ഭരണഘടനാദിനത്തിലെ ന്യൂനപക്ഷാവകാശ വായന
അഡ്വ. വി.കെ ബീരാൻ
1949 നവംബർ 26-നാണ് ഭരണഘടന നിർമാണസമിതി ഇന്ത്യൻ ഭരണഘടന പാസാക്കി അംഗീകരിച്ചത്. ആ ദിവസമാണ് ഭരണഘടനാദിനമായി നാം ആചരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഡോ. രാജേന്ദ്ര പ്രസാദ് പ്രസിഡന്റായും ഒ.ഇ മുഖർജി, കൃഷ്ണമാചാരി എന്നിവർ വൈസ് പ്രസിഡന്റുമാരായും ബി.ആർ അംബേദ്ക്കർ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനും ബി.എൻ റാവു ഭരണഘടന ഉപദേശകനുമായി 1946 ജൂൺ മുതൽ 1947 ജൂൺ വരെ പ്രവർത്തിച്ച 359 അംഗങ്ങളടങ്ങുന്നതായിരുന്നു നമ്മുടെ ഭരണഘടന നിർമാണ സമിതി.ഇന്ത്യാവിഭജനത്തിന്റെ ഫലമായി മൗണ്ട് ബാറ്റൻ പദ്ധതി അനുസരിച്ച് 1947 ജൂൺ 3-ാം തീയതി പാകിസ്താന്റെ ഭരണഘടന നിർമാണസമിതി നിലവിൽവന്നു. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടന നിർമാണസമിതിയിലെ അംഗങ്ങളിൽ പാകിസ്താൻ ഭൂപരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലുള്ളവർ ഇന്ത്യയുടെ ഭരണഘടന നിർമാണസമിതിയുടെ അംഗങ്ങളല്ലാതെയായി. നമ്മുടെ ഭരണഘടന എഴുതിയുണ്ടാക്കിയത് ഡോ. ബി. ആർ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള വിവിധ ജാതി, മത, വർഗ, ലിംഗ വിഭാഗത്തിൽപെട്ട 299 പ്രതിനിധികളായിരുന്നു. ഡോ. ബി.ആർ അംബേദ്ക്കർ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, സർദാർ വല്ലാഭായ് പട്ടേൽ എന്നിവർ അധ്യക്ഷരായുള്ള വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടിരുന്നു. വളരെ ശ്രദ്ധേയമായ ഒരു കമ്മിറ്റി സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളുടെ കമ്മിറ്റിയായിരുന്നു. ആ കമ്മിറ്റിയിൽ സർദാർ വല്ലഭായ് പട്ടേൽ ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുകയും അത് ഭരണഘടനയിൽ നിലവിൽവരികയും ചെയ്തു. ഭരണഘടന നിർമാണസമിതിയുടെ അവസാനയോഗം 395 അനുച്ഛേദങ്ങളും 8 പട്ടികകളും 22 ഭാഗങ്ങളും അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 24ാം തീയതി എല്ലാവരും ഒപ്പുവച്ച് സ്വീകരിച്ചു. 1950 ജനുവരി 26-ാം തീയതി നമ്മുടെ ഭരണഘടന നിലവിൽവന്നു.
നമ്മുടെ ഭരണഘടനയുടെ പ്രസക്തമായ സവിശേഷത മൗലികാവകാശങ്ങൾ അനുവദിച്ചുകൊടുക്കുന്ന അധ്യായമാണ്. അതിനേക്കാൾ പ്രസക്തമായത് രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദിച്ച സർക്കാർ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം നിർദേശിക്കുന്ന 15,16 അനുച്ഛേദങ്ങളാണ്. ഇതു കൂടാതെ മത- ഭാഷ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ അനുസരിച്ചുള്ള സാംസ്‌കാരിക വിദ്യാഭ്യാസ അവകാശങ്ങളാണ്. 25, 26 അനുച്ഛേദങ്ങൾ രാജ്യത്തെ ഏതൊരു പൗരനും തനിക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് മറ്റുള്ളവരുടെ മുമ്പിൽ പ്രചരിപ്പിക്കുവാനുമുള്ള അവകാശം നൽകുന്നുണ്ട്. മേൽപ്പറഞ്ഞ ഭരണഘടനാവ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളും തത്ത്വങ്ങളുമായതുകൊണ്ട് അതിൽ ഭേദഗതി വരുത്താനോ റദ്ദ് ചെയ്യാനോ ഇന്ത്യൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനമാണ് ഇന്ത്യയിലെ 75% വരുന്ന പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന പൗരൻമാരുടെ ജീവിക്കാനുള്ള ഏറ്റവും വലിയ അവകാശം അനുവദിച്ചുതന്നത്.
