ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ അഫ്ഗാന് മത്സരം ഇന്ന്
ഗുവാഹത്തി: അമേരിക്കയില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിലേക്കും 2027ല്‍ നടക്കുന്ന എ.എഫ്.സി ചാംപ്യന്‍ഷിപ്പിലും കണ്ണുവെച്ച് ഇന്ത്യ ഇന്ന് യോഗ്യതക്കായി അഫ്ഗാനിസ്ഥാനെ നേരിടുന്നു. ഹോം മത്സരത്തിലാണ് ഇന്ത്യ ഇന്ന് രാത്രി 7ന് ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. സഊദി അറേബ്യയിലെ അബഹയില്‍ നടന്ന എവേ മത്സരം ഗോള്‍ രഹിതമായിട്ടായിരുന്നു അവസാനിച്ചത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചേ തീരു എന്ന അവസ്ഥയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരത്തില്‍നിന്ന് നാലു പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച ഖത്തറാണ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരത്തില്‍നിന്ന് മൂന്ന് പോയിന്റുള്ള കുവൈത്ത് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് യോഗ്യതാ മത്സരത്തിന്റെ അടുത്ത റൗണ്ടില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. സഊദിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യനിരയില്‍ ഇന്ത്യ പന്ത് കൈവശം വെച്ച് കളിക്കുന്നുണ്ടെങ്കിലും ഫൈനല്‍ തേഡില്നിന്ന് ഗോളിലേക്കുള്ള ശ്രമങ്ങള്‍ കുറവായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മത്സരശേഷം ഇക്കാര്യം പരിശീലകന് സ്റ്റിമാച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ആദ്യ മത്സരത്തിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് സ്റ്റിമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് സ്കോര്‍ ചെയ്യുക എന്നതാണ് ഇപ്പോള്‍ ടീമിന് മുന്‍പിലുള്ള പ്രധാനലക്ഷ്യമെന്നും സ്റ്റിമാച്ച് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ രാജ്യത്തിനായുള്ള 150ാം മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
താരത്തിന്റെ 150ാം മത്സരം പ്രമാണിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇന്ന് ഛേത്രിയെ ആദരിക്കുകയും ചെയ്യുന്നുണ്ട്. 2005ല്‍ പാകിസ്താനെതിരേയായിരുന്നു ഛേത്രിയുടെ ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പമുള്ള അരങ്ങേറ്റം. 93 ഗോളുകളുമായി രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്താണ് ഛേത്രിയുടെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."