'എന്നെ സമാധാനിപ്പിച്ചിരുന്ന മോളാണ്, എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല'; പൊട്ടിക്കരഞ്ഞ് മുഫിയയുടെ ഉമ്മ; മാതാപിതാക്കള്‍ കോണ്‍ഗ്രസ് സമരപ്പന്തലില്‍
ആലുവ: ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൂഫിയ പര്‍വീണിന്റെ മാതാപിതാക്കള്‍ കോണ്‍ഗ്രസിന്റെ സമര പന്തലിലെത്തി. അങ്ങേഅറ്റം വികാര നിര്‍ഭരമായ രംഗങ്ങളാണ് സമരപ്പന്തലില്‍ അരങ്ങേറിയത്.
'എന്നെ സമാധാനിപ്പിച്ചിരുന്ന മോളാണ്. എനിക്കൊരു വിഷമം വരുമ്പോള്‍ കൂടെ നില്‍ക്കുന്ന മോളാണ്. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ലാ, ഞാന്‍ വന്നില്ല അന്ന് കൂടെ' എന്ന് പറഞ്ഞ് മൂഫിയയുടെ മാതാവ് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. ദൈവത്തോട് പ്രാര്‍ഥിക്കാമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ മോഫിയയുടെ മാതാവിനെ സമാധാനിപ്പിക്കുന്നതും കാണാമായിരുന്നു.
ആലുവ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊലിസ് സ്റ്റേഷന് മുന്‍പിലെ കോണ്‍ഗ്രസ് സമരം. അന്‍വര്‍ സാദത്ത് എംഎല്‍എ, ബെന്നി ബെഹ്നാന്‍ എംപി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സമരം.
സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയി. മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? പെണ്‍കുട്ടി ജീവനോടെയിരുന്നപ്പോള്‍ നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി കിട്ടണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
മൂഫിയ പര്‍വീണിന്റെ ആത്മഹത്യാക്കുറിപ്പില്‍ സിഐക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്ത അന്ന് മൂഫിയയെ ചര്‍ച്ചയ്ക്കായി ആലുവ സിഐ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പൊലിസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മോഫിയ തൂങ്ങിമരിക്കുകയായിരുന്നു.
വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലിസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സി.ഐക്ക് സ്ഥലം മാറ്റമാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."