കർഷകർ രാജ്യത്തെ പഠിപ്പിച്ചത്
മോദി സർക്കാരിൻ്റെ കോർപറേറ്റ് ചങ്ങാത്തം പരസ്യമായ വസ്തുതയാണ്.കോർപറേറ്റ് അനുകൂല തീരുമാനങ്ങളെടുക്കുമ്പോൾ അത് എത്ര ജനദ്രോഹമാണെങ്കിലും പിൻവാങ്ങാൻ ബി.ജെ.പി ഭരണകൂടം തയാറാവാറില്ല. പ്രതിഷേധങ്ങളെ പ്രസ്താവനകളിലൂടെയും കേസിൽ കുടുക്കിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ മോദിയുടെ അധികാര പ്രവേശനത്തിൻ്റെ തുടക്കം മുതൽ ആരംഭിച്ചതാണ്. എന്നാൽ ആ തന്ത്രങ്ങളും അനുഭവങ്ങളും കർഷകർക്ക് മുമ്പിൽ അടിയറവുവയ്ക്കാൻ ഭരണകൂടം നിർബന്ധിതരായിരിക്കുകയാണ്.
കാർഷിക നിയമങ്ങൾ ദുർബലപ്പെടുത്തിയുള്ള ബിൽ പാർലമെന്റിൽ ചർച്ച കൂടാതെ പാസാക്കാൻ ബി.ജെ.പി ശാഠ്യം പിടിച്ചെങ്കിലും അവരുടെ മുഖത്തും വാക്കുകളിലും തങ്ങൾക്ക് പറ്റിയ ജാള്യത പ്രകടമായിരുന്നു. തങ്ങളുടെ ക്രൂരമായ നടപടികൾ രാജ്യത്ത് ചർച്ച ചെയ്യുമെന്നും രാജ്യത്തിന് മുമ്പിൽ അവരെ തുറന്നുകാട്ടുന്നതിൽ പ്രതിപക്ഷത്തിന് അവസരം ഉണ്ടാകുമെന്നും അതിപ്പോൾ സഹിക്കാനാകുന്നതല്ലെന്നുമുള്ള ഭയപ്പാടാണ് ബി.ജെ.പിയെ ഈ സമീപനമെടുക്കാൻ പ്രേരിപ്പിച്ചത്. പാർലമെന്റിൽ ചർച്ച അനുവദിച്ചില്ലെങ്കിലും ബി.ജെ.പി പഠിക്കേണ്ടിയിരുന്ന പാഠവും അതോടൊപ്പം തന്നെ രാജ്യം പഠിക്കേണ്ട ചില പാഠങ്ങളുടെ ആമുഖവും പ്രബുദ്ധരായ കർഷകർ എഴുതിച്ചേർത്തിരിക്കുകയാണ്.
പാർലമെന്റ് കൂടുന്നതിന്റെ ഏതാനും ദിവസങ്ങൾക്കു മുമ്പ് മറ്റൊരു പാർലമെന്റ് ജന്തർ മന്ദർ റോഡിൽ കൂടിയിരുന്നു. അതിനെ കർഷകർ കിസാൻ പാർലമെന്റ് എന്നു വിളിച്ചു. ഈ കിസാൻ പാർലമെന്റ് എന്ന നിലയിൽ അവർ വിളിച്ചുകൂട്ടിയ വലിയ ജനകീയ പങ്കാളിത്തമുള്ള സമരമുഖം അന്ധരും ബധിരരുമായ ബി.ജെ.പിയുടെ കണ്ണ് തുറപ്പിക്കേണ്ടതായിരുന്നു. മാത്രമല്ല, ഇന്നത്തെ ഈ പാർലമെന്റിൽ വലിയ പണ്ഡിതന്മാരും യോഗ്യന്മാരും എല്ലാമുള്ള ഒരു സദസിൽ അവർക്ക് പാർലമെന്റ് സിസ്റ്റത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്നതിനേക്കാൾ ഉപരിയായി നാട്ടിൻപുറത്തെ നിഷ്‌കളങ്കരായ കൃഷിക്കാർക്ക് എന്താണ് പാർലമെന്റ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഒന്നാം പാഠം എഴുതി ചേർക്കുകയായിരുന്നു കർഷകർ. ഈ സമരത്തിന്റെ ഭാഗമായി ജീവൻ ബലിയർപ്പിക്കപ്പെട്ടിട്ടുള്ള എഴുന്നൂറിൽപരം പാവപ്പെട്ട കൃഷിക്കാർക്ക് ഏതാനും ഭാഗങ്ങളിലൂടെ എങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയാതെ പോയെന്ന രാഷ്ട്രീയ ദുഃഖം ബാക്കിനിൽക്കുന്നു.
