ഡോക്ടർമാരുടെ ആത്മവീര്യം തകർക്കരുത്
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
പന്ത്രണ്ടു വർഷം മുമ്പാണ്, ഇതെഴുതുന്നയാൾ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കാലം. ഒരു കടലാസ് മലയാളി സംഘടനയുടെ നേതാവെന്ന് പറയപ്പെടുന്നൊരു സുഹൃത്ത് ഒരുദിവസം ഓഫിസിൽ വന്നു. സംസാരത്തിനിടയിൽ 40,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുക കൊടുത്താൽ ശ്രീലങ്കയിലെ ഒരു സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞു. വ്യാജ ഡോക്ടറേറ്റല്ല. സർവകലാശാലയുടെ ഔദ്യോഗിക മുദ്രയുള്ള രേഖ തന്നെ കിട്ടും. ഗൾഫ് രാജ്യങ്ങളിലെ പല മലയാളി പ്രമുഖരും ഇങ്ങനെ ഡോക്ടറേറ്റ് നേടിയിട്ടുണ്ടത്രെ. വേണമെങ്കിൽ മറ്റു ചില വിദേശ സർവകലാശാലകളിൽനിന്നും കിട്ടാനുണ്ട്. എന്നാൽ ചെലവു കുറവ് ശ്രീലങ്കയിൽനിന്നുള്ളതിനാണെന്നും അദ്ദേഹം പറഞ്ഞു.
വെറുതെ കാശ് കൊടുത്താൽ മാത്രം ഇങ്ങനെ ഡോക്ടറേറ്റ് ആരെങ്കിലും തരുമോ എന്ന എന്റെ സംശയത്തിന്, ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു പ്രബന്ധം തട്ടിക്കൂട്ടിയെടുത്താൽ മതിയെന്നും അതു ചെയ്യാൻ പ്രയാസമുണ്ടെങ്കിൽ പത്രപ്രവർത്തനത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ഞാൻ സമൂഹത്തിനു നൽകിയ ''സംഭാവനകൾ'' വിശദീകരിച്ചുകൊണ്ട് ഒരു കുറിപ്പ് തയാറാക്കിക്കൊടുത്താലും മതിയെന്നുമൊക്കെ സുഹൃത്തിന്റെ മറുപടി. തൽക്കാലം അതൊന്നും വേണ്ടെന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.
ഏതാനും ദിവസങ്ങൾക്കു ശേഷം ഇന്ത്യൻ എംബസിയുടെ ഒരു പരിപാടിയിൽവച്ച് ഈ സുഹൃത്തിനെ വീണ്ടും കണ്ടപ്പോൾ അദ്ദേഹം ഡോക്ടറേറ്റിന്റെ കാര്യം ഓർമിപ്പിച്ചു. വേണമെങ്കിൽ 35,000 രൂപയ്ക്ക് സംഘടിപ്പിക്കാമെന്നും പറഞ്ഞു. ഒന്നുകൂടി വിലപേശിയാൽ അതിലും കുറഞ്ഞ തുകയ്ക്ക് കിട്ടിയേക്കുമെന്നു തോന്നിയെങ്കിലും വേണ്ടെന്നു തന്നെ തീരുമാനിച്ചു.
കാരണമുണ്ട്. വെറുതെ ഡോക്ടറേറ്റ് വാങ്ങിവച്ചിട്ടു കാര്യമില്ല. അതു നാലുപേർ അറിയണമെങ്കിൽ പേരിന്റെ കൂടെ ഡോ. എന്ന് ചേർക്കണം. സ്വന്തം നാട്ടുകാർ അറിയണമെങ്കിൽ വീടിന്റെ ഗേറ്റിൽ ഡോ. ചേർത്ത് ബോർഡ് വയ്‌ക്കേണ്ടിവരും. അതു കണ്ട് ആരെങ്കിലും പനിയോ വയറുവേദനയോ ഒക്കെയായി ചികിത്സ തേടി വന്നാൽ പുലിവാലു പിടിക്കും. വെറുതെ കാശുകൊടുത്ത് പൊല്ലാപ്പ് വാങ്ങിവയ്‌ക്കേണ്ടെന്നു കരുതിയാണ് ഡോക്ടറാകാൻ കിട്ടിയ അവസരം വേണ്ടെന്നുവച്ചത്.
