തൃക്കാക്കര നഗരസഭാ യോഗത്തിലെ കൂട്ടയടി; സി.പി.ഐ, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍
തൃക്കാക്കര: തൃക്കാക്കര നഗരസഭയില്‍ ഇന്നലെയുണ്ടായ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. സി.പി.ഐ നേതാവും മുന്‍സിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എം.ജെ ഡിക്സന്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെയര്‍ പേഴ്സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് എം ജെ ഡിക്സണെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ആക്രമിച്ചതിനാണ് സി സി വിജുവിനെ അറസ്റ്റ് ചെയ്തത്.
നഗരസഭാ അധ്യക്ഷയുടെ ക്യാബിന് നവീകരണത്തിന് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ തവണ ഓണക്കോടിക്കൊപ്പം പണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ക്യാബിന്റെ പൂട്ട് പൊളിഞ്ഞത്. ഈ പൊളിച്ച പൂട്ട് മാറ്റുന്നതിനുള്ള പണം പാസാക്കുന്നതായിരുന്നു വിഷയം. ഇതു പാസാക്കാനാവില്ല എന്ന് പ്രതിപക്ഷാംഗങ്ങള്‍ നിലപാടെടുത്തു.
ആരാണ് പൂട്ടു പൊളിച്ചത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അവരില്‍ നിന്നു പണം ഈടാക്കണം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനെ സംബന്ധിച്ച വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."