ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്. ബോംബെ ഐ.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ് അഗ്രവാള്‍. ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗ്രവാളിനെ സിഇഒ ആയി തീരുമാനിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു.
ജാക്കിനും ടീമിനും നന്ദി അറിയിച്ച് പരാഗ് അഗ്രവാള്‍ ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലോകം നമ്മളെ ഉറ്റുനോക്കുന്ന കാലമാണിത്. ട്വിറ്ററിന്റെ അനന്ത സാധ്യതകള്‍ നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കാമെന്നും പരാഗ് അഗ്രവാള്‍ ജീവനക്കാരോട് പറഞ്ഞു.
ബോംബെ ഐഐടിയിലെ പഠനത്തിനു ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പരാഗ് അഗ്രവാള്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറിലാണ് പരാഗ് ആഡ്‌സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമായത്. 2017ല്‍ ചീഫ് ടെക്‌നോളജി ഓഫിസറായി. സുന്ദര്‍ പിച്ചൈ, സത്യ നദെല്ല തുടങ്ങിയ ഇന്ത്യന്‍ വംശജരായ സിലിക്കണ്‍ വാലി സിഇഒമാരുടെ നിരയിലേക്ക് പരാഗ് അഗ്രവാളും എത്തുകയാണ്.
ഡോര്‍സി നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സഹസ്ഥാപകന്‍ മുതല്‍ സി.ഇ.ഒ വരെയുള്ള 16 കൊല്ലം നീണ്ട സേവനത്തിനു ശേഷം കമ്പനി വിടാന്‍ തീരുമാനിച്ചെന്ന് ഡോര്‍സി ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്‌ക്വയറിന്റെ ചുമതല കൂടി വഹിക്കുന്നെന്നും ആരോപിച്ച് അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."