അട്ടപ്പാടിയിലെ അരിവാള്‍ രോഗികള്‍ പ്രസവിക്കരുതെന്ന് ആരോഗ്യവകുപ്പ്; പ്രദേശത്തെ ആദിവാസികളില്‍ 80 ശതമാനം പേരും വിളര്‍ച്ച ബാധിതര്‍
പാലക്കാട്: അട്ടപ്പാടിയിലെ അരിവാള്‍ രോഗം ഉള്ള ആദിവാസി സ്ത്രീകള്‍ പ്രസവിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. അരിവാള്‍ രോഗികള്‍ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും വിളര്‍ച്ച രോഗികളാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ 200 ഓളം പേര്‍ക്ക് അരിവാള്‍ രോഗമുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. രണ്ടായിരത്തോളം പേര്‍ ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണ്. അട്ടപ്പാടിയിലെ ആദിവാസികളില്‍ 80 ശതമാനവും പോഷകാഹാരക്കുറവ് മൂലം അനീമിയ ബാധിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അനീമിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉള്‍പ്പെടെ ബഹുതല പ്രവര്‍ത്തനം അനിവാര്യമാണ്. ഈ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം. പ്രശ്‌നത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന ആരോഗ്യവകുപ്പിലെ വിദഗ്ധര്‍ അടുത്തദിവസം അട്ടപ്പാടിയിലെത്തും. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതി രൂപവത്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."