ഇനിയും അവസാനിച്ചിട്ടില്ല ആ പച്ചക്കണ്ണുകാരിയുടെ അലച്ചില്‍; ശര്‍ബത്ത് ഗുല ഇനി ഇറ്റലിയില്‍
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാഷന്‍ ജ്യോഗ്രഫിക്കിന്റെ കവര്‍ ചിത്രമായ അഫ്ഗാന്‍ പെണ്‍കുട്ടി ശര്‍ബത്ത് ഗുലയെ ഓര്‍ക്കുന്നോ. തീക്ഷണമായ ആ പച്ചക്കണ്ണുകളുടെ ഉടമയെ. ഒരായുസ്സിന്റെ ദുരന്താനുഭവങ്ങള്‍ മുഴുവന്‍ വിളിച്ചോതിയ കത്തുന്ന ആ കണ്ണുകളുടെ ഉടമയെ. അഫ്ഗാന്‍ അഭയാര്‍ത്ഥിയായ ശര്‍ബത്ത് ഗുല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല അവളുടെ അലച്ചില്‍. ഏറ്റവും ഒടുവിലിതാ ഇറ്റലിയിലെത്തിയിരിക്കുന്ന അവള്‍. അഭയം തേടി. ഇറ്റലി അവരെ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
അധിനിവേശത്തിന്റെ ദുരിതപൂര്‍ണമായ ജീവിതങ്ങള്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവന്ന ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു അവളുടേത്. 1984 ല്‍ സ്റ്റീവ് മക്കറിയാണ് അവരുടെ ചിത്രം പകര്‍ത്തിയത്. അത്തവണ നാഷനല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായി വന്നു ആ ചിത്രം. അന്നു 12 വയസ്സായിരുന്നു ശര്‍ബത്തിന്. പാകിസ്താനിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് പകര്‍ത്തിയതായിരുന്നു ആ ചിത്രം. 1979 ലെ സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് അഭയം തേടി നാടുവിട്ട അഫ്ഗാനികളിലൊരാളായിരുന്നു ആ 12 വയസുകാരി.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പാകിസ്താനില്‍ ജീവിക്കുന്നതായി കണ്ടെത്തി 2016 ല്‍ ഇവരെ അഫ്ഗാനിലേക്ക് തിരിച്ചയച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് കാബൂളില്‍ വീടും അനുവദിച്ചു. എന്നാല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ സ്വന്തം നാടുവിടാന്‍ അവര്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു.
അവര്‍ സഹായം തേടുകയായിരുന്നെന്ന് ഇറ്റലി അറിയിച്ചു. ഒരു സര്‍ക്കാറിതര സന്നദ്ധ സംഘടനയാണ് ശര്‍ബത്തിന് ഇറ്റലിയില്‍ അഭയം നല്‍കാനായി ഇടപെട്ടത്. താലിബാന്‍ ഭരണം പിടിച്ച ശേഷം 5000 ഓളം അഫ്ഗാനികള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന് ഇറ്റലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."