കുഞ്ഞിരാമന്‍: നഷ്ടമായത് വേവത്തെ സമാധാനപ്രിയന്‍
പാറക്കടവ്: വേവം പാലക്കുന്നത്ത് കുഞ്ഞിരാമന്റെ വിയോഗത്തോടെ നഷ്ടമായതു നാടിന്റെ സമാധാനപ്രവര്‍ത്തകനെ. വേവം പ്രദേശത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും ആദരവും ബഹുമാനവും നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എന്നും കുഞ്ഞിരാമന്‍ മുന്നിലുണ്ടായിരുന്നു.
ചെക്യാട് പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പങ്കുവഹിച്ച കുഞ്ഞിരാമന്‍ ദീര്‍ഘകാലം സി.പി.എം ചെക്യാട് ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂനിയന്‍ നാദാപുരം ഏരിയാ കമ്മിറ്റി അംഗം, ചെക്യാട് സര്‍വിസ് സഹകരണ ബാങ്ക് ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണ വാര്‍ത്തയറിഞ്ഞു നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനു പേര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തി. ഇ.കെ വിജയന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ്, ജില്ലാ പഞ്ചായത്ത് അംഗം പുന്നക്കല്‍ അഹമ്മദ്, ഇ.വി മഹ്മൂദ്, വി.കെ ഭാസ്‌കരന്‍ അനുശോചിച്ചു.
ഭാര്യ: കല്യാണി. മക്കള്‍: വിനോദന്‍(ദുബൈ), അനില്‍(ദുബൈ), അനിത. മരുമക്കള്‍: പ്രതിഭ, ഷൈമ, പവിത്രന്‍(തൂണേരി). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ദേവി, ചന്ദ്രന്‍, ബാലന്‍, കുമാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."