സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം ജോസ് കെ. മാണിയുടെ അറിവോടെയെന്ന് വീട്ടമ്മ
കോട്ടയം
വിവിധ ഫേസ് ബുക്ക് പേജുകളിലൂടെയും വാട്സ്ആപ് ഗ്രൂപ്പിലൂടെയും തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടവർ ജോസ് .കെ.മാണിയുമായി അടുത്ത് ബന്ധമുള്ളവരാണെന്ന് വീട്ടമ്മ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ജോസ്.കെ.മാണിയുടെ അറിവോടെയാണ് ഇവർ അധിക്ഷേപം നടത്തുന്നത്. കേസ് നൽകിയിട്ടും രാഷ്ട്രീയ താൽപര്യപ്രകാരമാണ് പാലാ സി.ഐ യുടെ പെരുമാറ്റമെന്നും അവർ പറഞ്ഞു. മുൻ കെ.പി.സി .സി പ്രസിഡന്റ് പ്രൊ. കെ .എം ചാണ്ടിയുടെ കൊച്ചുമകൻ സജ്ജയ് സക്കറിയാസിന്റെ ഭാര്യ സൂര്യ .ആർ. നായരാണ് ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യു .ഡി .എഫ് സ്‌ഥാനാർത്ഥി മാണി .സി. കാപ്പന് വേണ്ടി തന്റെ ഭർത്താവ് പ്രചരണത്തിനിറങ്ങിയതിന്റെ വൈരാഗ്യത്തിനാണ് തന്നെയും ആറും അഞ്ചും വയസുള്ള കുട്ടികളെയും ഉൾപ്പെടെ അധിക്ഷേപിക്കുന്നത്.കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് പാലാ പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്.സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്ന പത്തിലേറെ പേർക്കെതിരെയും അവരെ പിന്തുണക്കുന്ന 60ലധികം ആളുകൾക്കെതിരെയും തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. അവരെ അറസ്റ്റ് ചെയ്യാത്ത പക്ഷം ജോസ് .കെ. മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ സത്യാഗ്രഹം നടത്തുമെന്നും സൂര്യ പറഞ്ഞു.ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."