എന്നെപ്പോലെ ഒന്നിലും മികവില്ലാത്ത ആളുകൾക്കാണ് ഇങ്ങനെ കാശ് കൊടുത്ത് ഡോക്ടറേറ്റ് വാങ്ങേണ്ടിവരുന്നത്. ഏതെങ്കിലും രംഗത്ത് പ്രതിഭാശാലികളായവരെ സർവകലാശാലകൾ അങ്ങോട്ടു വിളിച്ച് ഡോക്ടറേറ്റ് നൽകും. വൈക്കം മുഹമ്മദ് ബഷീറിനും തകഴി ശിവശങ്കരപ്പിള്ളയ്ക്കുമൊക്കെ കൊടുത്തതുപോലെ. മുമ്പ് കോൺഗ്രസ് നേതാവും ഇപ്പോൾ സി.പി.എമ്മുകാരിയും വനിതാ കമ്മിഷൻ അംഗവുമൊക്കെയായ ഷാഹിദ കമാലിനും ഒരു വിദേശ സർവകലാശാലയിൽ നിന്ന് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഡോക്ടറേറ്റ് കിട്ടിയത് അങ്ങനെയാണെന്നു തോന്നുന്നു. അവർ കേരളത്തിൽ നടത്തിയ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ലോകമെങ്ങും അറിയപ്പെടുന്നുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. എന്നാൽ അവരിപ്പോൾ കമ്യൂണിസ്റ്റുകാരിയായതുകൊണ്ട് ബൂർഷ്വാ, പിന്തിരിപ്പൻ ശക്തികൾക്ക് അത് സഹിക്കുന്നില്ല. അങ്ങനെയാണ് ഇതു സംബന്ധിച്ച് ലോകായുക്തയിൽ പരാതി എത്തിയതും ലോകായുക്ത കേസ് പരിഗണനയ്‌ക്കെടുത്തതും.
നേരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്തും മറ്റും നൽകിയ രേഖകളിൽ തനിക്ക് വിയറ്റ്‌നാമിലെ ഒരു സർവകലാശാലയിൽനിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന് ഷാഹിദ പറഞ്ഞിരുന്നതത്രെ. ഇപ്പോൾ ലോകായുക്തയിൽ അവർ പറയുന്നത് കസാഖിസ്ഥാനിലെ സർവകലാശാലയാണ് ഡോക്ടറേറ്റ് നൽകിയതെന്നാണ്. അവരുടെ പാർട്ടിയായ സി.പി.എമ്മും പാർട്ടി നയിക്കുന്ന സംസ്ഥാന സർക്കാരും നേരത്തെ പറഞ്ഞിരുന്നതും വിയറ്റ്‌നാമിൽനിന്ന് കിട്ടിയെന്നായിരുന്നു. ഇപ്പോൾ സർക്കാർ പറയുന്നതും കസാഖിസ്ഥാനിൽനിന്നാണെന്നാണ്. അതിന്റെ പേരിലാണ് തർക്കം.
അതിലൊന്നും വലിയ തകരാറ് കാണേണ്ടതില്ലെന്നാണ് തോന്നുന്നത്. നമ്മളോടൊക്കെ ഏതൊക്കെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചെന്നും ഏതൊക്കെ ബസ്സിലും ട്രെയിനിലും യാത്ര ചെയ്‌തെന്നുമൊക്കെ ചോദിച്ചാൽ എല്ലാം ഓർമിച്ച് ഉത്തരം പറയാനാവില്ല. അതുപോലെ ഒരുപാട് പഠിക്കുകയും ഒരുപാട് സർവകലാശാലകളിൽനിന്ന് സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തവരോട് ഏതെങ്കിലുമൊരു സർട്ടിഫിക്കറ്റ് എവിടെനിന്ന് കിട്ടിയെന്നു ചോദിച്ചാൽ പെട്ടെന്ന് ഉത്തരം നൽകാനായെന്നുവരില്ല. പിന്നെ പാർട്ടിയും സർക്കാരും അങ്ങനെ പറയുന്നതും തെറ്റൊന്നുമല്ല. കമ്യൂണിസ്റ്റുകാർക്ക് ദേശീയതയെക്കാൾ പ്രധാനം സാർവദേശീയതയാണ്. അങ്ങനെ നോക്കുമ്പോൾ വയറ്റ്‌നാമും കസാഖിസ്ഥാനുമൊക്കെ മുമ്പ് കമ്യൂണിസ്റ്റ് ഭരണത്തിലുണ്ടായിരുന്ന രാജ്യങ്ങളാണ്. അവ രണ്ടും തമ്മിൽ അവർക്ക് വ്യത്യാസമൊന്നുമില്ല.
