'നിര്‍ദ്ദേശങ്ങള്‍ നല്‍കി, ഒന്നും നടപ്പാക്കിയില്ല' വായുമലിനീകരണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രിംകോടതി. വായു മലിനീകരണം തടയാന്‍ എന്‍സിആറും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും നല്‍കിയ നിര്‍ദേശങ്ങള്‍ എത്രത്തോളം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു.
'ലക്ഷ്യം നല്ലതാണ്. മലിനീകരണം തടയാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്, എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുന്നില്ല. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഒരാളെ ജയിലിലടച്ചതുകൊണ്ടോ കുറ്റം ചുമത്തിയതുകൊണ്ടോ പ്രയോജനമില്ല. നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കര്‍മസേനയെ ചുമതലപ്പെടുത്തേണ്ടിവരും' ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഹര്‍ജി ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.
വായു മലിനീകരണത്തിന് പുറമേ കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം സെന്‍ട്രല്‍ വിസ്തയില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വായു മലിനീകരണത്തിന് വഴിയൊരുക്കുമെന്ന് സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."