ഞങ്ങൾ ലേഖിംപൂരിൽ പോയി കണ്ട കാര്യങ്ങൾ വീണ്ടും ഓർത്തുപോകുകയാണ്. മന്ത്രി പുത്രന്റെ കാർ ഇടിച്ചുകൊന്ന കുടുംബത്തിന്റെ അടുത്തും അവിടെത്തന്നെയുള്ള മറ്റൊരു രക്തസാക്ഷിയുടെ വീട്ടിലുമെല്ലാം ഞങ്ങൾ പോയിരുന്നു. തങ്ങളെ പെരുമ്പറയടിച്ചു പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെ ആരവങ്ങൾക്ക് നടുവിൽ ആഘോഷപൂർവം കഴിയുന്നതിനിടയിൽ ആ ഒഴുകിവരുന്ന കണ്ണുനീരിന് മറുപടി പറയാൻ ബി.ജെ.പിക്കാകില്ല. അന്നദാതാക്കളുടെ സമരമെന്ന് കുറെയെങ്കിലും പത്രങ്ങൾ വിശേഷിപ്പിച്ച ഇന്ത്യയിലെ മർദിത ജനവിഭാഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായ സമരം സംബന്ധിച്ച് ആരും ഇനി മിണ്ടരുതെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കിലും ആയിരം നാവുകളുടെ ശക്തിയോടെ അവർ രാജ്യത്ത് ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
ബി.ജെ.പി എന്തെല്ലാം അപരാധങ്ങളാണ് കൃഷിക്കാർക്ക് നേരെ പറഞ്ഞതെന്ന് നമുക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ്. അവർ പറഞ്ഞു ഇത് ഇടനിലക്കാർക്ക് വേണ്ടിയുള്ള സമരമാണ്. സാധാരണ കൃഷിക്കരുടേതല്ല എന്നാണ് പ്രചരിപ്പിച്ചത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് സാമ്പത്തിക വിദഗ്ധർ നടത്തിയ പഠന പ്രകാരം കാർഷിക സമരത്തിൽ മരിച്ച ആളുകൾ നന്നേ ദാരിദ്രന്മാരും പ്രാന്തവൽക്കരിക്കപെട്ടവരുമായിരുന്നുവെന്നാണ്. ചിലർക്കൊന്നും ഭൂമിതന്നെയില്ല മറ്റു ചിലർക്കാകട്ടെ ഏതാനും തുണ്ടം ഭൂമി മാത്രമാണ് ഉള്ളത്. പാവങ്ങളെ വൻകിട പ്രമാണിമാർക്ക് ഞെരിച്ചുകൊല്ലാൻ അവസരം കൊടുത്ത ബി.ജെ.പിയുടെ തന്ത്രം പാളുകയായിരുന്നു. ഈ മണ്ണിൽ ജനിച്ചവരാണ് ഞങ്ങൾ എന്നും ഞങ്ങൾക്ക് ശേഷം വരാനുള്ള തലമുറയ്ക്ക് വേണ്ടി ഈ മണ്ണിൽ വച്ചുതന്നെ മരിക്കേണ്ടി വന്നാലും അതിന് തയാറാണ് എന്നുമുള്ള അവരുടെ അടിയുറച്ച പ്രഖ്യാപനവും നടപടികളും ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു ധീരതയുടെ പര്യായാമായിരുന്നു. ഈ സമരത്തിൽ മരിച്ചവരുടെ ശരാശരി വയസ്സ് 57 ആണെന്ന് ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. അതോടപ്പം തന്നെ കൂട്ടിച്ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യം കുട്ടികളും പ്രായം ചെന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നുള്ളത് കൂടിയാണ്. ഒക്ടോബർ മാസത്തിൽ പഞ്ചാബിലെ മാൻസ ജില്ലയിൽ അതിവേഗം കടന്നുപോയ ടെമ്പോ ട്രക്കിന്റെ താഴെ മൂന്നു പ്രായം ചെന്ന സ്ത്രീകൾ പിടഞ്ഞു മരിച്ചതും നമുക്ക് മറക്കാവുന്നതല്ല.
