ്യുകയും ചെയ്തു.
കർഷക സമരം ഈ നിലയിൽ പ്രതിപക്ഷത്തെകൂടി രാഷ്ട്രീയവൽക്കരിക്കുന്ന ഒന്നാണ്. പരിചിതമായ മുദ്രാവാക്യങ്ങളുയർത്തി സ്വന്തം സംഘടന ശേഷികൊണ്ട് അണികളെ സംഘടിപ്പിച്ചു ഒന്നോ രണ്ടോ ദിവസം വലിയ സമരസന്നാഹമൊക്കെ ഒരുക്കി പെട്ടെന്ന് പിൻവാങ്ങുന്ന സമരപരിപാടിയല്ല കർഷക സമരത്തിലും ഷഹീൻബാഗിലും കണ്ടത്. കർഷക സമരത്തിന്റെ ജൈവികത എന്ന് പറയുന്നത് അതിന്റെ പ്രതിരോധശേഷി തന്നെയാണ് . പ്രക്ഷോഭത്തിൽ പങ്കെടുത്ത ഓരോ കർഷകനും അവർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യമുള്ളവരായിരുന്നു. നേതൃത്വം പറയുന്നത് അതുപോലെ ആവർത്തിക്കുകയല്ല. മറിച്ച്, മാധ്യമങ്ങളോട് സംസാരിച്ച ഓരോ കർഷകനും കാർഷിക നിയമം അവരുടെ ജീവിത വ്യവസ്ഥകളെ എങ്ങനെ തകിടം മറിക്കുന്നു എന്ന് വ്യവഛേദിച്ചു തന്നെ പറയാൻ കഴിഞ്ഞിരുന്നു. ദേശീയ മാധ്യമങ്ങളിൽ പലതും സമരം ചെയ്യുന്ന കർഷകരെ ഏറ്റവും വിദ്വേഷത്തോട് സമീപിക്കുകയും അവരെ പ്രകോപിക്കുന്ന വിധം ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും സഹനത്തിന്റെ മാർഗങ്ങളിൽ നിന്ന് വ്യതിചലിക്കാതെയാണ് കർഷകർ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിച്ചത്.
വിഘടിച്ചു ശകലങ്ങളായി കിടക്കുന്ന ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പലതും കർഷക സമരത്തെ പിന്തുണയ്ക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രക്ഷോഭങ്ങളിൽ അണിചേരുകയും ചെയ്തിട്ടുണ്ട്. കാർഷിക നിയമം പിൻവലിച്ചതിനെ തുടർന്ന് പ്രക്ഷോഭം നയിച്ച കർഷകരെ അഭിനന്ദിക്കുന്നതിനോടൊപ്പം പ്രധാനമന്ത്രിയുടെ നിലപാടുകളിൽ അവിശ്വാസവും അവർ രേഖപ്പെടുത്തിയിട്ടുണ്ട് . എന്നാൽ കർഷക പ്രക്ഷോഭം സൃഷ്ടിച്ച ധാർമിക മൂല്യം പ്രതിപക്ഷ പാർട്ടികളെ സ്വാധീനിച്ചതായി വ്യക്തമല്ല. വിഘടിതമായി നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ജനാധിപത്യം എന്നത് സ്വാതന്ത്യ്രം പോലെ ഒരു വലിയ പൊതുമയാണെന്നും അതൊരുമിച്ചു സംരക്ഷിക്കേണ്ടതാണെന്ന ബോധ്യം ഉദയം ചെയ്തയായി അനുഭവപ്പെടുന്നില്ല. കർഷകരുടെ മഹാപ്രസ്ഥാനത്തെ ഒരു സംഭവമായി (event) വിലയിരുത്തുന്ന വേളയിൽ തന്നെ ഈ പ്രക്ഷോഭത്തിന്റെ പ്രക്രിയകൾ (process) സവിസ്തരം പഠിക്കുകയും പ്രതിപക്ഷ പാർട്ടികൾ ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.
ചാൾസ് ടില്ലി എന്ന സാമൂഹ്യ സൈദ്ധാന്തികൻ പ്രക്ഷോഭങ്ങളുടെ സ്വയം ശാക്തീകരണ പ്രക്രിയയെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. ലിബറൽ പക്ഷത്തുനിന്നുള്ള അനുമാനങ്ങളാണ് ഇവ. ടില്ലിയുടെ കാഴ്ചപ്പാടിൽ നാലു ഘടകങ്ങളാണ് ഒരു പ്രക്ഷോഭത്തിന്റെ അതീജീവന ശേഷിയെയും മൂല്യസംഹിതയെയും നിർണയിക്കുന്നത്. ഒന്ന്, യോഗ്യനീയത (worthiness), രണ്ട്, ഐക്യം (untiy), മൂന്ന്, ബാഹുല്യം/സംഖ്യ (numbers) നാല്, പ്രതിബദ്ധത (commitment). കർഷക പ്രക്ഷോഭത്തെ ആന്തരികമായി ദൃഢപ്പെടുത്തിയ ഈ നാലു ഘടകങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചടത്തോളവും പ്രസക്തമായതാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിഭാഗധേയത്തെ നിർണയിക്കാൻ പര്യാപ്തമായവയാണ് ഈ ഘടകങ്ങൾ.
