ഗുരുഗ്രാമിൽ ജുമുഅ നടക്കുന്നിടത്തും ജയ്ശ്രീറാം വിളി
ഗുരുഗ്രാം
ഗുരുഗ്രാമിൽ ജുമുഅ നിസ്‌കാരം നടക്കുന്നിടത്ത് സംഘടിച്ചെത്തിയ സംഘ്പരിവാറുകാർ ജയ്ശ്രീറാം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കനത്ത പൊലിസ് സംരക്ഷണത്തിലായിരുന്നു നിസ്‌കാരം. ആഴ്ചകളായി ഗുരുഗ്രാമിൽ ജുമുഅ നിസ്‌കാരം നടത്തുന്നത് സംഘ്പരിവാർ തടയുന്നുണ്ട്. ഇന്നലെ സെക്ടർ 37ലാണ് സംഘ്പരിവാർ പ്രവർത്തകർ ഭീഷണി മുഴക്കിയത്. ജയ് ശ്രീറാം വിളിച്ചെത്തിയ ഇവർ നിസ്‌കാരം നടക്കുന്നതിന്റെ 30 മീറ്റർ അടുത്തെത്തി. സംഭവത്തെ തുടർന്ന് ആറു പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.
പൊലിസ് സ്റ്റേഷനോട് ചേർന്നാണ് നിസ്‌കാരത്തിന് അനുമതി ഉണ്ടായിരുന്ന പ്രദേശം. ഇവിടെ ശക്തമായ പൊലിസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽ ഏതാനും സംഘ്പരിവാർ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി നിസ്‌കാര സ്ഥലത്തേക്ക് എത്തുന്നതും പൊലിസ് മനുഷ്യച്ചങ്ങല തീർത്ത് പ്രതിരോധിക്കുന്നതും കാണാം. നിസ്‌കരിക്കാനെത്തിയവരെ ഇവർ തടഞ്ഞു. നിസ്‌കാരം നടക്കുന്ന ഗ്രൗണ്ടിൽ ഇന്നലെ രാവിലെ പ്രദേശവാസികൾ ട്രക്കുകൾ നിർത്തിയിട്ടിരുന്നു.
നിസ്‌കാരം തടസപ്പെടുത്താനായിരുന്നു ഇത്. തങ്ങൾക്ക് വാഹനം നിർത്താൻ വേറെ സ്ഥലമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ജുമുഅ നിസ്‌കാരത്തിന് അനുമതിയുള്ള 29 പ്രദേശങ്ങളിലൊന്നാണ് സെക്ടർ 37. 2018ൽ സമാനരീതിയിൽ ഇവിടെ സംഘർഷമുണ്ടായതിനെ തുടർന്നാണ് പ്രത്യേക സ്ഥലങ്ങളിൽ നിസ്‌കാരത്തിന് അനുമതി നൽകിയത്. എല്ലാവർക്കും പ്രാർഥിക്കാൻ അവകാശമുണ്ടെന്നും റോഡ് തടസപ്പെടുത്താൻ പാടില്ലെന്നു മാത്രമാണ് നിബന്ധനയെന്നും ഹരിയാന മുഖ്യമന്ത്രി എം.എൽ ഖട്ടാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."