ഫാസിസ്റ്റുകൾ എന്നും കൈമുതലാക്കിയിട്ടുള്ള ഒരു വിദ്യ ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നുള്ളതാണ്. ബി.ജെ.പി തങ്ങളുടെ വൻകിടക്കാരോടുള്ള സ്‌നേഹവും ദുർബലരായ കൃഷിക്കാരോടുള്ള ക്രൂരതയും മറച്ചുവയ്ക്കാനായി പറഞ്ഞിരുന്ന എല്ലാ കള്ളക്കഥകളും ഈ സമരത്തിന്റെ അവസാനഘട്ടത്തിൽ തകർന്നുവീഴുകയാണ്. തങ്ങൾ അച്ചാരം വാങ്ങിച്ച ബഹുരാഷ്ട്ര കുത്തകകളുടെ കാൽക്കൽ പാവപ്പെട്ട ഏതാനും കൃഷിക്കാരെ ബലികൊടുപ്പിക്കാൻ അവർക്ക് കഴിഞ്ഞെങ്കിലും അവരുടെ താൽപര്യത്തിന് മുമ്പിൽ മുട്ടുമടക്കുകയല്ലാതെ രക്ഷയില്ലെന്ന ബി.ജെ.പി പഠിച്ച പാഠം ലോകം അറിയാതിരിക്കുക എന്നുള്ളത് അവരുടെ മറ്റൊരു ദുഷ്ടലാക്കാണ്.
സമരക്കാരെ അവർ എന്തെല്ലാം വിളിച്ചു. ആ സമരഭൂമിയിൽ നേരിട്ടുപോകുവാനും അവരോടപ്പം അൽപസമയം കഴിച്ചുകൂട്ടുവാനും അവസരമുണ്ടായ ഒരാളാണ് ഞാൻ. പാടത്തു പണിയെടുക്കുന്നവന്റെ കർമ്മശേഷി ഇല്ലായിരുന്നുവെങ്കിൽ അവർക്ക് എന്നോ പിരിഞ്ഞുപോകേണ്ടി വരുമായിരുന്നു. ബി.ജെ.പി പ്രചരിപ്പിച്ചത് സമരക്കാർ അതിർത്തികളെല്ലാം തന്നെ അടച്ചു കെട്ടി പ്രവേശനം ഇല്ലാതാക്കി എന്നാണ്. പക്ഷേ ആരാണ് വഴി മുടക്കിയത്? പടുകൂറ്റൻ സിമന്റ് കട്ടകളും പല തട്ടുകളായിട്ടുള്ള ബാരിക്കേഡുകളും വിലങ്ങനെ ഇട്ടേച്ചുപോയിട്ടുള്ള വൻ ട്രക്കുകളും റോഡിൽ മറ്റു തടസങ്ങളും ഒരുക്കിയത് സർക്കാരായിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്നത് കൃഷിക്കാരാണെന്ന് വരുത്തിതീർക്കാൻ കള്ളക്കഥകൾ കർമപഥത്തിൽ കൊണ്ടുവരികയായിരുന്നു.
പക്ഷേ ഈ സമരം പാഠം പഠിപ്പിക്കുന്നത് ബി.ജെ.പിയെ മാത്രമല്ല. നല്ല ഒരു ഉദ്ദേശവും കൃത്യമായ യോജിപ്പും പ്രകടമാക്കി പറയുന്ന സംഗതിയല്ലാത്ത മറ്റൊരു ഒളിയജൻഡയും ഇല്ലാതെ ഒരു ജനകീയ മുന്നേറ്റത്തെ എപ്രകാരം വിജയത്തിലേക്കു എത്തിക്കുമെന്ന പാഠം ബി.ജെ.പിയെ പോലെ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന ഒന്നാണ്.
സമരം അവസാനിക്കാൻ ഇനിയുമായിട്ടില്ലെന്നും കുറഞ്ഞ താങ്ങുവില സംബന്ധിച്ച തീരുമാനമുണ്ടായാൽ മാത്രമേ സമരം പിൻവലിക്കുകയുള്ളൂ എന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരത്തിന്റെ സുപ്രധാനമായ ഒരു മഹാസഭ മുംബൈയിലെ ആഥർ മൈതാനിയിൽ നടന്നിരുന്നു. സമരത്തിന്റെ നേതാവ് രാകേഷ് ടിക്കായത് അന്ന് പറഞ്ഞത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം തന്നെ പറഞ്ഞിരുന്ന ആശയം ദേശീയതലത്തിൽ ഒരു താങ്ങുവില സംബന്ധിച്ച നയമുണ്ടാക്കും എന്നായിരുന്നു. ഇന്ന് അദ്ദേഹം അത് പാടെ മറക്കുന്നു എന്നതാണ്.