പിന്നെ ഷാഹിദ പറയുന്നതിൽ പാർട്ടിക്ക് സംശയവുമില്ല. കോൺഗ്രസുകാരും യു.ഡി.എഫുകാരുമെല്ലാം തട്ടിപ്പ് തരികിടക്കാരാണെന്നത് സി.പി.എമ്മുകാർക്ക് ഉറപ്പുള്ള കാര്യമാണ്. എന്നാൽ അവർ ആ ചേരിവിട്ട് സി.പി.എം ചേരിയിലെത്തിയാൽ വിശുദ്ധരായി മാറും. സി.പി.എമ്മിനു മാത്രമല്ല മിക്ക പാർട്ടികൾക്കും അതങ്ങനെയാണ്. അതുകൊണ്ട് ഷാഹിദ എന്തെങ്കിലും തരികിട കാണിച്ച് ഡോക്ടറേറ്റ് നേടിയതായി പാർട്ടിയോ സർക്കാരോ വിശ്വസിക്കുന്നുമില്ല.
എന്നിട്ടും ഇതിന്റെയൊക്കെ പേരിൽ കോലാഹലമുണ്ടാക്കുന്നവരിലധികവും വലിയ പഠിപ്പും വിവരമവുമില്ലാത്തവരാണ്. പഠിപ്പും പത്രാസുമുള്ളവരോടുള്ള ആസൂയകൊണ്ടാണത്. അതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത്. ഡോക്ടറേറ്റെടുക്കാൻ ശ്രമിക്കുകയോ അതു നേടുകയോ ചെയ്യുന്നവരുടെ ആത്മവീര്യം തകർക്കരുത്. കേരളത്തിൽ ഡോക്ടർമാർ പെരുകട്ടെ. ലോകത്ത് ഏറ്റവുമധികം ഡോക്ടർമാരുള്ള നാടെന്ന് മലയാളികൾക്ക് അഭിമാനിക്കാമല്ലോ.
പാവം സോഷ്യലിസ്റ്റുകൾ
ഒരുകാലത്ത് വലിയ പേരും പെരുമയും ഒരുപാട് എരുമയുമൊക്കെയുണ്ടായിരുന്ന വലിയൊരു രാഷ്ട്രീയ ശക്തിയായിരുന്നു ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം. ജയപ്രകാശ് നാരായണനെപ്പോലുള്ള ഉഗ്രപ്രതാപികളായ സോഷ്യലിസ്റ്റ് നേതാക്കളുടെ പേരു കേട്ടാൽ തന്നെ ഭരണാധികാരികൾ പേടിച്ചുവിറച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഏറെക്കാലം പാടുപെട്ടിട്ടും രാജ്യഭരണത്തിൽ ഇടംകിട്ടാതിരുന്ന സംഘ്പരിവാർ അതിലേക്ക് ചെന്നുകയറിയത് സോഷ്യലിസ്റ്റുകളുടെ പിന്നിൽ അണിനിരന്നും അവരോടൊപ്പം ലയിച്ച് ജനതാ പാർട്ടിയായി മാറിയുമൊക്കെയാണ്. ആ സംഘ്പരിവാർ ഇപ്പോൾ രാജ്യം വാഴുമ്പോൾ സോഷ്യലിസ്റ്റുകളുടെ സ്ഥിതി മഹാകഷ്ടമാണ്.
