ഇതെന്താ പോലിസേ നന്നാവാത്തത് ?ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ ഇങ്ങനെ മത്സരിക്കണോ ?
തിരുവനന്തപുരം: ഇതെന്താ പൊലിസേ നന്നാവാത്തതെന്ന ചോദ്യം വീണ്ടും ചോദിക്കുകയാണ് മലയാളികള്‍ പൊലിസിനോട്. ആലുവയിലെ മോഫിയ പര്‍വീന്റെ മരണത്തില്‍ സി.ഐ സുധീറിനോട് ചോദിച്ച അതേ ചോദ്യം. ആ സംഭവത്തിനുശേഷവും നന്നാവാന്‍ ഉദ്ദേശമില്ല കേരള പൊലിസിനെന്നാണ് വീണ്ടും വീണ്ടും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുറ്റ്യാടിക്കടുത്തു നിന്ന് ഒരു പിതാവ് സ്വന്തം മകള്‍ നേരിട്ട ഭര്‍തൃ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഏതാണ്ട് മോഫിയ പര്‍വീന്‍ നേരിട്ട അതേ പീഡനം. പക്ഷേ അവള്‍ മരിച്ചിട്ടില്ല, ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ല. പ്രതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. പൊലിസ് വേട്ടക്കാര്‍ക്കൊപ്പം നിലകൊണ്ടെന്നാണ് പരാതി.
അടുത്ത വീട്ടിലെ ചാരായം വാറ്റ് എക്‌സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വയോധികയെ പോക്‌സോ കേസില്‍ കുടുക്കിയെന്നാണ് ഏറ്റവും ഒടുവിലുയര്‍ന്ന പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 73 കാരി ശ്രീമതിയാണ് പൊലിസ് നടപടിക്കെതിരെ മുഖ്യമന്ത്രിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിരിക്കുന്നത്. ശ്രീമതിയുടെ മകന്‍ നല്‍കിയ വിവരപ്രകാരം സമീപവാസിയായ സ്ത്രീയെ ചാരായം വാറ്റിയതിന് എക്‌സൈസ് പിടികൂടിയിരുന്നു.
ഇതിന്റെ വിരോധത്തില്‍ അയല്‍ക്കാരി നല്‍കിയ കള്ള പരാതി അന്വേഷിക്കുക പോലും ചെയ്യാതെ പൊലിസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നാണ് ശ്രീമതിയുടെ ആരോപണം. അയല്‍വാസിയുടെ പതിനാലുകാരന്‍ മകനെ ശ്രീമതി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 45 ദിവസമാണ് ശ്രീമതി ജയിലില്‍ കിടന്നത്. വൈദ്യപരിശോധന പോലും നടത്താതെയാണ് പൊലീസ് കേസെടുത്തതെന്ന് ശ്രീമതി പറയുന്നു.
എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് ശ്രീമതിയെ അറസ്റ്റ് ചെയ്തതെന്നാണ് കുളത്തുപ്പുഴ പൊലിസിന്റെ വിശദീകരണം.
രണ്ടാനച്ഛനൊപ്പം ആറ് വയസുകാരിയെയും അമ്മയെയും എത്തിച്ച് പൊലിസിന്റെ മറ്റൊരു ക്രൂരതയും പുറത്തുവന്നത് ഇന്നാണ്. പോക്‌സോ കേസിലെ പ്രതി കണ്‍മുന്നിലുണ്ടായിട്ടും നടപടികള്‍ പൊലിസ് വൈകിപ്പിച്ചുവെന്നാണ് പരാതി. ഇതേ പ്രതിയുടെ പരാതിയില്‍ ഇരയായ കുഞ്ഞിന്റെ അമ്മയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ഉത്സാഹം കാണിക്കുകയും ചെയ്തു. തിരുവനന്തപുരം മലയിന്‍ കീഴിലാണ് സംഭവം. ഇനിയെത്ര മരണങ്ങള്‍ കാണണം ഇവര്‍ക്ക് കേസെടുക്കാന്‍. ഇരകള്‍ക്ക് നീതി കിട്ടാന്‍. ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."