അനുപമ വിഷയം പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി; സമ്മേളനങ്ങളില്‍ സി.പി.എമ്മിനെ തിരിഞ്ഞുകുത്തി ദത്ത് വിവാദം
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെയും സി.ഡബ്ല്യു.സിയെയും സംരക്ഷിച്ച് സി.പി.എം ജില്ലാ സെക്രട്ടറി രംഗത്തുവന്നുവെങ്കിലും പാര്‍ട്ടിയുടെ ഏരിയാ സമ്മേളനങ്ങളില്‍ ദത്ത് വിവാദം പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനമാണുയരുന്നത്. തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല മുഴുവന്‍ ഏരിയാ സമ്മേളനങ്ങളിലും ദത്ത് വിവാദവും ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി സ്വീകരിച്ച നടപടികളും വലിയ ചര്‍ച്ചയാകുന്നുണ്ട്.
അനുപമ വിഷയം പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയാ സമ്മേളനം ചൂണ്ടിക്കാട്ടി. ശിശുക്ഷേമ സമിതിയെയും സമ്മേളനം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ നടപടി വൈകുന്നതിനെതിരെയും ഏരിയാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി.
മുഖ്യമന്ത്രിക്കെതിരേയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകമാണെന്നും അത് താങ്കള്‍ക്കു മാത്രം ബാധകമാകാതിരിക്കുന്നതെങ്ങനെയാണെന്നു വ്യക്തമാക്കിത്തരമണമെന്നും സി.പി.എം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. മന്ത്രിമാരുടെ സ്റ്റാഫില്‍ മാറ്റം വരുത്തണമെന്നതായിരുന്നു തുടര്‍ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ മാനദണ്ഡം മുഖ്യമന്ത്രി മാത്രം പാലിച്ചില്ലെന്നാണ് സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."