ഫോണിന്റെ വില പോലും കുട്ടിയുടെ ജീവനില്ലേ?; പിങ്ക് പൊലിസിന്റെ പരസ്യ വിചാരണയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
എറണാകുളം: ആറ്റിങ്ങലിലെ പിങ്ക് പൊലിസിന്റെ പരസ്യവിചാരണയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഡിയോ പരിശോധിച്ച ഹൈക്കോടതി ദൃശ്യങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണൈന്നും കുട്ടിയെ തടഞ്ഞ് വച്ചാണ് ചോദ്യം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊലിസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ. പൊലീസ് ഇത്തരത്തിലായതുകൊണ്ട് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പൊലിസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നത്,' കോടതി വിമര്‍ശിച്ചു.
കാക്കി ഈഗോയാണ് ചില പൊലിസുകാര്‍ക്ക്. പൊലിസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പൊലിസുകാരും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലിസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ഇങ്ങനെയെങ്കില്‍ എട്ടു വയസുകാരിയായ കുട്ടിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ചാണ് ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്തത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലിസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടുറോട്ടില്‍ ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പൊലിസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."