ബി.ജെ.പിയെ തോൽപ്പിക്കുക: കർഷക മഹാപഞ്ചായത്ത്
മുംബൈ
വിവിധ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കർഷക മഹാപഞ്ചായത്തിൻ്റെ ആഹ്വാനം.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൻ്റെ വിജയം ആഘോഷിക്കാനാണ് ഞായറാഴ്ച കർഷകർ ഒത്തുകൂടിയത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
അടിസ്ഥാന താങ്ങുവില വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്ന് മഹാപഞ്ചായത്തിൽ സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. താങ്ങുവില ഉറപ്പുവരുത്താൻ സർക്കാർ നിയമം പാസാക്കണം. ഇല്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ വലിയ പ്രക്ഷോഭത്തിന് സർക്കാർ സാക്ഷിയാകേണ്ടി വരും. നാലു ലക്ഷം ട്രാക്ടറുകൾ ചെങ്കോട്ടയിൽ അണിനിരക്കും. കാർഷിക, തൊഴിൽ മേഖലകളിൽ കൂടുതൽ പരിഗണന ആവശ്യമാണ്. ഇതിലേക്ക് ശ്രദ്ധതിരിക്കാൻ തങ്ങൾ രാജ്യവ്യാപകമായി യാത്ര ചെയ്യും. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ആസാദ് മൈതാനിയിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ഡോ. ദർശൻ പാൽ, ഹന്നാൻ മൊല്ല, യുദ്ധ് വീർ സിങ്, തുടങ്ങിയ നേതാക്കളും മഹാപഞ്ചായത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."