റോഡ് തകർന്നാൽ നേരിട്ട് വിളിക്കാം ; റോഡുകളുടെയും കരാറുകാരുടെയും വിവരങ്ങളുമായി വെബ്‌സൈറ്റ് നിലവിൽ വന്നു
തിരുവനന്തപുരം
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം കരാറുകാരന്റെ ബാധ്യതയിൽ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. റോഡുകളുടെ നിർമാണമോ പുനരുദ്ധാരണമോ നടത്തിയ കരാറുകാരന്റേയും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എൻജിനീയറുടെയും പേരുകളും ഫോൺ നമ്പറുകളും ജില്ല തിരിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുറോഡുകളുടെ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് വെബ്‌സൈറ്റിൽ നോക്കി റോഡിന്റെ ഡിഫക്ട് ലയബിലിറ്റി കാലാവധി (ഡി.എൽ.പി) കഴിഞ്ഞിട്ടുണ്ടോ എന്ന് മനസിലാക്കി ബന്ധപ്പെട്ട കരാറുകാരനെയോ എൻജിനീയറെയോ ഫോണിൽ ബന്ധപ്പെടാം. പൊതുമരാമത്ത് വകുപ്പിന്റെ ടോൾഫ്രീ നമ്പറിലും വിളിക്കാം. പൊതുറോഡുകൾ സംബന്ധിച്ച വിഷയങ്ങളിൽ കാഴ്ചക്കാരാകാതെ പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ കഴിയും. റോഡ് ഇത്തരം പരസ്യപ്പെടുത്തലിലൂടെ ഉദ്യോഗസ്ഥരും കരാറുകാരും പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടിവരും. ഡി.എൽ.പി കാലാവധിയുടെ വിശദാംശങ്ങൾ പി.ഡബ്ല്യു.ഡി കേരള വെബ്‌സൈറ്റിൽ 'ഡി.എൽ.പി വർക്ക്‌ലിസ്റ്റ് 'എന്ന ലിങ്കിൽ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."