മൃതസഞ്ജീവനി വഴി അവയവദാനം; പി. വനജ ഇനി ജീവിക്കും 5 പേരിലൂടെ
കണ്ണൂര്‍: തലശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി വനജ ഇനി 5 പേരിലൂടെ ജീവിക്കും. കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. കേരളത്തില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ആദ്യമായാണ് മസ്തിഷ്‌ക മരണാനന്തര അവയവദാന പ്രക്രിയ വഴി അവയവം എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വനജയെ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിച്ചത്. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌ക മരണമടഞ്ഞ വനജയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഭര്‍ത്താവ് രാജനും രഹില്‍, ജിതിന്‍ എന്നീ രണ്ട് ആണ്‍മക്കളും അടങ്ങുന്നതാണ് വനജയുടെ കുടുംബം. അവയവദാനത്തിന് മുന്നോട്ട് വന്ന ഭര്‍ത്താവ് രാജനേയും കുടുംബാംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ ദേവിയാണ് അവയവദാന പ്രക്രിയയ്ക്ക് മുന്‍കൈയ്യെടുത്തത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."