ഇന്ന് ബാബരി ദിനം; സംഘ് ഭീകരതക്കു മുന്നില്‍ രാജ്യം കീഴടങ്ങിയ 29 ആണ്ടുകള്‍
29 ആണ്ടുകള്‍. സംഘ് ഭീകരത അങ്ങേഅറ്റം അക്രമാസക്തമായി ആര്‍ത്തലച്ച് രാജ്യത്തിന്റെ ഹൃദയത്തിലേക്ക കുന്തമുന ആഴ്ത്തിയിട്ട് 29 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭരണഘടനയെയും ഭരണകൂടത്തേയും നീതിപീഠത്തേയും കാഴ്ചക്കാരാക്കി ഇന്ത്യന്‍ മതേതരത്വത്തിന് മേല്‍ കര്‍സേവകര്‍ താണ്ഡവമാടിയ 29 ആണ്ടുകള്‍. ഒരു ജനതക്കുമേല്‍ ഭീതിയുടെ തീക്കാറ്റ് ആഞ്ഞുവീശിത്തുടങ്ങിയ 29 ആണ്ടുകള്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ബാബരി
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാ നായകനായിരുന്ന മീര്‍ ബാഖി 1528 ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. മസ്ജിദ് നിലകൊള്ളുന്നത് രാമജന്‍മഭൂമിലെ ക്ഷേത്രനിര്‍മിതിക്ക് മേലാണ് എന്ന വാദത്തെ അടിസ്ഥാനമാക്കി മസ്ജിദിനെതിരായ നടന്ന ആക്രമസംഭവം ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് 1853 ലാണ് . 1934 ല്‍ പള്ളി നില്‍ക്കുന്ന സ്ഥലത്തെച്ചൊല്ലി വീണ്ടും സംഘര്‍ഷമുണ്ടാവുകയും പള്ളിയുടെ മതിലും താഴികക്കുടവും തകര്‍പ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ ഇവ പുനര്‍നിര്‍മിച്ചു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട ശേഷമാണ് ബാബരിമസ്ജിദ് ഭൂമിയെക്കുറിച്ചുളള തര്‍ക്കത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവുണ്ടാകുന്നത്. 1949 ല്‍ ഹിന്ദുമഹാസഭാ അംഗങ്ങള്‍ ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ ഒളിപ്പിച്ചു കടത്തി. വിഷയം വീണ്ടും കോടതിയിലെത്തി. മസ്ജിദ് സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഗേറ്റ് താഴിട്ട് പൂട്ടി. അതുവരെ സാമുദായികമായിരുന്ന രാമജന്മഭൂമി അവകാശവാദം 1984 ല്‍ രാഷ്ട്രീയ വിഷയമായി. സംഘപരിവാര്‍ സംഘടനയായ വിഎച്പി മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിജെപി നേതാവായ എല്‍ കെ അദ്വാനി പ്രക്ഷോഭത്തിന്റെ നേതാവായി.
1986 ല്‍ ജില്ലാ ജഡ്ജി മസ്ജിദിന്റെ താഴുകള്‍ ഹിന്ദു ആരാധനയ്ക്കായി തുറക്കാന്‍ ഉത്തരവിട്ടു. പ്രതിരോധത്തിനായി ബാബരി കര്‍മസിമിതിയും രൂപീകരിക്കപ്പെട്ടു. 1989 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് മസ്ജിദ് പരിസരത്ത് വിഎച്പി ക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990 ല്‍ വിഎച്പി പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മിനാരത്തിനുമുകളില്‍ കൊടിനാട്ടി. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ശക്തമായ നിലപാടെടുക്കുകയും പള്ളി സംരക്ഷിക്കപ്പെടുകയും ചെയ്തു. 1991 ല്‍ ബിജെപി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഉത്തര്‍പ്രദേശില്‍ അധികാരത്തിലും എത്തി.
1992 ഡിസംബര്‍ 6
1992 ഡിസംബര്‍ 6 അന്നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാര്‍ സംഘടനകളുടെയും ശിവസേനയുടെയും കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സര്‍ക്കാറിന്റെ പരോക്ഷ പിന്തുണയും യു.പി ഭരിച്ചിരുന്ന കല്യാണ്‍ സിങ് സിങ് സര്‍ക്കാറിന്റെ നേരിട്ടുള്ള സഹകരണവും അതിക്രമത്തിനുണ്ടായിരുന്നു.
