സഊദിയിലേക്ക് എയർ ബബ്ൾ കരാർ ഇല്ലാത്തത് യാത്രാ പ്രതിസന്ധി രൂക്ഷമാക്കുന്നു
റിയാദ്: കേരളം ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് യാത്രാ ദുരിതം തുടരുന്നു. ഡിസംബർ ഒന്ന് മുതൽ എല്ലാ ഇന്ത്യക്കാർക്കും അനുമതി നൽകിയെങ്കിലും അത് ഉപയോഗപ്പെടുത്താനാകാത്ത സ്ഥിതിയിലാണ് ഇന്ത്യൻ പ്രവാസികൾ. നിരവധി പേർ യാത്രക്കായി ഒരുങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങൾ ഇല്ലാത്തതും എയർ ബബ്ൾ കരാർ ഇല്ലാത്തതിനാൽ വിമാന സർവീസ് നേരിട്ട് നടത്താൻ കമ്പനികൾക്ക് കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇപ്പോഴും പതിവ് പ്രസ്താവനയുമായി രംഗത്തെത്തുന്നതും പ്രതിഷേധത്തിന് വഴി വെച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയുമായി 31 രാജ്യങ്ങൾ എയർ ബബ്ൾ കരാർ പ്രകാരം സർവീസ് നടത്തുന്നുണ്ട്. അതിൽ 5 ജിസിസി രാജ്യങ്ങളും ഉണ്ടെങ്കിലും സഊദി അറേബ്യ പുറത്താണ്. ഈ മാസം പകുതിയോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം വന്നതോടെ വിമാന സർവ്വീസുകൾ സാധാരണ നിലയിലാകുമെന്നും അതോടൊപ്പം യാത്രാ പ്രതിസന്ധി മാറുമെന്നുമായിരുന്നു സഊദി പ്രവാസികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഈ തീരുമാനം മാറ്റി വെച്ചപ്പോൾ എയർ ബബ്ൾ ഇല്ലാത്തതിനാൽ ഇവർ പ്രതിസന്ധിയിലാവുകയായിരുന്നു.
നിലവിൽ എല്ലാ ഗൾഫ് രാജ്യങ്ങളുമായി എയർ ബാബ്ൾ കരാറിൽ ഏർപ്പെട്ട ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അധിവസിക്കുന്ന സഊദിയുമായി ഇത്തരമൊരു കരാറിൽ ഏർപ്പെടാൻ സാധിക്കാത്തത് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഭരണ കൂടത്തിന്റെയും നയതന്ത്ര പരാജയമാണ് കാണിക്കുന്നത്. ഈ പ്രതിസന്ധിയിൽ നിന്ന് എന്ന് കര കയറാനാകുമെന്നാണ് സഊദി പ്രവാസികൾ ഉറ്റു നോക്കുന്നത് ഇന്ത്യയുമായി എയർ ബബിൾ കരാർ പ്രകാരം സർവീസ് നടത്തുന്നതിനുള്ള നിർദ്ദേശം സഊദിയടക്കം 10 രാജ്യങ്ങൾക്ക് അയച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഏറ്റവും ഒടുവിൽ അറിയിച്ചത്.
ലോക്സഭയിൽ സഊദി സർവീസുമായി ബന്ധപ്പെട്ട് ഇ ടി മുഹമ്മദ് ബഷീർ എം പി ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയവെ കേന്ദ്ര വ്യോമായാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എയർ ബബ്ൾ കരാർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിനു രാജ്യങ്ങളുടെ മറുപടി പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."