ബി.ജെ.പി കൃഷിക്കാരെയടക്കം ദ്രോഹിക്കുന്നതിനുവേണ്ടി ഏത് കാലത്തും ഉപയോഗിച്ചിട്ടുള്ള ക്രൂരമായ കാടൻ നിയമങ്ങൾ ഇവിടെയും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ എന്നതിന്റെയെല്ലാം പേരിൽ ഒട്ടനവധി പേരുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. ഒരു കുറ്റവും ചെയ്യാത്തവരുടെ പേരിൽ ഉപയോഗിക്കുവാൻ ലോകത്തെ ക്രൂരരായ ഭരണാധികാരികൾ പോലും ചെയ്യാത്ത കാര്യമാണ് ബി.ജെ.പി ചെയ്തിട്ടുള്ളത്. പല കാർഷിക സംഘടനകളുടെയും പേരിൽ എൻ.ഐ.എ വളരെ വലിയ അപരാധങ്ങൾ ചേർത്ത് കേസ് എടുത്തിട്ടുണ്ട്.
ഇനിയും പരിഹരിച്ചെടുക്കാനുള്ള നിരവധി കാര്യങ്ങൾ ബാക്കിയാണ്. ജീവൻ നഷ്ടപെട്ടവരുടെ കുടുംബങ്ങൾക്ക് എന്ത് നഷ്ടപരിഹാരമാണ് നൽകാൻപോകുക എന്ന കാര്യം ഇനിയും ചർച്ചക്കെടുത്തിട്ടില്ല. മന്ത്രി പുത്രനെ ന്യായീകരിച്ച മന്ത്രിയുടെ പേരിൽ എന്ത് നടപടിയാണ് എടുക്കാൻ പോകുകയെന്ന് വ്യക്തമാക്കിയിട്ടില്ല. താങ്ങുവിലയുടെ കാര്യത്തിൽ എന്ത് ചെയ്യാൻ പോകുന്നു എന്നും പറഞ്ഞിട്ടില്ല. ഇവർക്ക് നേരെ കള്ളക്കഥകൾ ചുമത്തിയെടുത്തിട്ടുള്ള കേസുകൾ അവസാനിപ്പിച്ചുള്ള ക്ലോഷർ റിപ്പോർട്ട് സർക്കാർ നൽകാൻ പോകുമോ അതല്ല ഇനിയുള്ള കാലം കൂടി അവർക്കെതിരേ ദ്രോഹിക്കാനുള്ള ആയുധമായി ഇത് ഉപയോഗിക്കാനാണോ ബി.ജെ.പി ശ്രമിക്കുന്നതെന്നും സംശയങ്ങൾ രാജ്യ വ്യാപകയി ഉയർന്നിട്ടുണ്ട്.
ബി.ജെ.പി ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരാനുള്ള സൂത്രവിദ്യയായി ഇത് പ്രയോഗിക്കില്ലേ എന്നും തുടർന്നും തങ്ങൾക്ക് പ്രീണനം നൽകാൻ ബാധ്യസ്ഥരായവരുടെ താൽപര്യത്തിന് വേണ്ടി കർഷകരെ ബലികൊടിക്കാൻ അവർ വഴിയൊരുക്കില്ലേ എന്നുമുള്ള സംശയങ്ങളും ബാക്കിയുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരായ മറുപടി രാജ്യത്തിന് മുമ്പിൽ അവർ പറയേണ്ടിവരുമെന്നും അത് അവരുടെ തന്നെ വോട്ടു ബാങ്കിനെ ബാധിക്കുമെന്നും ഇക്കാണിച്ച തന്ത്ര വിദ്യകൊണ്ടൊന്നും ഈ വിഷമവൃത്തത്തിൽനിന്നു രക്ഷനേടാൻ അവർക്ക് കഴിയില്ലെന്ന സൂചനയും ബാക്കി നിൽക്കുകയാണ്. ഇന്ത്യ മഹാരാജ്യത്തിന് തന്നെ മഹത്തായ പാഠം നൽകിയ പ്രബുദ്ധരായ കർഷകർക്ക് അഭിവാദനങ്ങൾ. ഈ രണഭൂമിയിൽ ജീവാർപ്പണം നടത്തിയ മണ്ണിന്റെ മക്കൾക്ക് ആദരാഞ്ജലികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."