2019 ജനുവരി 12-ാം തിയതി നടപ്പിൽവന്ന ഭരണഘടനയുടെ 103ാം ഭേദഗതി സുപ്രിംകോടതി ഇന്ദിരാ സാഹ്നി കേസിലെ 845ാം ഖണ്ഡികയുടെ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഇൗ ഭേദഗതി അനുസരിച്ച് സംവരണത്തിന് അർഹതയില്ലാത്ത വിഭാഗങ്ങൾക്ക്, അതായത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക, സവർണ വിഭാഗങ്ങൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും അതുപോലെ എല്ലാ സർക്കാർ സർവിസിലും 10% വരെ ജോലി സംവരണവും കൊടുക്കുന്ന നിയമമുണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഭേദഗതി. വസ്തുതാപരമായി പരിശോധിച്ചാൽ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്നും ഇത്തരം നിയമം ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തെ അത്യുന്നത നീതിന്യായ പീഠമായ സുപ്രിം കോടതിയിലെ ഒമ്പത്ത് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ച് 1992ൽ വിധി പറഞ്ഞിട്ടുള്ളതാണ്.
ഈ ഭരണഘടന ഭേദഗതിയുടെ ഒളിയജൻഡ, നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്ന 'ചാതുർവർണ്യ'വ്യവസ്ഥ 'മനുസ്മൃതി'യിലെ നിബന്ധനകൾ അനുസരിച്ച് നടപ്പാക്കുക എന്നതാണ്. ഭേദഗതി ഔദ്യോഗിക ഗസറ്റിൽ പ്രസദ്ധീകരിച്ചയുടൻ ഇടതുപക്ഷ സർക്കാർ ഒരു മടിയുമില്ലാതെ നടപ്പാക്കുകയാണ് ചെയ്തത്. ചരിത്രം അറിയുന്നവർക്ക് ഇതിൽ വലിയ അത്ഭുതം കാണില്ല. കാരണം, 1957ൽ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്ത കമ്യൂണിസ്റ്റ് സൈദ്ധാന്തികനും സവർണസമുദായ ആചാര്യനുമായിരുന്ന സഖാവ് ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ സംസ്ഥാന മുഖ്യമന്ത്രി തന്നെ അധ്യക്ഷനായുള്ള ആറോളം സവർണ സമുദായക്കാർ മാത്രം അംഗങ്ങളായി രൂപീകരിച്ച ഭരണ പരിഷ്‌കാര കമ്മിഷൻ ശുപാർശ ഇങ്ങനെയായിരുന്നു; സർക്കാർ ഉദ്യോഗത്തിൽ സാമുദായിക സംവരണം അനുവദിച്ചാൽ കൂടുതൽ സാമുദായിക വിഭാഗങ്ങൾ സംവരണം ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടുവരുമെന്നും അത് രാജ്യ താൽപര്യത്തിന് എതിരാണെന്നും അതുകൊണ്ട് സർക്കാർ ഉദ്യോഗത്തിലെ സാമുദായിക സംവരണം അവസാനിപ്പിക്കണമെന്നാണ്. നിയമസഭയിൽ ഇത് സംബന്ധിച്ചുള്ള ചർച്ചയിൽ മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായിരുന്ന സി. എച്ച് മുഹമ്മദ് കോയ ഭരണഘടനയുടെ പ്രസക്തമായ അനുച്ഛേദങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശ ഭരണഘടനാവിരുദ്ധമാണെന്ന് സമർഥിക്കുകയും ഭരണപരിഷ്‌കാര കമ്മിഷൻ റിപ്പോർട്ടിലെ നിഗമനങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയണമെന്നും ശക്തിയായി ആവശ്യപ്പെട്ടു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായതിനാൽ മുഖ്യമന്ത്രിക്ക് ആ ഉദ്യമത്തിൽനിന്ന് പിൻമാറി. അങ്ങനെ സി. എച്ച് എന്ന മഹാൻ ഉണ്ടായിരുന്നതുകൊണ്ട് കേരളത്തിലെ പിന്നോക്ക സമുദായങ്ങൾ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഒറ്റയാൻ പോരാട്ടത്തിന്റെ ഫലമായി.
ഇ.എം.എസിൻ്റെ അതേ നിലപാട് തന്നെയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അതിനെ പൊളിച്ചടുക്കാൻ സി.എച്ചിനെ പോലൊരാൾ നിയമസഭയിൽ ഇല്ലാതെപോയി. കാരണം, തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രിംകോടതിയിലെ 9 ജഡ്ജിമാരടങ്ങുന്ന ബെഞ്ച് തീർപ്പ് കൽപ്പിച്ച വിഷയമാണ് ഒരു കൂസലുമില്ലാതെ അദ്ദേഹം പിന്തുണക്കുന്നത്.ഇതിലൂടെ ചാതുർവർണ്യത്തിലേക്കുള്ള യാത്രയിൽ കുടപിടിക്കാനാണ് സഖാവ് പിണറായി വിജയൻ ശ്രമിക്കുന്നത്.മണ്ഡൽ കേസിലെ വിധിന്യായത്തിലെ 845ാം ഖണ്ഡിക മാത്രം ഒന്ന് വായിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത് ചെയ്യാൻ കഴിയില്ലായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ കൊലച്ചതിയാണ് ഇവിടത്തെ സവർണരല്ലാത്ത ജനങ്ങളോട് ചെയ്തിട്ടുള്ളത്.
