വേളം, ആയഞ്ചേരി കോള്‍നില വികസന പദ്ധതി പാതിവഴിയില്‍
കുറ്റ്യാടി: വേളം, ആയഞ്ചേരി പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോള്‍നില വികസന പദ്ധതി പാതിവഴിയില്‍. വേളം, ആയഞ്ചേരി തിരുവള്ളൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഏക്കര്‍ കണക്കിനു നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനു പത്തുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.
മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 1,500 ഹെക്ടര്‍ നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനു വേണ്ടി മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചത്. 25 വര്‍ഷം മുന്‍പു വരെ സുഗമമായി കൃഷിയിറക്കിയ നെല്വയലുകളിലുണ്ടായ വെള്ളക്കെട്ടും അട്ട ശല്യവും പായലും കാരണം കര്‍ഷകരെ ഇവിടെ കൃഷിയിറക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. കോള്‍നില വികസനത്തിനായി നബാര്‍ഡിന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്നര കോടി രൂപ ചെലവഴിച്ച തോട് നിര്‍മാണവും ഫാംറോഡ് പണിയും പൂര്‍ത്തീകരിച്ചെങ്കിലും അനുബന്ധ പ്രവൃത്തികള്‍ നിലച്ച മട്ടാണ്.
ജില്ലക്കാവശ്യമായ നെല്ല് ഉല്പാദിപ്പിക്കാന് കഴിയുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു കോള്‍നില വികസനത്തിലൂടെ ലക്ഷ്യംവച്ചത്. എന്നാല്‍, വര്‍ഷം പലതു കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല. കോള്‍നില വികസന പദ്ധതി പൂര്‍ത്തീകരിച്ചു നെല്‍കൃഷിക്കു യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ഉമ്മുല്‍ഖുവൈന്‍ കെ.എം.സി.സി സെക്രട്ടറി അസീസ് ചേരാപുരം, പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്കു നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."