നടപടി കടുപ്പിച്ച് കര്‍ണാടക; ആഫ്രിക്കയില്‍ നിന്നെത്തിയ പത്തു അന്താരാഷ്ട്ര യാത്രക്കാരെ കാണാതായി, എല്ലാവരുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
ബംഗളുരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കാണാതായി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒമിക്രോണ്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവമെന്നതാണ് ഗൗരവതരമായകാര്യം. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
അതീവ ജാഗ്രതയിലാണ് കര്‍ണാടകസംസ്ഥാനം. പുതിയസാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കുകയാണ്.
പൊതുസ്ഥലത്ത് പ്രവേശനം രണ്ടു ഡോസെടുത്തവര്‍ക്കുമാത്രമാക്കി. പൊതുപരിപാടികളോ ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങളോ അനുവദിക്കില്ല. കേരളത്തില്‍ നിന്നുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്തും. മാളുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെനിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവില്‍ എത്തിയത്. ഇതില്‍ 10 പേരുടെ വിലാസം കണ്ടെത്താനായിട്ടില്ല. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.
ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നുവരികയാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഗൗരവ് ഗുപ്ത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."