കലാപങ്ങള്‍ വംശഹത്യകള്‍
പള്ളി പൊളിച്ച ശേഷം അഴിച്ചു വിട്ട വര്‍ഗീയ കലാപങ്ങളില്‍ രാജ്യമൊട്ടുക്ക് ആയിരക്കണക്കിന് നിരപരാധികള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടു. ഇന്ത്യക്ക് മതേതര ജനാധിപത്യ രാജ്യം എന്ന തലയെടുപ്പും. മസ്ജിദ് തകര്‍പ്പെട്ട ശേഷവും രാജ്യത്തെ നീതിപീഠങ്ങളിലെ വിശ്വാസം കൈവിട്ടില്ല മുസ്‌ലിം ന്യുനപക്ഷങ്ങളും മതേതര ജനാധിപത്യ സമൂഹവും. എന്നാല്‍ ആ വിശ്വാസങ്ങളും തല്ലിക്കെടുത്തപ്പെടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഈ ഭീകരകൃത്യം ആസൂത്രണം ചെയ്തവരോ നടപ്പാക്കിയവരോ ശിക്ഷിക്കപ്പെട്ടില്ല.
ബാബരി വിധി...നീതിയെ കൊന്ന് കുഴിച്ചുമൂടിയ ആ നാള്‍
തീര്‍ത്തും അനീതിപൂര്‍വമായ വിധികളിലൂടെ പള്ളിക്ക് മേലുള്ള മുസ്‌ലിംകളുടെ അവകാശവും ഹനിക്കപ്പെട്ടു.
രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ സംരക്ഷിക്കുന്നതോ ശാശ്വത സമാധാനത്തിലേക്കുള്ള തീര്‍പ്പോ ദിശാ സൂചികയോ ആയിരുന്നില്ല ബാബരി കേസിലെ അന്തിമവിധി. മറിച്ച്, രാജ്യത്തെ സാമൂഹിക സഹവര്‍ത്തിത്വത്തിനും ജനാധിപത്യത്തിനും മതേതരവിശ്വാസത്തിനും കളങ്കം സൃഷ്ടിച്ച ഹിന്ദുത്വ ഭീകര അജണ്ടകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു സുപ്രിം കോടതി വിധി. വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരങ്ങള്‍ക്കൊടുവില്‍ രണ്ടുവര്‍ഷം മുമ്പ് സുപ്രിംകോടതിയില്‍നിന്നുണ്ടായ അന്തിമവിധി ജുഡീഷ്യറിയിലര്‍പ്പിതമായ മുഴുവന്‍ വിശ്വാസ്യതയെയും കീഴ്‌മേല്‍ മറിച്ചു.
2019 നവംബര്‍ 9ന് സുപ്രിംകോടതി ബാബരി മസ്ജിദ് കേസില്‍ ഐകകണ്‌ഠേന വിധി പ്രഖ്യാപിച്ചു. ബാബരിമസ്ജിദ് നിലനിന്ന സ്ഥലം കേസിലെ കക്ഷികളായ ഹിന്ദു സംഘടകള്‍ക്ക് നല്‍കി. പള്ളി നിര്‍മിക്കാനായി കേസിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സുന്നി വഖഫ് ബോഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും ഉത്തവിട്ടു.
ഹിന്ദുത്വ ഭീകരതക്ക് കരുത്തായി വിധി
1528ല്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് എന്ന യാഥാര്‍ഥ്യം അവഗണിച്ച് അവിടെ ക്ഷേത്രമായിരുന്നു എന്ന അവകാശവാദത്തിന് അംഗീകാരം നല്‍കി ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിലൂടെ മഥുരയും വാരാണസിയും കാശിയും മാത്രമല്ല, മുഗള്‍ ഭരണകാലത്തും ടിപ്പുവിന്റെ കാലത്തും പണിത പള്ളികളിന്‍മേലും താജ്മഹലിലുമൊക്കെ 'കര്‍സേവ'കളുടെയും അതിക്രമങ്ങളുടെയും സാധ്യതകളെ സാധൂകരിക്കുകയാണ് സുപ്രിംകോടതി ചെയ്തത്.
മഥുരയിലെ ഈദ് ഗാഹ് മസ്ജിദിന് നേരേ ഹിന്ദുത്വര്‍ കൈയേറ്റശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ബാബരി എന്ന മുറിവ് 29 ആണ്ടായി പകരുന്ന തീരാനോവിനാഴമേറ്റാന്‍ മഥുരയിലെ ഈദ്ഗാഹ് മസ്ജിദിന് ചുറ്റും രാക്ഷസീയ ഭാവം പൂണ്ട് അട്ടഹാസം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു സംഘ് ഭീകരത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."