'വാക്സിനെടുക്കൂ നേടാം 50,000ത്തിന്റെ സ്മാര്‍ട്ട് ഫോണ്‍'
രാജ്കോട്ട്: കൊവിഡ് വാക്സിനേഷന് പ്രോല്‍സാഹിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ. മെഗാ വാക്സിനേഷന് ക്യാമ്പിലേക്ക് ആളുകളെ എത്തിക്കാനാണ് ഈ അടവ്. ഡിസംബര്‍ നാലിനും 10നും ഇടക്ക് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നവരില്‍ നിന്ന് നറുക്കെടുത്ത് ഒരാള്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. മുന്‍സിപ്പല്‍ കമീഷണര്‍ അമിത് അറോറയാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കുന്ന ആരോഗ്യ കേന്ദ്രത്തിന് 21,000 രൂപയും നല്‍കും. രാജ്കോട്ടില്‍ ഇനി 1.82 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാനുണ്ട്. പ്രത്യേക വാക്സിന് കാമ്പയിന് ദിവസങ്ങളില്‍ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ഗുജറാത്തിലെ മറ്റൊരു നഗരമായ അഹമ്മദാബാദും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം. അതേസമയം ഗുജറാത്തില്‍ കഴിഞ്ഞ ദിവസം കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. സിംബാബ്വെയില് നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."