മുതിർന്ന നേതാക്കൾ ഇടഞ്ഞു തന്നെ കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിനെ സമീപിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
യു.ഡി.എഫ് യോഗം ബഹിഷ്കരിച്ച് തങ്ങളുടെ പ്രതിഷേധം പരസ്യമാക്കിയ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാടുകൾക്കെതിരേ കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിനെ സമീപിക്കും.
വിഷയം മുന്നണിക്കുള്ളിലെ കക്ഷികളിലും അതൃപ്തിയുണ്ടാക്കിയതോടെയാണ് ഹൈക്കമാൻഡിനെ സമീപിക്കാൻ നേതൃത്വം തീരുമാനമെടുത്തത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇതു സംബന്ധിച്ച് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി സംസാരിച്ചതായും അറിയുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളും എ, ഐ ഗ്രൂപ്പുകളുടെ തലവൻമാരുമായ ഉമ്മൻചാണ്ടിയും
ചെന്നിത്തലയും
സ്ഥാനമാനങ്ങളുടെ പേരിൽ പാർട്ടിയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമായിരിക്കും കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡ് മുമ്പാകെ ഉന്നയിക്കുക. ഇവരുടെ നേതൃത്വത്തിൽ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പുറത്തുവിടുവിടുന്നുവെന്ന പരാതിയും നേതൃത്വത്തിനുണ്ട്.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ കലഹം കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്ക് ചുമതലകൾ നിശ്ചയിച്ചു നൽകിയതോടെയാണ് കൂടുതൽ രൂക്ഷമായത്. ഇതിനിടയിൽ പുനഃസംഘടന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി സംസാരിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. തുടർന്നാണ് യു.ഡി.എഫ് യോഗം ബഹിഷ്കരിക്കുന്ന നിലപാടിലേക്ക് നേതാക്കൾ എത്തിയത്.കഴിഞ്ഞ ദിവസം രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന് നിയമസഭയിലെത്തി വോട്ട് ചെയ്തിട്ടും തൊട്ടപ്പുറത്തെ കൻ്റോൺമെൻ്റ് ഹൗസിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ ഇരുവരും എത്താതിരുന്നതോടെയാണ് കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം ഇത്രയും രൂക്ഷമാണെന്ന് പുറംലോകമറിഞ്ഞത്. ഇതു സംബന്ധിച്ച് വാർത്തകൾ വന്നിട്ടും പ്രതികരിക്കാൻ രണ്ടു നേതാക്കളും തയാറായിട്ടില്ല.
അതിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ ചെന്നിത്തല നയിക്കുന്ന ജനജാഗരൺ അഭിയാൻ പദയാത്ര ഇന്നലെ ആലപ്പുഴയിലെ പൊന്നാംവെളിയിൽ തുടങ്ങി. താഴേത്തട്ടിൽ പരമാവധി പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും ഒപ്പം കൂട്ടി നേതൃത്വത്തിനെതിരേ പ്രതിഷേധിക്കുകയെന്ന ശൈലിയിലേക്കാണ് മുതിർന്ന നേതാക്കൾ എത്തുന്നത്. എന്നാൽ ഇവരുടെ അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് കെ. സുധാകരൻ്റെയും സതീശൻ്റെയും നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."