എന്നുകരുതി സോഷ്യലിസം ഇന്ത്യയിൽ കുറ്റിയറ്റുപോയിട്ടൊന്നുമില്ല. പിളർന്നുപിളർന്ന് കാക്കത്തൊള്ളായിരം പാർട്ടികളായി മാറിയ സോഷ്യലിസ്റ്റുകളുടെ സാന്നിധ്യം ഇന്ത്യയിലാകെയുണ്ട്. ചിലയിടങ്ങളിൽ ബി.ജെപിക്കൊപ്പവും മറ്റു ചിലയിടങ്ങളിൽ കോൺഗ്രസിനൊപ്പവും കേരളത്തിൽ ഇടതുകക്ഷികൾക്കൊപ്പവുമൊക്കെ നിന്ന് അവർ ഇന്ത്യയെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാക്കാൻ നന്നായി പാടുപെടുന്നുമുണ്ട്. സോഷ്യലിസ്റ്റുകൾക്ക് ഇടതെന്നോ വലതെന്നോ നടുവിലെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എവിടെ നിന്നാലും സോഷ്യലിസം കൊണ്ടുവന്നാൽ മതിയല്ലോ.
സോഷ്യലിസ്റ്റുകളുടെ ജന്മസിദ്ധമായ പിളർപ്പുവാസനയിൽ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനവും ഒട്ടും പിന്നിലല്ല. ദേശീയ തലത്തിലുണ്ടാകുന്ന പിളർപ്പുകൾക്കൊപ്പമുള്ള പിളർപ്പുകൾക്കു പുറമെ ഇവിടുത്തെ ഓരോ കാര്യത്തിൻ്റെ പേരിലും അവർ പിളർന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ആരെങ്കിലും സോഷ്യലിസ്റ്റുകളെ ശ്രദ്ധിക്കണമെങ്കിൽ ഇടയ്‌ക്കൊക്കെ പിളരുകയല്ലാതെ മറ്റൊരു മാർഗമില്ല. അങ്ങനെ പലതവണ പിളർന്ന് മുന്നണികൾ മാറി പിന്നീട് എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലും ഇപ്പോൾ മകൻ എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുമായി മാറിയ എൽ.ജെ.ഡി വലിയ പ്രതിസന്ധിയിലാണിപ്പോൾ. കഷ്ടിച്ച് ഒരു എം.എൽ.എയെ ജയിപ്പിച്ചെടുക്കാനായെങ്കിലും ഇടതു മന്ത്രിസഭയിൽ ഇടം കിട്ടിയില്ല. ശ്രേയാംസ് കുമാറിന് രാജ്യസഭാംഗത്വം കിട്ടിയതാണ് ഏക ആശ്വാസം. എന്നാൽ അതുകൊണ്ട് കൂടെയുള്ള മറ്റു സോഷ്യലിസ്റ്റ് പ്രമുഖർക്കൊന്നും കാര്യമില്ലല്ലോ.
അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പാർട്ടിയിലെ മറ്റു നേതാക്കൾക്ക് ഒന്നുകൂടി പിളരണമെന്നു തോന്നി. കേരളത്തിലെ മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ ഷെയ്ഖ് പി. ഹാരിസിന്റെയും അദ്ധ്വാനവർഗ സിദ്ധാന്തം വിട്ട് സോഷ്യലിസം സ്വീകരിച്ച വി. സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ അവർ പിളർന്നു. ആ പിളർപ്പ് കാരണം ഇപ്പോൾ കുറച്ചു ദിവസമായി ഈ നേതാക്കളുടെ പേരുകൾ വാർത്താമാധ്യമങ്ങളിൽ ഇടം നേടുന്നുണ്ട്. കുറച്ചു ദിവസം കഴിഞ്ഞാൽ അതും ഇല്ലാതാകും. കുറച്ചുകാലം കഴിഞ്ഞ് വാർത്തകളിൽ തീരെ കാണാതാകുന്ന ഘട്ടം വന്നാൽ പാവം സോഷ്യലിസ്റ്റുകൾ വീണ്ടും പിളർന്നോട്ടെ. ആരും കാര്യമാക്കേണ്ട. അവരുടെ പിളർപ്പുകൊണ്ട് നാടിനോ നാട്ടുകാർക്കോ എന്തെങ്കിലും ഗുണമോ ദോഷമോ ഇല്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."