യോഗ്യനീയത (Worthiness) എന്നതുകൊണ്ട് ചാൾസ് ടില്ലി പറയുന്നത് പ്രക്ഷോഭത്തിന്റെ പ്രകടസ്വഭാവത്തെ കുറിച്ചാണ്. അതിക്രമങ്ങളും വിദ്വേഷ ഭാഷണ പ്രയോഗങ്ങളും ഒഴിവാക്കിക്കൊണ്ടു കാർഷിക സംസ്‌കൃതിയിൽ അധിഷ്ഠിതമായ സഹനസമരത്തിന്റെ മൂല്യപരിവേഷം ഈ പ്രക്ഷോഭത്തെ സാർവദേശീയമായ അംഗീകാരത്തിന് ഇടയാക്കി. സമര മുഖത്തെ സ്ത്രീ സാന്നിധ്യം സവിശേഷ പ്രധാനമായിരുന്നു. ദേശീയ നെടുംപാതയെ അവർ വീടിനു സമാനമാക്കി. പൊതു അടുക്കളകൾ പരസ്പര ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു. ട്രാക്ടർ ഓടിച്ചും പ്രക്ഷോഭ വീര്യമുയർത്തുന്ന പാട്ടുകൾ പാടിയുമാണ് സ്ത്രീകൾ പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ആവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരിന്നിട്ടും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സമരത്തിൽ അവർ സജീവമായി. സ്വയം ശാക്തീകരിണത്തിന്റെ പ്രക്രിയയാണ് സാധ്യമായത്. പ്രക്ഷോഭ ചേതനയുടെ അന്തഃസത്തയായി മാറുന്ന ജനാധിപത്യപരമായ ഈ പ്രകടഭാവം യോഗ്യനീയതയെ നിർണയിക്കുന്ന പ്രധാന ഘടകമാണ്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു പ്രകോപനങ്ങൾ നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്നു. േലഖിംപൂർ ഖേരിയിലെ കർഷകരെ കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കൊന്ന സംഭവം അതിന്റെ പാരമ്യമായിരുന്നു,
തുടക്കം മുതൽ തന്നെ സമര നേതൃത്വത്തെ വിഭജിക്കാനുള്ള പരിശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാർ കർഷകരെ ചർച്ചയ്ക്ക് വിളിക്കുന്ന വേളയിൽ പ്രക്ഷോഭത്തിന്റെ നേതാക്കൾ ആരാണെന്നു വ്യക്തമാക്കണമെന്നും അവരോട് മാത്രമേ ചർച്ച ചെയ്യുകയുള്ളൂ എന്ന പ്രസ്താവനകളൊക്കെ വൈവിധ്യ സ്വഭാവമുള്ള സമര നേതൃത്വത്തെ ഭിന്നിപ്പിച്ചുകൊണ്ടു പ്രക്ഷോഭത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അമ്പേപാളി. അസാധാരണമായ വിധത്തിലുള്ള ഒരുമയാണ് കർഷകർ പ്രകടിപ്പിച്ചത്. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ അണിനിരന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കർഷക സംഘടനകളുടെ ഐക്യവും (Untiy) ഏകീഭാവത്തിലുള്ള പ്രതികരണങ്ങളും പ്രക്ഷോഭത്തെ ആന്തരികമായി തന്നെ സുദൃഢമാക്കി. വിഘടിച്ചു നിൽക്കുകയും തീർത്തും പ്രാദേശികമായ രാഷ്ട്രീയ നിഷിപ്ത താൽപര്യങ്ങൾ മുൻനിർത്തി പ്രതിപക്ഷ ഐക്യത്തിന് വിഘാതമായി നിൽക്കുന്ന പ്രതിലോമതയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാർത്തമാനകാലത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്.
