രണ്ടര വയസുകാരിയുടെ കൊലപാതകം: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി, ഭാര്യയേയും മര്‍ദ്ദിച്ചിരുന്നു, പരാതി നല്‍കിയിട്ടും പൊലിസ് കേസെടുത്തില്ലെന്നും ആരോപണം
മലപ്പുറം: കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലിസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കുഞ്ഞിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലുകളും പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഫായിസിനെതിരെയും പൊലിസിനെതിരെയും ആരോപണവുമായി കുഞ്ഞിന്റെ അമ്മ ഷഹാനത്തിന്റെ സഹോദരി രംഗത്തെത്തിയിരുന്നു. മരിച്ച കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരി റെയ്ഹാനത്ത് ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പൊലിസ് കേസെടുത്തില്ലെന്നും റെയ്ഹാനത്ത് പറയുന്നു. പരാതി പറയാന്‍ പോയപ്പോള്‍ സ്റ്റേഷനില്‍ നിന്നും ആട്ടിയിറക്കുകയാണ് ചെയ്തത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് പൊലിസ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു. അന്ന് പൊലിസ് നടപടിയെടുത്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നുവെന്നും റെയ്ഹാനത്ത് പറഞ്ഞു.
കുഞ്ഞിനെ പിതാവ് നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഫായിസിന്റെ ബന്ധുക്കളായ അയല്‍വാസികളും പറയുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."