ഒമിക്രോണ്‍ വൈറസ്; സംസ്ഥാനം മുന്‍കരുതലുകള്‍ സ്വീകരിച്ചു, ഹൈറിസ്ക് മേഖലകളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിരീക്ഷണം-ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജാഗ്രത വേണം,ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക കര്‍ശന നിരീക്ഷണം ഏര്‍പ്പെടുക്കും. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അവരെ പ്രത്യേകം മാറ്റും. വിമാനത്താവളത്തിലും പരിശോധന ശക്തമാക്കും.
സംസ്ഥാനം എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ നാളെ അവലോകന യോഗം ചേരുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും വാക്സിനെടുക്കാത്തവര്‍ വാക്സിന് എടുക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കേന്ദ്ര നിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്.ടി.പി.സി.ആര് പരിശോധന നടത്തണം. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സംസ്ഥാനത്ത് എത്തിയ ഉടന്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം.
ഇവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കണം. അതിനുശേഷം ആര്.ടി.പി.സി.ആര് പരിശോധന നടത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് ജനിതക വകഭേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."