പ്രക്ഷോഭത്തിൽ അണിചേർന്നവരുടെ സംഖ്യ അഥവാ ബാഹുല്യം സമരത്തെ വൻവിജയമാക്കി തീർക്കുന്നതിൽ ഒരു സുപ്രധാന ഘടമാണ് എന്നാണ് ചാൾസ് ടില്ലി പറയുന്നത്. ജനാധിപത്യ വ്യവസ്ഥതിയിൽ ജനകീയ പ്രക്ഷോഭങ്ങളെ ടിയാൻമെൻ മട്ടിൽ അടിച്ചമർത്താനാവുകയില്ല. പ്രക്ഷോഭങ്ങൾ ഹിംസാത്മകമാകണമെന്നാണ് ഭരണകൂടങ്ങൾ ആഗ്രഹിക്കുക .അതിനായുള്ള പ്രകോപനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും, അടിച്ചമർത്തൽ നടപടികൾ നിയമപരമായി പ്രയോഗിക്കണമെങ്കിൽ അത് വേണം. അല്ലാത്ത പക്ഷം പ്രക്ഷോഭങ്ങളെ അവഗണിക്കാനാവുകയില്ല. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരുടെ ബാഹുല്യം സമ്മതിദായക ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളെ നേരിട്ടു ബാധിക്കുന്ന ഒരു കാര്യമാണ്.വരാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലെ പരാജയ ഭീഷണി മുൻനിർത്തിയാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്ന് വാസ്തവമാണ്. ഓരോത്തർക്കും ഓരോ വോട്ട് എന്ന പാർലമെന്ററി തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രക്ഷോഭങ്ങളിലെ ജനബാഹുല്യത്തെ സമ്മതിദായക ശാക്തീകരണത്തിന്റെ രൂപപ്പെടലായാണ് ബഹുകക്ഷി ജനാധിപത്യത്തിൽ രാഷ്ട്രീയപ്പാർട്ടികൾ നോക്കിക്കാണുന്നത്.അതുക്കൊണ്ട് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരുടെ സംഖ്യാബാഹുല്യം ഭരിക്കുന്ന സർക്കാരിന്റെ മേൽ വലിയ സമ്മർദമാണ് ഉണ്ടാക്കുന്നത്. ഈ നിലയ്ക്ക് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ സംയോജിത നിലപാടുകൾ സ്വീകരിക്കുകയാണെങ്കിൽ ജനാധിപത്യത്തിലെ അടിസ്ഥാനമായ സംഖ്യശാസ്ത്രത്തെ ജനാധിപത്യത്തിന് അനുഗുണമാക്കാൻ കഴിയും.
ഉന്നയിച്ച ആവശ്യങ്ങളിൽനിന്ന് ഒരിക്കലും വ്യതിചലിക്കാതെ തരിമ്പും പോലും ഇളകാതെ കർഷക സമരത്തിൽ ഉടനീളം ദൃശ്യമായ പ്രതിബദ്ധത (commitment) പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾക്ക് മാതൃകയാകേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിൽ എത്തിയാൽ രാഷ്ട്രീയപ്പാർട്ടികൾ പൊതുവിൽ സ്വീകരിച്ചുവരുന്ന പ്രവണത ഭരണാധികാരികളുട ഇച്ഛയ്ക്കനുസരിച്ചു കാര്യങ്ങൾ നിർവഹിക്കുക എന്നതാണ്. നടപ്പാക്കുന്ന പദ്ധതിയോ നിയമമോ ജനഹിതമനുസരിച്ചാണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള ക്ഷമാശക്തി പാർട്ടികൾ പ്രകടിപ്പിക്കാറില്ല. ഭരണാധികാരിയുടെ ഇച്ഛ ജനതയുടെ ഇച്ഛ എന്നാണ്. എതിരഭിപ്രായങ്ങൾക്ക് മറ്റൊരു നിറം നൽകി നേരിടുകയാണ് അനുവർത്തിച്ചുവരുന്ന രീതി. ഇതിൽ വലതും ഇടതും കണക്കാണ്. ഭീകരവാദികൾ, രാജ്യദ്രോഹികൾ (അതിന്റെ തന്നെ മറ്റൊരു പകർപ്പായ നാടിന്റെ ശത്രുക്കൾ) തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ നിന്ദിക്കുക എന്നത് സ്ഥിരമായി ഭരണവർഗം ചെയ്തുവരുന്ന രീതിയാണ്. പ്രതിബദ്ധത എന്നാൽ ചാൾസ് ടില്ലിയുടെ നിർവചനത്തിൽ ദീർഘകാലത്തിലേക്കുള്ള പ്രക്ഷോഭത്തിനുള്ള ഒരുക്കമാണ്. താൽക്കാലികമായ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതിനപ്പുറം സുസ്ഥിരമായ പ്രചാരണത്തിനുള്ള മാർഗമാവുമാണത്. അങ്ങനെ കർഷക സമരം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മാത്രമുള്ള പ്രക്ഷോഭമായിരുന്നില്ല. പാർലമെന്റ് ഭൂരിപക്ഷാത്മകതയുടെ പേരിൽ ബലാൽക്കാരമായി നവലിബറൽ മൂലധന താൽപര്യങ്ങൾ അടിച്ചേലിപ്പിക്കുന്നതിനെതിരേയുള്ള വലിയ മുന്നേറ്റമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."