ലോകം വീണ്ടും കൊവിഡ് ഭീതിയിൽ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
സാധാരണ ജീവിതത്തിലേക്ക് ആളുകൾ മടങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ലോകത്തെ ഭീതിയിലാഴ്ത്തി, വകഭേദം വന്ന കൊറോണ വൈറസിനെ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദമാണ് ജനങ്ങൾക്കിടയിൽ മാരകമായിത്തീർന്നത്. ഇന്ത്യയിൽ രണ്ടാം തരംഗത്തിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം, രണ്ട് തവണ വകഭേദം വന്നതായിരുന്നതിനാൽ അത്ര മാരകമായിരുന്നില്ല. എന്നാൽ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്ത പുതിയ വൈറസിനു 30 തവണയിലധികം വകഭേദം വന്നതിനാൽ കൂടുതൽ മാരകമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഹോങ്കോങ്ങ്, ഇസ്റാഈൽ, ബെൽജിയം, യു.കെ, റഷ്യ, നെതർലാൻഡ്, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ പല യൂറോപ്യൻ രാഷ്ട്രങ്ങളും ചില ഏഷ്യൻ രാജ്യങ്ങളും ഇതിനകം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞു. പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. ഇതേത്തുടർന്ന് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാനും ഏഴ് ദിവസത്തെ ക്വാറന്റൈനും നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. പല രാഷ്ട്രങ്ങളും യാത്രാ വിലക്കുകളും ഏർപ്പെടുത്തി.
നിലവിലുള്ള വാക്സിനുകൾ ഒമിക്രോണിനെ ചെറുക്കാൻ പര്യാപ്തമാണോ എന്നറിയാൻ ആഴ്ചകളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വകഭേദം വന്ന വൈറസ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതീവ ജാഗ്രതാ നിർദേശം വന്നതോടെ പൊതുജീവിതത്തെ അത് വീണ്ടും സാരമായി ബാധിക്കുമോ എന്ന ആശങ്കയാണിപ്പോഴുള്ളത്. രണ്ട് പ്രാവശ്യം വാക്സിനെടുത്തവരുടെ പ്രതിരോധ ശേഷിയെപ്പോലും മറികടക്കാൻ ശേഷിയുള്ളതാണ് ഒമിക്രോൺ എന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുമുണ്ട്. കൊവിഡ് വന്ന് പോയവരിലും ഒമിക്രോൺ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
നവംബർ ഒമ്പതിന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ ശേഖരിച്ച സാംപിളുകളിൽ നടത്തിയ ജനിതക ശ്രേണീകരണത്തെ തുടർന്നാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 24ന് റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒരേസമയം തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ കേസുകൾ പടർന്നതാണ് ലോകത്തെ വീണ്ടും ഭയപ്പെടുത്തുന്നത്. നേരത്തേതിൽ നിന്നും വ്യത്യസ്തമായി ശ്വാസകോശത്തിലേക്കു തുളഞ്ഞു കയറാൻ പ്രാപ്തിയുള്ളതാണ് ഒമിക്രോൺ. വായുവിലൂടെ വൈറസിന് സഞ്ചരിക്കാനാകുമെന്നതിനാൽ വേഗത്തിൽ പടരാനും ഇത് കാരണമാകും. പെട്ടെന്ന് പെരുകാൻ കഴിവുള്ളതാണ് വകഭേദം വന്ന ഈ വൈറസ് എന്നതും വകഭേദത്തിന് പ്രത്യേക ലക്ഷണങ്ങളില്ലെന്നതും വ്യാപനത്തിന് സാധ്യത കൂട്ടുന്നു.
ഒമിക്രോൺ കണ്ടെത്തും മുമ്പ് തന്നെ യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്. ഇത് കാരണം പല യൂറോപ്യൻ രാജ്യങ്ങളിലെ ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒമിക്രോണും കൂടി വരുന്നതോടെ ചികിത്സയും പ്രതിസന്ധി നേരിട്ടേക്കാം. കൊവിഡിന്റെ പുതിയ വകഭേദം മനുഷ്യ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഇതുവരെ ഇല്ലാത്ത ഗുരുതരമായ സ്ഥിതിയിലൂടെ കടന്ന് പോകാൻ സാധ്യതയുണ്ടെന്നുമാണ് രണ്ട് ദിവസം മുമ്പ് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞത്. ബെൽജിയത്തിലായിരുന്നു പുതിയ വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വൈറസിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും അതിന്റെ വ്യാപനശേഷിയെക്കുറിച്ചും ഇപ്പോഴും പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അതൊക്കെ എത്രത്തോളം ഫലവത്താകുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയും നിലവിലുണ്ട്. പുതിയ വകഭേദത്തിന്റെ നൂറിലേറെ കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും പുറത്ത് വന്നത്. വാർത്ത പുറത്ത് വരും മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ആളുകൾ എത്തിയിരിക്കാം. അതിന്റെ ഫലമായിട്ടായിരിക്കണം ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിന്റെ തൊട്ടുപിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലും പല ഏഷ്യൻ രാജ്യങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടാവുക.
പ്രതിരോധ ശേഷി ഇല്ലാതാക്കുമെന്നതാണ് 30 തവണയിലധികം വകഭേദം വന്ന വൈറസിനെ മാരകമാക്കുന്നത്. ലോകരാജ്യങ്ങളെല്ലാം രോഗവ്യാപനം തടയുവാൻ നടപടി ആരംഭിച്ചിട്ടുണ്ട്. അതിന്റ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു പല രാഷ്ട്രങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. ഒമിക്രോൺ തടയാൻ എന്തുണ്ട് മാർഗം എന്നതാണ് ലോകത്തെ ഇപ്പോൾ അലട്ടുന്നത്.
ലോക വിപണി ഉണർന്നുവരികയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുഘട്ടത്തിലാണ് ലോകത്തെ വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട് കൊറോണ വൈറസിന്റെ ഏറ്റവും കൂടുതൽ മാരകമായ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. തീർച്ചയായും ഇതു നമ്മുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിച്ചേക്കാം. വരും ദിവസങ്ങളിലായിരിക്കാം ഇതിന്റെ പ്രത്യാഘാതങ്ങൾ എത്രത്തോളമെന്നറിയുക. ഇന്ത്യയിൽ ആർക്കെങ്കിലും ഒമിക്രോൺ ബാധിച്ചിട്ടുണ്ടോ എന്നറിയുക അപ്പോഴായിരിക്കും. അതിന് കാത്തുനിൽക്കാതെ ഇപ്പോൾ തന്നെ പൊതുസമൂഹം അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കൊവിഡ് പോയി എന്ന ധാരണയിൽ ഇതുവരെ പുലർത്തിപ്പോന്ന ജാഗ്രത പലരും ഉപേക്ഷിച്ച നിലയിലാണ്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ പ്രതിരോധ, നിരീക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ പൊതുസമൂഹം കൂടുതൽ കരുതൽ എടുക്കേണ്ടിയിരിക്കുന്നു. മാസ്ക് ധരിച്ചും കൈകൾ പല പ്രാവശ്യം സോപ്പോ സാനിറ്റൈസർ ഉപയോഗിച്ചോ കഴുകിയും ശുദ്ധമാക്കണം. ആളുകളിൽ നിന്നും നിശ്ചിത അകലം പാലിക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. മറ്റൊരു ലോക്ക്ഡൗൺ കൂടി വരാതിരിക്കാനുള്ള മുൻകരുതലുകളും ജാഗ്രതയും ഇപ്പോൾ തന്നെ തുടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."