കർഷകർക്ക് മാസം 5,000 രൂപ വരെ പെൻഷൻ; നാളെ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം
സംസ്ഥാനത്തെ കർഷകർക്ക് പ്രതിമാസം 5,000 രൂപ വരെ പെൻഷൻ ലഭ്യമാക്കുന്ന കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം. അപേക്ഷിക്കാനുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും.
ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്ക്കണം. ആറുമാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ചും അടയ്ക്കാവുന്നതാണ്. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപ വരെയുള്ള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക് അടയ്ക്കും.
കുടിശ്ശികയില്ലാതെ അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടച്ച കർഷകർക്ക് 60 വയസ് പൂർത്തിയാകുമ്പോൾ പെൻഷൻ ലഭിക്കും.18നും 55നും ഇടയിൽ പ്രായമുള്ള മൂന്നുവർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി കൊണ്ടുനടക്കുന്നവരാണ് അപേക്ഷിക്കാൻ അർഹർ. അപേക്ഷകർ മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമായിരിക്കരുത്. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അപേക്ഷകർ അഞ്ചുസെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള അഞ്ചുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരായിരിക്കണമെന്ന നിബന്ധനയുണ്ട്. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്‌സറി നടത്തിപ്പ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി എന്നിവയെ പരിപാലിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."