103ാം ഭരണഘടനാഭേദഗതി ഈ ലേഖകൻ ഉൾപ്പെടെ കേരളത്തിൽനിന്ന് എസ്.എൻ.ഡി.പിയും മറ്റ് പലസംസ്ഥാനങ്ങളിൽനിന്നുള്ള ജനാധിപത്യ, മതേതര വിശ്വാസികളും ചോദ്യം ചെയ്തിരിക്കുകയാണ്. ഫയൽ ചെയ്ത റിട്ട് ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. 1992ൽ ഇന്ധിരാ സാഹ്നി കേസിലെ 9 അംഗ ജഡ്ജിമാരുടെ വിധി, വരാൻപോകുന്ന ഭരണഘടനാബെഞ്ച് അംഗീകരിക്കുന്നില്ലെങ്കിൽ അത് 11 ജഡ്ജിമാരുള്ള ഭരണഘടനാബെഞ്ച് പരിഗണിക്കേണ്ടിവരും. അങ്ങനെ 11 ജഡ്ജിമാർ ഉൾപ്പെടുന്ന ഭരണഘടനാബെഞ്ച് ഈ റിട്ട് ഹർജികൾ തള്ളികൊണ്ട് ബി.ജെ.പി സർക്കാർ കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതി അംഗീകരിക്കുകയാണെങ്കിൽ അധികം വൈകാതെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാൻ അനുവദിക്കുന്ന 29, 30 അനുച്ഛേദങ്ങൾ ഭരണഘടനയിൽനിന്ന് എടുത്തുമാറ്റും. അതുപോലെ, രാജ്യത്തെ പൗരൻമാർക്ക് ഏത് മതത്തിൽ വിശ്വസിക്കാനും അതിന്റെ അനുഷ്ഠാന കർമങ്ങൾ നിർവഹിക്കാനും അവരുടെ മതപരമായ ധർമസ്ഥാപനങ്ങൾ പോലെയുള്ളതു നടത്താനുള്ള അവകാശം നൽക്കുന്ന ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളും എടുത്തുകളയും. ഇതിന്റെ പരിണിത ഫലമായി ക്രൈസ്തവർ, മുസ്‌ലിംകൾ അടക്കമുള്ള മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ മതം പ്രചരിപ്പിക്കുവാനോ അതേപ്പറ്റി പ്രചാരണം നടത്താനോ അവരുടെ സംസ്‌കാരം, ഭാഷ പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് അറബി ഭാഷാപഠനം, യതീംഖാനകൾ ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയും. ഇന്ന് നിർബന്ധിത മത പരിവർത്തനമെന്ന പേരിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും തെക്കേ ഇന്ത്യയിലെ കർണാടക പോലെയുള്ളിടത്തും സംഘ്പരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമവൽക്കരിക്കപ്പെടും. ഇതാണ് നേരത്തെ ഇതിൽ പരാമർശിച്ച ചാതുർവണ്യവ്യവസ്ഥയിലേക്കുള്ള പോക്ക് എന്നത്.
ഇതിൽ ഏറ്റവും ആദ്യവും അധികവുമായി ബാധിക്കുന്നത് 20 കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെയാണ്. അധികം വൈകാതെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഗത്തിലെയും എല്ലാ അവകാശങ്ങളും നഷ്ടപ്പെടും എന്നുള്ളത് ഒരു വസ്തുതയാണ്. ഒരുപക്ഷേ ഈ തിരിച്ചറിവുണ്ടാകാത്തതുകൊണ്ടായിരിക്കണം ക്രൈസ്തവ, മുസ്‌ലിം വിഭാഗങ്ങളും ദേശീയ ജനാധിപത്യ, മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്, മറ്റ് ഇടതു പക്ഷ പാർട്ടികളും 103ാം ഭരണഘടനാഭേദഗതി അനുകൂലിക്കുന്നത്.
ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ സംഘടനയെന്ന നിലക്ക് അവർക്ക് ഇതിനെതിരേ സുപ്രിംകോടതിയിൽ പോകാൻ കഴിയില്ലെങ്കിൽ കെ.എം സീതി സാഹിബ്, ബി. പോക്കർ സാഹിബ്, അഡ്വ. കെ.എ മുഹമ്മദ്, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കൾ നട്ടുവളർത്തി വലുതാക്കിയ എറണാകുളം കേന്ദ്രമായി 1956 മുതൽ പ്രവർത്തിക്കുന്ന വമ്പിച്ച ആളും അർഥവുമുള്ള കേരള മുസ്‌ലിം എജുക്കേഷനൽ അസോസിയേഷൻ എന്ന സംഘടന എന്തുകൊണ്ടനങ്ങുന്നില്ല. കേരള മുസ്‌ലിം സമൂഹം ഇതിനെതിരേ സടകുടഞ്ഞ് എഴുന്നേൽക്കേണ്ട സമയമായി.
(മുൻ അഡിഷനൽ അഡ്വക്കറ്റ് ജനറലാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."